സ്പെയിനെപോലെ മധ്യനിരയില്‍ ഇത്ര സുന്ദരമായി കളിമെനയുന്ന മറ്റൊരു ടീമുണ്ടോ? എല്ലാ കാലത്തും സ്പെയിൻ വിജയങ്ങളില്‍ മധ്യനിരയുടെ കയ്യൊപ്പുണ്ടായിട്ടുണ്ട്. പെഡ്രിയും റോഡ്രിയുമാണ് പുതിയ കാലത്തിന്റെ ഇനിയേസ്റ്റയും സാവിയും. അവിടെയാണ് കണക്കൂട്ടലുകളെല്ലാം തെറ്റിച്ച് ക്ഷണിക്കാത്ത അതിഥിയായി ടോണി ക്രൂസ് എത്തിയതും പെഡ്രിയുടെ കളിയവസാനിപ്പിച്ചതും. പകരമാരെന്നായിരുന്നു ചോദ്യം, ഉത്തരം ഡാനി ഓല്‍മൊയും. എന്തുകൊണ്ട് ഫ്രാൻസിനെതിരെ ഓല്‍മൊ കളത്തിലിറങ്ങണം?
പരുക്കിന്റെ പിടിയില്‍ നിന്ന് പൂർണമായും മുക്തമാകാത്ത പെഡ്രിയുടെ പകരക്കാരന്റെ റോളാണ് ടൂർണമെന്റിലുടനീളം ഓല്‍മൊ വഹിച്ചിരുന്നത്. പെഡ്രിയെ പരിശീലകൻ ലൂയിസ് ഫ്യൂണ്ടെ തിരിച്ചുവിളിച്ച നാല് സന്ദർഭങ്ങളില്‍ മൂന്നിലും പകരം എത്തിയത് ഓല്‍മോയായിരുന്നു. ഓല്‍മോയുടെ മികവുള്ള ഒരു താരം ബെഞ്ചിലാണ് എന്നത് തന്നെ സ്പെയിനിന്റെ ആയുധശേഖരത്തിന്റെ വലുപ്പം കാണിക്കുന്നു. പെഡ്രിയുടെ പരുക്കും ഓല്‍മോയുടെ വരവും സ്പെയിന് അനുഗ്രഹമാണെന്ന് വേണമെങ്കില്‍ പറയാം.
ഇതുവരെ സ്പെയിൻ നേടിയ 11 ഗോളില്‍ നാലെണ്ണത്തില്‍ ഓല്‍മോയുടെ ഇൻവോള്‍വ്‌മെന്റുണ്ട്. രണ്ട് തവണ ഗോളടിച്ചെങ്കില്‍, രണ്ട് പ്രാവശ്യം ഗോളടിപ്പിക്കുകയും ചെയ്തു. അതായത്, 66 മിനുറ്റില്‍ ഓല്‍മോയുടെ ഒരു ഗോള്‍ കോണ്‍ട്രിബ്യൂഷനുണ്ടാകും. ജർമനിക്കെതിരായ ക്വാർട്ടറില്‍ സ്റ്റാർട്ടിങ് ഇലവനിലില്ലാതിരുന്ന ഓല്‍മൊ ഫിനിഷ് ചെയ്തത് ഒരു ഗോളും ഒരു അസിസ്റ്റുമായാണ്. കളിയിലെ താരത്തിനുള്ള പുരസ്കാരവുമായാണ് കളംവിട്ടത്.
ഫ്രാൻസിനെ ഇത്തവണ തുണച്ചത് അവരുടെ പ്രതിരോധമായിരുന്നു. അതുപൊളിക്കാൻ കേവലമൊരു തള്ളിക്കയറ്റം പോരന്ന് തെളിയിക്കുന്നതായിരുന്നു പോർച്ചുഗല്‍-ഫ്രാൻസ് മത്സരം. ഡയോട്ട് ഉപമെക്കാനൊ, വില്യം സാലിബ, മൈക്ക് മൈഗ്നന്‍ ചേരുന്ന ഫ്രാൻസ് പ്രതിരോധത്തിന് അനുയോജ്യമായ മരുന്നുകൂടിയാണ് ഓല്‍മൊ. പെഡ്രിക്ക് പ്രതിരോധത്തെ ചിതറിക്കാൻ മികവുണ്ടെങ്കില്‍ ഓല്‍മോയ്ക്ക് അതിനൊപ്പം തന്നെ ഒരു ഡ്രൈവിങ് ഫോഴ്‌സായും കളിക്കാനാകും.
ഇതിന് പിന്നിലെ കാരണം ഓല്‍മോയുടെ ഡ്രിബിളിങ് മികവ് തന്നെയാണ്. യൂറോയില്‍ സ്പെയിൻ നിരയില്‍ ഓല്‍മോയേക്കാള്‍ ഡ്രിബിളിങ് ശരാശരിയുള്ള ഏകതാരം യമാലാണ്. പന്ത് പിടിച്ചെടുക്കാനും എതിരാളികളെ ബാക്ക്ഫുട്ടിലാക്കാനുമുള്ള ഓല്‍മോയുടെ മികവ് ഫ്രാൻസ് പ്രതിരോധത്തില്‍ വിള്ളലുണ്ടാക്കാൻ പ്രാപ്തമാണ്.
എന്നാല്‍, ഷോമേനി, കാമവിംഗ, റാബിയോട്ട് ത്രയത്തിന്റെ വേഗതയെക്കൂടി മറികടക്കേണ്ടതുണ്ട് സ്പെയിന് ഫ്രാൻസ് ബോക്സിലേക്ക് എത്താൻ. അഞ്ചില്‍ നാല് ക്ലീൻ ഷീറ്റുകള്‍ ഫ്രാൻസ് നേടിയത് വെറുതയല്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്ന കാര്യവുമാണ്. 17 തവണ മാത്രമാണ് എതിരാളികള്‍ക്ക് ഫ്രാൻസ് ബോക്സിലേക്ക് ലക്ഷ്യം തെറ്റാതെ ഷോട്ട് ഉതിർക്കാനായിട്ടുള്ളത്. പക്ഷേ, വിങ്ങുകള്‍ കേന്ദ്രീകരിച്ച് ഇത്രയധികം മുന്നേറ്റങ്ങള്‍ സൃഷ്ടിക്കുന്ന ഒരു ടീമുമായി ഫ്രാൻസ് ഇതുവരെ കോർത്തിട്ടില്ല എന്നതുകൂടി ഇവിടെ പരിഗണിക്കേണ്ടതുണ്ട്.
സ്പെയിനില്‍ യമാലും വില്യംസണും ഇരുവിങ്ങുകളിലൂടെയും എതിർ പ്രതിരോധനിരയെ ഭിന്നിക്കുന്ന കാഴ്ചയാണ് യൂറോയില്‍ ഇതുവരെ കണ്ടത്. നായകനും ടീമിലെ സുപ്രധാന സ്ട്രൈക്കറുമായ ആല്‍വാരൊ മൊറാട്ടയ്ക്ക് ഇരുവരുടേയും പന്തുകള്‍ ലക്ഷ്യത്തിലെത്തിക്കാൻ മാത്രമാകുന്നില്ല എന്നതാണ് സ്പെയിനെ വലയ്ക്കുന്ന പോരായ്മ.
ഇവിടെയാണ് അറ്റാക്കിങ് ഓപ്ഷനായുള്ള ഓല്‍മോകൂടി എത്തുന്നത്. ഇതോടെ സ്പാനിഷ് മുന്നേറ്റനിരയില്‍ നിന്ന് അപ്രതീക്ഷിത നീക്കങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. ഓല്‍മൊ ഫാക്ടർ ഫലപ്രദമായാല്‍ ഫൈനലിനുള്ള ടിക്കറ്റ് സ്പെയിൻ കൊണ്ടുപോകാം, ഫ്രഞ്ച് വിപ്ലവുമായിരിക്കില്ല, സ്പാനിഷ് വസന്തമാകും ജർമൻ മണ്ണ് കാണുക.