അറബ് നാട്ടില്‍ കാല്‍പ്പന്ത് മാമാങ്കത്തിന് കിക്കോഫാകും മുമ്പേ വിവാദകോലാഹലങ്ങള്‍ ഉയര്‍ത്തിയതാണ് ആതിഥേയ രാജ്യമായ ഖത്തറിന്റെ 'മദ്യനയം'. ലോകകപ്പ് ഫുട്‌ബോള്‍ കാണാന്‍ പല നാട്ടില്‍ നിന്നെത്തുന്ന ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് പൊതു സ്ഥലങ്ങളിലും സ്‌റ്റേഡിയങ്ങള്‍ക്കുള്ളിലുമെല്ലാം ഖത്തര്‍ മദ്യം നിരോധിച്ചത് ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.
തീനും കുടിക്കുമൊപ്പം ഫുട്‌ബോളിനെ ഒരു ആഘോഷമായി കൊണ്ടുനടക്കുന്ന പാശ്ചാത്യ രാജ്യങ്ങളിലെയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെയും ഫുട്‌ബോള്‍ ആരാധകര്‍ ഇതോടെ ഖത്തര്‍ ലോകകപ്പ് ബഹിഷ്‌കരിക്കുമെന്നു വരെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
കടുത്ത സമ്മര്‍ദ്ദമുണ്ടായിട്ടും തങ്ങളുടെ സംസ്‌കാരത്തിനു വിരുദ്ധമായി ഒന്നും ചെയ്യില്ലെന്ന ഖത്തറിന്റെ നിര്‍ബന്ധത്തിനു രാജ്യാന്തര ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ വഴങ്ങിയതോടെ ഇത്തവണത്തെ ലോകകപ്പ് ഫുട്‌ബോള്‍ 'ഡ്രൈ' ആയാണ് നടത്തപ്പെടുന്നത്.
ഇതിനെ മറ്റു രാജ്യങ്ങളിലെ ആരാധകര്‍ എങ്ങനെ കാണുമെന്നായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്. അതിന് ഉദ്ഘാടന മത്സരത്തില്‍ തന്നെ മറുപടിയും ലഭിച്ചു. ആതിഥേയരായ ഖത്തറിനെതിരായ മത്സരത്തില്‍ ഇക്വഡോര്‍ രണ്ടു ഗോളുകള്‍ക്കു മുന്നിലെത്തിയ ശേഷം അവരുടെ ആരാധകര്‍ നടത്തിയ ചാന്റിങ്ങും പാടിയ പാട്ടുകളും വൈറലാകുകയായിരുന്നു.
തങ്ങളെ സന്തോഷിപ്പിക്കാന്‍ ടീം രണ്ടു ഗോളുകള്‍ അടിച്ചെന്നും ആ ആഹ്‌ളാദം ആഘോഷിക്കാന്‍ തങ്ങള്‍ക്കു 'ബിയര്‍' വേണമെന്നും ആവശ്യപ്പെട്ടാണ് ഇക്വഡോര്‍ ആരാധകര്‍ അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തിലെ ഗ്യാലറിയില്‍ ചാന്റിങ് നടത്തിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു സംഭവം.
ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വൈറലാകുകയും ചെയ്തു. അതിനു പിന്നാലെ ആ വീഡിയോ പങ്കുവച്ച് ഖത്തര്‍ ലോകകപ്പിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരില്‍ ഒരാളായ അമേരിക്കന്‍ ബിയര്‍ കമ്പനി ബഡ്‌വൈസര്‍ ലോകകപ്പ് സംഘാടകരെ ട്രോളുകയും ചെയ്തു. ''ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമാണ്. സ്‌റ്റേഡിയത്തില്‍ ഇല്ലാത്തവര്‍ക്കു വേണ്ടി''- എന്ന കുറിപ്പോടെയാണ് അവര്‍ വീഡിയോ പങ്കുവച്ചത്.