ഇംഗ്ലണ്ട് സ്ട്രൈക്കർ തിയോ വാല്‍കോട്ട് പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. മുന്‍ ആഴ്‌സണല്‍ താരം കൂടിയായ വാല്‍കോട്ട് 34ാം വയസിലാണ് ബൂട്ടഴിക്കുന്നത്. ഒരു പോഡ്കാസ്റ്റില്‍ സംസാരിച്ചുകൊണ്ടിരിക്കവെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
സതാംപ്ടണില്‍ നിന്ന് 2006 ല്‍ ആഴ്‌സണലിലെത്തിയ താരത്തിന്റെ അവിടെവച്ചാണ് തന്റെ കരിയര്‍ കെട്ടിപ്പടുത്തത്. ആഴ്‌സണലില്‍ ആദ്യകാലത്ത് മികച്ച പ്രകടനം പുറത്തെടുത്ത താരത്തിന് പിന്നീട് പരുക്കും ഫോമില്ലായ്മയുമാണ് തിരിച്ചടിയായത്. ഒരുകാലത്ത് ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച യുവതാരമെന്ന് വാഴ്ത്തപ്പട്ടിരുന്ന വാല്‍കോട്ടിന് പിന്നീട് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിക്കാതെ പോയി.
2006 മുതല്‍ 2018 വരെ അഴിസണലിനായി ബൂട്ടുകെട്ടിയ വാല്‍കോട്ട് 12 വര്‍ഷത്തിനുള്ളില്‍ ടീമിന്റെ വലിയ നേട്ടങ്ങളുടെ ഭാഗമായി. ഗണ്ണേഴ്‌സിനായി കളിച്ച 397 മത്സരങ്ങളില്‍ നിന്ന് 108 ഗോളുകളാണ് താരം അടിച്ചെടുത്തത്. കൂടാതെ ആഴ്‌സണലിനൊപ്പം മൂന്ന് എഫ്എ കപ്പുകളും വാല്‍കോട്ട് നേടിയിട്ടുണ്ട്. 2015 2016 സീസണുകളില്‍ ആഴ്‌സണലിന്‌റെ എഫ്എ കപ്പ് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച താരം 2015, 2017 സീസണുകളില്‍ ടീമിനെ കമ്മ്യൂണിറ്റി ഷീല്‍ഡ് നേടുന്നതിലേക്ക് നയിച്ചു.
2018 ലായിരുന്നു എവര്‍ടണിലേക്കുള്ള കൂടുമാറ്റം. എന്നാല്‍ അവിടെ അധികകാലം താരം പിടിച്ചു നിന്നില്ല. 2021 ല്‍ വീണ്ടും സതാംപടണിലേക്ക് മടങ്ങിയെത്തി. 2000 മുതല്‍ പന്തുരുട്ടിത്തുടങ്ങിയ പഴയ മൈതാനത്ത് തന്നെയാണ് അദ്ദേഹം കളിമതിയാക്കുന്നതും.
2006 ലോകകപ്പിലും 2012 യൂറോയിലും താരം ഇംഗ്ലീഷ് പടയ്‌ക്കൊപ്പം ഇറങ്ങിയിരുന്നു.
ഇംഗ്ലണ്ട് ദേശീയ ടീമിനായി 47 മത്സരങ്ങളാണ് വാല്‍കോട്ട് കളിച്ചത്. അതില്‍ എട്ട് ഗോളുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 2006 ലോകകപ്പിലും 2012 യൂറോയിലും താരം ഇംഗ്ലീഷ് പടയ്‌ക്കൊപ്പം ഇറങ്ങിയിരുന്നു. 2006ല്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ഹംഗറിക്കെതിരെ ഇറങ്ങിയ വാല്‍ക്കോട്ട് ഇംഗ്ലണ്ടിന്റെ എക്കാലത്തെയും പ്രായം കുറഞ്ഞ കളിക്കാരനായി മാറി. അന്ന് അദ്ദേഹത്തിന് 17 വയസ്സ് മാത്രമായിരുന്നു പ്രായം. 2008 ല്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ക്രൊയേഷ്യയ്‌ക്കെതിരെ അദ്ദേഹം തന്റെ അന്താരാഷ്ട്ര ഗോള്‍ അക്കൗണ്ട് തുറക്കുകയും ഇംഗ്ലണ്ടിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലാദ്യമായി ഹാട്രിക് നേടുന്ന പ്രായം കുറഞ്ഞ കളിക്കാരനെന്ന ഖ്യാതി നേടുകയും ചെയ്തു.