FOOTBALL

നേഷന്‍സ് ലീഗ്; ജര്‍മനിയെ വീഴ്ത്തി ഹംഗറി, ഇറ്റലിയോട് തോറ്റ് ഇംഗ്ലണ്ട് പുറത്ത്

അഞ്ച് കളികളില്‍ ഒന്നുപോലും ജയിക്കാന്‍ കഴിയാതെയാണ് ഇംഗ്ലണ്ട് തരംതാഴ്ത്തപ്പെട്ടത്.

വെബ് ഡെസ്ക്

യുവേഫ നേഷന്‍സ് ലീഗില്‍ ഇന്നലെ നടന്ന ആവേശപ്പോരാട്ടങ്ങളില്‍ ഹംഗറിക്കും ഇറ്റലിക്കും ഒരു ഗോള്‍ ജയം. ഹംഗറി കരുത്തരായ ജര്‍മനിയെ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചപ്പോള്‍ ഇക്കഴിഞ്ഞ യൂറോ കപ്പ് ഫൈനലിന്റെ തനിയാവര്‍ത്തനമായ മത്സരത്തില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇറ്റലി കരുത്തുകാട്ടി.

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 17-ാം മിനിറ്റില്‍ വഴങ്ങിയ ഗോളാണ് ജര്‍മനിക്കു വിനയായത്. മധ്യനിര താരം ഡൊമിനിക് സോബോസ്ലായിയുടെ പാസില്‍ നിന്ന് സ്‌ട്രൈക്കര്‍ ആദം സസായിയാണ് ഹംഗറിയുടെ വിജയഗോള്‍ നേടിയത്.

മുന്‍നിര താരങ്ങളെയെല്ലാം അണിനിരത്തി ഇറങ്ങിയ ജര്‍മനി ശേഷിച്ച മിനിറ്റുകളില്‍ ഗോള്‍ നേടാന്‍ കിണഞ്ഞു പൊരുതിയെങ്കിലും പഴുത് അനുവദിക്കാതെ പിടിച്ചുനിന്ന ഹംഗേറിയന്‍ പ്രതിരോധനിര വിലപ്പെട്ട മൂന്നു പോയിന്റ് സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ അഞ്ചു മത്സരങ്ങളില്‍ നിന്ന് മൂന്നു ജയവും ഒരു സമനിലയുമടക്കം 10 പോയിന്റുമായി ഒന്നാമതെത്താനും ഹംഗറിക്കായി.

അതേസമയം ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഇറ്റലിയോടു പരാജയം രുചിച്ച ഇംഗ്ലണ്ട് ലീഗില്‍ നിന്ന് തരംതാഴ്ത്തപ്പെട്ടു. ഇറ്റാലിയന്‍ തട്ടകമായ റോമില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇംഗ്ലണ്ടിന്റെ തോല്‍വി.

ഗോള്‍രഹിതമായ ഒന്നാം പകുതിക്കു ശേഷം 68-ാം മിനിറ്റില്‍ ഗ്യാക്കോമോ റാസ്പഡോരിയാണ് ഇറ്റലിയുടെ വിജയഗോള്‍ നേടിയത്. ജയത്തോടെ അഞ്ചു മത്സരങ്ങളില്‍ നിന്ന് രണ്ടു ജയവും രണ്ടു തോല്‍വിയുമായി എട്ടുപോയിന്റുള്ള ഇറ്റലി അടുത്ത റൗണ്ടിലേക്ക് ഒരു ചുവടുകൂടി അടുത്തു. ഹംഗറിക്കെതിരേയാണ് അവരുടെ അവസാന ഗ്രൂപ്പ് മത്സരം. അതില്‍ ജയിക്കാനായാല്‍ അസൂറിപ്പടയ്ക്ക് രണ്ടാം റൗണ്ട് ഉറപ്പിക്കാം.

എന്നാല്‍ അവര്‍ക്ക് ജര്‍മനിയില്‍ നിന്ന് കടുത്ത വെല്ലുവിളിയാണുയരുന്നത്. ഒരു ജയവും മൂന്നു സമനിലകളുമടക്കം ആറു പോയിന്റുള്ള ജര്‍മനി അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെയാണ് നേരിടുന്നത്. ജയിച്ചാല്‍ ഒമ്പത് പോയിന്റാകും. ഇറ്റലി ജയിക്കാതിരിക്കുകയും ഇംഗ്ലണ്ടിനെ ജര്‍മനി വീഴ്ത്തുകയും ചെയ്താല്‍ ഹംഗറിക്കൊപ്പം ജര്‍മനിയാകും മുന്നേറുക.

അതേസമയം അഞ്ച് കളികളില്‍ ഒന്നുപോലും ജയിക്കാന്‍ കഴിയാതെയാണ് ഇംഗ്ലണ്ട് തരംതാഴ്ത്തപ്പെട്ടത്. രണ്ടു സമനിലകളില്‍ നിന്ന് നേടിയ രണ്ടു പോയിന്റുകളാണ് അവരുടെ സമ്പാദ്യം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ