ഒമ്പതാമത് ഫിഫാ വനിതാ ഫുട്‌ബോള്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ എറെക്കുറേ ഉറപ്പാക്കി ഇംഗ്ലണ്ട്. അതേസമയം തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തിരിച്ചടി നേരിട്ട അര്‍ജന്റീന് പുറത്തേക്കുള്ള വാതില്‍ തുറന്നിട്ടു. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെ തോല്‍പിച്ചാണ് ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറിലേക്ക് ഒരുപടി കൂടി അടുത്തത്.
ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇംഗ്ലണ്ട് ടീമിന്റെ ജയം. മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ അവര്‍ വിജയഗോള്‍ കണ്ടെത്തിയിരുന്നു. ലോറന്‍ ജയിംസായിരുന്നു സ്‌കോറര്‍. റേച്ചല്‍ ഡാലിയുടെ പാസില്‍ നിന്നായിരുന്നു ലോറന്‍ സ്‌കോര്‍ ചെയ്ത്. മത്സരത്തില്‍ പിന്നീട് നിരവധി അവസരങ്ങള്‍ തുറന്നെടുക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞെങ്കിലും ഗോള്‍നില വര്‍ധിപ്പിക്കാന്‍ അവര്‍ക്കായില്ല.
ജയത്തിനിടയിലും സൂപ്പര്‍ താരം കെയ്‌റ വാല്‍ഷിന് പരുക്കേറ്റത് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായി. മത്സരത്തിന്റെ ആദ്യപകുതിയിലാണ് ഇംഗ്ലീഷ് മധ്യനിര താരം പരുക്കേറ്റ് വീണത്. തുടര്‍ന്ന് സ്‌ട്രെക്ച്ചറിലാണ് താരത്തെ ഗ്രൗണ്ടില്‍ നിന്നു നീക്കിയത്. കെയ്‌റയുടെ പരുക്ക് ഗുരുതരമാണെന്നും താരത്തിന് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായേക്കുമെന്നുമാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ മധ്യനിരയില്‍ പ്ലേമേക്കര്‍ റോള്‍ ചെയ്യുന്ന കെയ്‌റയുടെ അഭാവം വരും മത്സരങ്ങളില്‍ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാകും.
അതേസമയം ഇന്നു നടന്ന മറ്റൊരു മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടു സമനില വഴങ്ങിയ അര്‍ജന്റീന പുറത്താകലിന്റെ വക്കിലെത്തി. ആദ്യ മത്സരത്തില്‍ ഇറ്റലിയോട് തോറ്റ അര്‍ജന്റീനയ്ക്ക് പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ന് ജയം അനിവാര്യമായിരുന്നു. എന്നാല്‍ ആഫ്രിക്കന്‍ ടീമിനു മുന്നില്‍ 2-2 സമനില വഴങ്ങുകയായിരുന്നു.
മത്സരത്തിന്റെ 66-ാം മിനിറ്റ് വരെ 0-2 എന്ന നിലയില്‍ പിന്നിട്ടു നിന്ന ശേഷമായിരുന്നു രണ്ടു ഗോള്‍ തിരിച്ചടിച്ച് അര്‍ജന്റീന സമനില നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ലിന്‍ഡ മിടാലോ, തെംബി ഗറ്റ്‌ലാണ എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ സോഫിയ ബര്‍ണര്‍, റൊമിന നൂനസ് എന്നിവരായിരുന്നു അര്‍ജന്റീനയുടെ സ്‌കോറര്‍മാര്‍.
ഗ്രൂപ്പ് ജി യില്‍ നിലവില്‍ രണ്ടു മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് മാത്രമുള്ള അര്‍ജന്റീന അവസാന സ്ഥാനത്താണ്. അത്ര തന്നെ പോയിന്റുള്ള ദക്ഷിണാഫ്രിക്ക മൂന്നാമതുള്ളപ്പോള്‍ മൂന്നു പോയിന്റുമായി സ്വീഡനും ഇറ്റലിയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍. നാളെ ഈ രണ്ടു ടീമുകള്‍ ഏറ്റുമുട്ടുന്നതോടെ ഗ്രൂപ്പ് ജേതാക്കളെ അറിയാനാകും. അര്‍ജന്റീന അവസാന മത്സരത്തില്‍ സ്വീഡനെയും ദക്ഷിണാഫ്രിക്ക ഇറ്റലിയെയും നേരിടും.