ഒരു ഫുട്ബോള്‍ മത്സരം പോലെ തന്നെ ഉദ്യേഗം നിറഞ്ഞതാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കിരീടപ്പോരാട്ടവും. ഫൈനല്‍ വിസില്‍ മുഴങ്ങുന്നതുവരെ ആര് വിജയിക്കുമെന്നത് നിർണയിക്കാനാകാത്തതുപോലെ. കഴിഞ്ഞ സീസണിന് സമാനമായി ഇത്തവണയും അവസാന ലാപ്പിലുള്ളത് മാഞ്ചസ്റ്റർ സിറ്റിയും ആഴ്‌സണലുമാണ്. ഇരുടീമുകള്‍ക്കും അവശേഷിക്കുന്നത് രണ്ട് മത്സരം മാത്രമാണ്. 36 കളികളില്‍ നിന്ന് 85 പോയിന്റുള്ള സിറ്റിയാണ് പട്ടികയില്‍ ഒന്നാമത്. ആഴ്‌സണിലിനുള്ളത് 83 പോയിന്റാണ്.
പ്രീമിയർ ലീഗ് 30 റൗണ്ട് പൂർത്തിയാകുമ്പോള്‍ ആഴ്‌സണലായിരുന്നു മുന്നില്‍. ഗോള്‍ വ്യത്യാസത്തിന്റെ കാര്യത്തിലും മൈക്കല്‍ ആർറ്റെറ്റയും സംഘവും സിറ്റിയേക്കാള്‍ മികച്ച ലീഡ് നിലനിർത്തിയിരുന്നു. 32-ാം റൗണ്ടിലായിരുന്നു ആഴ്‌സണിലിന് കാലിടറിയത്. സീസണിലെ കരുത്തരായ ടീമുകളിലൊന്നായ ആസ്റ്റണ്‍ വില്ലയോട് അപ്രതീക്ഷിതമായി രണ്ട് ഗോളിന്റെ തോല്‍വി വഴങ്ങേണ്ടി വന്നു. ഇതോടെ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാന്‍ സിറ്റിക്ക് ആഴ്‌സണല്‍ തന്നെ കളമൊരുക്കിക്കൊടുത്തു.
അവസാന ലാപ്പില്‍ ഓടിക്കയറുന്ന പതിവ് തെറ്റിക്കാതെയാണ് സിറ്റിയുടെ യാത്ര. ആഴ്‌സണലിന്റെ വീഴ്ച ഒന്നാം സ്ഥാനത്തേക്കുള്ള വഴിതുറന്നെന്ന് മാത്രമല്ല ലിവർപൂളിന്റെ കിരീട മോഹങ്ങള്‍ അവസാനിപ്പിക്കാനും സിറ്റിക്കായി. ആഴ്‌സണലുമായുള്ള പോരാട്ടം സമനിലയില്‍ കലാശിച്ചത് മാറ്റിനിർത്തിയാല്‍ പിന്നീടിങ്ങോട്ട് തോല്‍വിയറിയാതെയുള്ള യാത്രയാണ് സിറ്റിയുടേത്.
അഞ്ചാം സ്ഥാനത്തുള്ള ടോട്ടന്‍ഹാമും (മേയ് 15) ഒന്‍പതാം സ്ഥാനത്തുള്ള വെസ്റ്റ് ഹാമുമായാണ് സിറ്റിയുടെ അവശേഷിക്കുന്ന മത്സരങ്ങള്‍. സമനിലയോ തോല്‍വിയോ വഴങ്ങാതെ രണ്ടും വിജയിക്കാനായല്‍ കിരീടം നിലനിർത്താന്‍ സിറ്റിക്കാകും.
മറുവശത്ത്, രണ്ട് പതിറ്റാണ്ടിന് ശേഷം പ്രീമിയർ ലീഗ് സ്വന്തമാക്കുക എന്ന ലക്ഷ്യം ആഴ്‌സണലിന് അത്ര എളുപ്പമാകില്ല. സിറ്റിയുടെ മത്സരഫലങ്ങളെ ആശ്രയിച്ചാല്‍ മാത്രം പോര ആഴ്‌സണലിന്. എട്ടാം സ്ഥാനത്തുള്ള യുണൈറ്റഡുമായാണ് ആഴ്‌സണലിന്റെ ഇന്നത്തെ പോരാട്ടം. അവസാന അഞ്ച് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് യുണൈറ്റഡിന് നേടാനായത്. 18-ാം സ്ഥാനത്തുള്ള എവർട്ടണാകട്ടെ മികച്ച ഫോമിലുമാണ്. അവസാന അഞ്ചില്‍ നാലിലും വിജയിക്കാന്‍ എവർട്ടണായി, ഒരു മത്സരം സമനലയിലും കലാശിച്ചു. അതുകൊണ്ട് തന്നെ പ്രവചനാതീതമാണ് കാര്യങ്ങള്‍.
സിറ്റിയുടെ കുതിപ്പാണ് ലിവർപൂളിന്റെ കിരീടമോഹങ്ങള്‍ തല്ലിക്കെടുത്തിയത്. 36 കളികളില്‍ നിന്ന് 78 പോയിന്റാണ് ലിവർപൂളിനുള്ളത്. രണ്ട് മത്സരം അവശേഷിക്കെ നിലവില്‍ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം ഏഴാണ്. അടുത്ത രണ്ട് മത്സരം ലിവർപൂള്‍ വിജയിക്കുകയും സിറ്റി പരാജയപ്പെടുകയും ചെയ്താലും മുന്നിലെത്താന്‍ യോർഗന്‍ ക്ലോപ്പിനും സംഘത്തിനാകില്ല. എന്നിരുന്നാലും ചാമ്പ്യന്‍സ് ലീഗ് ബെർത്ത് ഉറപ്പിക്കാന്‍ ലിവർപൂളിനായിട്ടുണ്ട്.