അർജന്റീന ഫുട്‌ബോൾ ടീമിന്റെ ലോകകപ്പ് ജയത്തിൽ നിർണായക പങ്കുവഹിച്ച ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് ഇന്ത്യയിലെത്തി. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തിന് ഗംഭീര സ്വീകരണമാണ് ആരാധകർ ഒരുക്കിയത്. താരത്തെ കാണാൻ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്.
ഇന്ന് ഉച്ചയോടെ എത്തിയ അദ്ദേഹത്തെ സ്വീകരിക്കാനായി മന്ത്രി സുജിത് ബോസ് വിമാനത്താവളത്തിൽ എത്തിയിരുന്നു. മോഹൻ ബഗാൻ സെക്രട്ടറി ദേബാശിഷ് ദത്തയും സുജിത് ബോസും ചേർന്ന് മാർട്ടിനസിനെ വിമാനത്താവളത്തിൽ സ്വീകരിച്ചു. പച്ചയും മെറൂണും കലർന്ന ഷാൾ (ഉത്തരീയം) അണിയിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത്. മാധ്യമങ്ങളുമായി സംസാരിച്ച ശേഷം അദ്ദേഹത്തെ ജെ ഡബ്ല്യൂ മാരിയറ്റ് ഹോട്ടലിലേക്ക് സംഘാടകർ കൊണ്ടുപോയി.
വളരെ ആവേശത്തോടെയാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. ''ഇവിടെ വന്നതിൽ ഞാൻ ശരിക്കും സന്തോഷവാനാണ്. ഇന്ത്യയിലേക്കുള്ള വരവ് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. ഇന്ത്യയിലേക്ക് വരുമെന്ന് ഞാൻ വാഗ്ദാനം ചെയ്തിരുന്നു. ഇവിടെ വന്നതിൽ എനിക്ക് സന്തോഷമുണ്ട്''- മാർട്ടിനസ് പറഞ്ഞു.
ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ നിന്നാണ് മാർട്ടിനെസ് എത്തിയത്. ഇന്ന് പുലർച്ചെ ധാക്കയിലെത്തിയ അദ്ദേഹം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അർജന്റീനയുടെ ലോകകപ്പ് വിജയത്തിന് കാരണമായ മാർട്ടിനസിന്റെ അസാധാരണ പ്രകടനത്തെ അഭിനന്ദിച്ച ഷെയ്ഖ് ഹസീന തന്റെ രാജ്യത്തിന് മഹത്വം കൊണ്ടുവന്ന വ്യക്തിയാണെന്ന് അദ്ദേഹത്തെ പ്രശംസിക്കുകയും തുടർന്നും വിജയം ആശംസിക്കുകയും ചെയ്തു.
രണ്ടു ദിവസത്തെ സന്ദർശനത്തിന് കൊൽക്കത്തയിലെത്തിയ മാർട്ടിനസ് ഒന്നിലധികം പരിപാടികളിൽ പങ്കെടുക്കും. നാളെ ഉച്ചയ്ക്ക് മിലോൺ മേള പരിസരത്ത് നടക്കുന്ന ശതുദ്ര ദത്തയുടെ 'തഹാദർ കഥ' പരിപാടിയിൽ മാർട്ടിനസ് പങ്കെടുക്കും. തുടർന്ന് മോഹൻ ബഗാൻ മൈതാനത്ത് വച്ച് അദ്ദേഹത്തിന് മോഹൻ ബഗാൻ രത്‌ന സ്മാരകം കൈമാറും. പെലെ-മറഡോണ-സോബേഴ്‌സിന്റെ പേരിലുള്ള മോഹൻ ബഗാൻ ഗേറ്റും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ജൂലൈ അഞ്ചിന് സഹമന്ത്രി സുജിത് ബോസ് സംഘടിപ്പിക്കുന്ന ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും. അവിടെ നിന്ന് കൊൽക്കത്തയിലെ സന്തോഷ് മിത്ര സ്‌ക്വയറിൽ നടക്കുന്ന മറ്റൊരു ചടങ്ങിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരിക്കും.