എ.ഐ.എഫ്.എഫ്. സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ നിന്ന് കൊല്‍ക്കത്തന്‍ വമ്പന്മാരായ ഈസ്റ്റ് ബംഗാളും പുറത്ത്. ഇന്നു നടന്ന മത്സരത്തില്‍ ഐസ്വാള്‍ എഫ്.സിക്കെതിരേ സമനില വഴങ്ങിയാണ് ഈസ്റ്റ് ബംഗാള്‍ പുറത്തേക്കുള്ള വാതില്‍ തുറന്നത്. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 2-2 എന്ന സ്‌കോറിനാണ് ഇരുടീമുകളും പോയിന്റ് പങ്കിട്ടത്.
ഇന്നത്തെ മത്സരത്തിനു മുമ്പ് തന്നെ ഇരുടീമുകള്‍ക്കും സെമിപ്രതീക്ഷ അവസാനിച്ചിരുന്നതിനാല്‍ മത്സരഫലം ഏറെക്കുറേ അപ്രസക്തമായിരുന്നു. വന്‍ മാര്‍ജിനില്‍ ജയിക്കുകയും ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഒഡീഷ എഫ്.സിയും ഹൈദരാബാദ് എഫ്.സിയും സമനിലയില്‍ പിരിയുകയും ചെയ്താല്‍ നേരിയ സാധ്യത ഈസ്റ്റ് ബംഗാളിനുണ്ടായിരുന്നു.
എന്നാല്‍ സമനിലയില്‍ കുരുങ്ങിയതോടെ അതും അസ്തമിച്ചു. മൂന്നു മത്സരങ്ങളില്‍ നിന്ന് മൂന്നു സമനിലകളോടെ മൂന്നു പോയിന്റുമായാണ് അവര്‍ മടങ്ങുന്നത്. ഇന്നു നടന്ന പോരാട്ടത്തില്‍ 16-ാം മിനിറ്റില്‍ ലീഡ് നേടിയ ശേഷമാണ് അവര്‍ സമനില വഴങ്ങിയത്. നായകന്‍ ഒലിവേരിയ നല്‍കിയ പാസില്‍ നിന്ന് മഹേഷ് സിങ്ങായിരുന്നു സ്‌കോര്‍ ചെയ്തത്. അഞ്ചു മിനിറ്റിനകം അവര്‍ ലീഡ് വര്‍ധിപ്പിക്കുകയും ചെയ്തു. ഇക്കുറി മലയാളി താരം വി.പി. സുഹൈര്‍ നല്‍കിയ പാസില്‍ നിന്ന് സുമിത് ബാസിയാണ് ലക്ഷ്യം കണ്ടത്.
ഇതിനു ശേഷം ഐസ്വാളിന്റെ തിരിച്ചടിയാണ് കണ്ടത്. ആദ്യ പകുതി അവസാനിക്കും മുമ്പേ തന്നെ അവര്‍ ഒരു ഗോള്‍ മടക്കി. 43-ാം മിനിറ്റില്‍ ജപ്പാന്‍ താരം അഅകിറ്റോ സെറ്റോയുടെ ഷോട്ട് ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ തട്ടിത്തെറിപ്പിച്ചത് പിടിച്ചെടുത്ത് ഐസ്വാള്‍ മുന്നേറ്റ താരം ലാല്‍ഹുറെ ലുവാന്‍ഗ സ്‌കോര്‍ ചെയ്യുകയായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അവര്‍ സമനിലയും കണ്ടെത്തി. മധ്യനിരയില്‍ നിന്നുനടത്തിയ നീക്കത്തിനൊടുവില്‍ ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പറുടെ പിഴവ് മുതലെടുത്ത് ഡേവിഡാണ് സ്‌കോര്‍ ചെയ്തത്. ശേഷിച്ച മിനിറ്റുകളില്‍ വിജയഗോളിനായി ഇരുടീമുകളും പൊരുതിക്കളിച്ചെങ്കിലും ആര്‍ക്കും ലക്ഷ്യം കാണാനായില്ല.