1966-നു ശേഷമൊരു ലോകകിരീടം എന്ന സ്വപ്‌നത്തിലേക്ക് കാല്‍പന്ത് കളിയുടെ തറവാട്ടുകാാരായ ഇംഗ്ലണ്ട് ഇന്ന് വീണ്ടും യാത്ര പുനരാരംഭിക്കും. 2022 ഫുട്‌ബോള്‍ ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ഇന്ന് ഏഷ്യന്‍ ശക്തികളിലൊന്നായ ഇറാനെ നേരിടും. ദോഹയിലെ ഖലീഫ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 6.30 മുതലാണ് മത്സരം.
2020 യൂറോ കപ്പ് റണ്ണറപ്പുകളായാണ് ഇംഗ്ലണ്ട് ലോകകപ്പിന് എത്തിയിരിക്കുന്നതെങ്കിലും സമീപകാല ഫോം അവരെ സംബന്ധിച്ച് അത്ര മികച്ചതല്ല. അവസാനം കളിച്ച അഞ്ചു മത്സരങ്ങളിലും വിജയം കാണാന്‍ ഗാരെത് സൗത്ത്‌ഗേറ്റിനും ശിഷ്യന്മാര്‍ക്കും കഴിഞ്ഞിട്ടില്ല.
യുവേഫ നേഷന്‍സ് ലീഗില്‍ തുടര്‍ തോല്‍വികളെത്തുടര്‍ന്ന് 'തരംതാഴ്ത്തപ്പെടല്‍' എന്ന നാണക്കേട് പേറിയാണ് അവര്‍ ഖത്തറിലെത്തിയിരിക്കുന്നത്. അവസാനത്തെ അഞ്ചു മത്സരങ്ങളില്‍ നിന്ന് കേവലം നാലു ഗോളുകളാണ് അവര്‍ക്ക് കുറിക്കാനായത്.
മറുവശത്ത് സൗഹൃദ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇറാന്‍. ഫിഫ റാങ്കിങ്ങില്‍ 20-ാം സ്ഥാനത്തുള്ള അവര്‍ ഇത് തുടര്‍ച്ചയായ മൂന്നാം ലോകകപ്പാണ് കളിക്കുന്നത്. കഴിഞ്ഞു രണ്ടു തവണയും പക്ഷേ അവര്‍ക്ക് ആദ്യ റൗണ്ട് കടന്നു മുന്നേറാന്‍ സാധിച്ചിരുന്നില്ല. ഇക്കുറി ചില അട്ടിമറികളിലൂടെ നോക്കൗട്ടില്‍ കടക്കുകയെന്ന ഒറ്റലക്ഷ്യത്തിലാണ് കോച്ച് കാര്‍ലോസ് ക്യുയിറോസ് ടീമിനെ ഒരുക്കിയിരിക്കുന്നത്.
സമീപകാലത്ത് മികച്ച പ്രകടനമാണ് അവര്‍ കാഴ്ചവയ്ക്കുന്നത്. അവസാനം കളിച്ച 22 മത്സരങ്ങളില്‍ വെറും മൂന്നെണ്ണത്തില്‍ മാത്രമാണ് അവര്‍ തോല്‍വി നേരിട്ടത്. ഈ ലോകകപ്പിനുള്ള യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ജേതാക്കള്‍ കൂടിയായിരുന്നു അവര്‍.
ഇംഗ്ലീഷ് പ്രതിരോധവും ഇറാനിയന്‍ മുന്നേറ്റനിരയും തമ്മിലുള്ള പോരാട്ടമായിരിക്കും ഇന്ന് കാണാനാകുക. ഇതില്‍ ആര്‍ക്ക് മേല്‍ക്കൈ ലഭിക്കുന്നോ അവരുടെ ടീമിന് വിജയം സുനിശ്ചിതമാകും.
പരുക്കും ഫിറ്റ്‌നെസ് ഇല്ലായ്മയുമാണ് ഇംഗ്ലണ്ടിനെ വലയ്ക്കുന്നത്. പ്രതിരോധ താരം കൈല്‍ വാക്കര്‍, മധ്യനിര താരം ജയിംസ് മാഡിസണ്‍ എന്നിവരുടെ പരുക്ക് ടീമിന് തലവേദനയാണ്. ഇരുവരും ഇന്ന് ഇറാനെതിരെ കളത്തലിറങ്ങാന്‍ സാധ്യതയില്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
സാധ്യതാ ഇലവന്‍:- ജോര്‍ദാന്‍ പിക്‌ഫോര്‍ഡ്, എറിക് ഡയര്‍, ജോണ്‍ സ്‌റ്റോണ്‍സ്, ലൂക്ക് ഷോ, ഡെക്ലാന്‍ റൈസ്, ജൂഡ് ബെല്ലിങ്ഹാം, കെയ്‌റണ്‍ ട്രിപ്പിയര്‍, റഹീം സ്‌റ്റെര്‍ലിങ്, ഹാരി കെയ്ന്‍, ബുക്കായോ സാക്ക.
ഇറാനും നേരിയ പരുക്കിന്റെ പിടിയിലാണ്. സെന്റര്‍ ഫോര്‍വേഡ് സര്‍ദാര്‍ ആസ്മൗന്‍ പൂര്‍ണ ഫിറ്റ്‌നെസ് വീണ്ടെടുത്തിട്ടില്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. മറ്റു ഗൗര ആശങ്കകള്‍ ഇല്ല.
സാധ്യതാ ഇലവന്‍:- അലിരെസ ബെയ്‌രാന്‍വന്ദ്, സാദേഹ് മൊഹ്‌രാമി, മൊര്‍തേസ പൗരാലിഗഞ്ജി, ഹൊസൈനി ക്‌നാന്‍സദേഗന്‍, മിലാദ് മൊഹമ്മദി, അലിരെസ ജാന്‍ബക്ഷ്, സയീദ് എസ്‌തൊല്ലാഹി, എഹ്‌സാന്‍ ഹജസഫി, വാഹിദ് അമീരി, മെഹ്ദി തരേമി.