ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹതയില്‍ അദ്ദേഹത്തിന്റെ മെഡിക്കല്‍ സംഘത്തില്‍പ്പെട്ട എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ വിചാരണ നേരിടണമെന്ന് അര്‍ജന്റീന്‍ കോടതി. ആരോഗ്യ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നു സംഭവിച്ച ഗുരുതരമായ അനാസ്ഥയാണ് താരത്തിന്റെ മരണത്തിലേക്ക് നയിച്ചത് എന്ന ആരോപണത്തെത്തുടര്‍ന്നുള്ള കേസിലാണ് ഇവരെ വിചാരണയ്ക്ക് വിധേയരാക്കുന്നത്.
2020 നവംബറിലാണ് 60-കാരനായ മറഡോണ മരണത്തിന് കീഴടങ്ങുന്നത്. തലച്ചോറിലെ ശസ്ത്രക്രിയയെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന അദ്ദേഹത്തിന് പൊടുന്നനെ ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ പിന്നീട് നടന്ന അന്വേഷണങ്ങളില്‍ ഹൃദയാഘാതം ഉണ്ടായ ശേഷവും അദ്ദേഹത്തിന് വിദഗ്ദ്ധ ചികിത്സയും പരിചരണവും ലഭ്യമാക്കാന്‍ വൈകിയെന്നും ഒരു മണിക്കൂറിലേറെ സമയം ആരാരുടെയും പരിചരണമില്ലാതെ കഴിഞ്ഞതാണ് മരണത്തിലേക്ക് നയിച്ചതെന്നും വ്യക്തമായിരുന്നു.
ഇതേത്തുടര്‍ന്നാണ് മറഡോണയുടെ ചികിത്സാച്ചുമതലയുണ്ടായിരുന്ന മെഡിക്കല്‍ സംഘത്തെ പ്രതിചേര്‍ത്തത്. മെഡിക്കല്‍ സംഘത്തിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്നു വ്യക്തമായതിനേത്തുടര്‍ന്ന് ഇവര്‍ക്കെതിരേ വിചാരണയടക്കമുള്ള നടപടി സ്വീകരിക്കണമെന്ന് സംഭവത്തില്‍ അന്വേഷണം നടത്തിയ മെഡിക്കല്‍ ബോര്‍ഡ ശിപാര്‍ശ ചെയ്തിരുന്നു.
ഇതിനെതിരേ നല്‍കിയ ഹര്‍ജി തള്ളിയാണ് ഇപ്പോള്‍ അര്‍ജന്റീന്‍ കോടതിയുടെ വിധി. ഹര്‍ജി കേട്ട മൂന്നംഗ ബെഞ്ച് പ്രോസിക്യൂഷന്‍ ഉന്നയിച്ച കൃത്യവിലോപത്തിന് വ്യക്തമായ തെളിവുണ്ടെന്ന് കണ്ടെത്തിയാണ് വിചാരണയ്ക്ക് ഉത്തരവിട്ടത്.
മറഡോണയുടെ മെഡിക്കല്‍ സംഘത്തിലുണ്ടായിരുന്ന ന്യൂറോ സര്‍ജന്‍ ലിയോപോള്‍ഡോ ലൂക്ക്, സൈക്കാട്രിസ്റ്റ് അഗസ്റ്റിന കൊസാഷോവ് എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. സൈക്കോളജിസ്റ്റ് കാര്‍ലോസ് ഡയസ്, ഡോക്ടര്‍മാരായ നാന്‍സി ഫോര്‍ലിനി, പെഡ്രോ ഡി സ്പാഗ്ന, നഴ്‌സിങ് കോര്‍ഡിനേറ്റര്‍ മരിയാനോ പെറോണി, നഴ്‌സുമാരായ റിക്കാര്‍ഡോ അല്‍മിറോണ്‍, ഡഹിയാന് മാഡ്രിഡ് എനഎന്നിവരാണ് വിചാരണ നേരിടേണ്ടത്.