യൂറോ കപ്പില്‍ കിരീട പ്രതീക്ഷ നിലനിർത്തി ഇംഗ്ലണ്ട്. സ്വിറ്റ്‌സർലൻഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് (5-3) ത്രീ ലയണ്‍സ് പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഓരോ ഗോള്‍ വീതം നേടി ഇരുടീമുകളും സമനില പാലിക്കുകയായിരുന്നു. സ്വിസിനായി ബ്രീല്‍ എംബോളയും (75), ഇംഗ്ലണ്ടിനായി ബുകായ സകയുമാണ് (80) ഗോളുകള്‍ നേടിയത്. സെമിയില്‍ നെതർലൻഡ്‌സാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.
പന്തടക്കത്തിലും മുന്നേറ്റങ്ങളിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തില്‍ ആദ്യ പകുതിയില്‍ ഗോള്‍ പിറന്നില്ല. മത്സരത്തിന്റെ 75-ാം മിനുറ്റിലായിരുന്നു ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ക്ക് മുകളില്‍ സ്വിസ് ഗോള്‍ വീഴുന്നത്. വാർഗാസ് ബോക്സിനുള്ളിലേക്ക് തൊടുത്ത ക്രോസില്‍ എംബോളൊ കാല്‍വെക്കുക മാത്രമായിരുന്നു ചെയ്തത്. പിന്നിലായതോടെ ഇംഗ്ലണ്ട് മുന്നേറ്റങ്ങള്‍ക്ക് വേഗത കൈവരിച്ചു.
80-ാം മിനുറ്റില്‍ ഇംഗ്ലണ്ടിന്റെ രക്ഷകനായി സക മാറുകയായിരുന്നു. പെനാലിറ്റി ബോക്സിന് പുറത്ത്, 18 വാര അകലെ നിന്ന് സകയുടെ ഇടം കാല്‍ ഷോട്ട് ഗോള്‍ വര ഭേദിച്ചു. സമനില പിടിച്ചതോടെ കളി അധികസമയത്തേക്ക് നീങ്ങി. പക്ഷേ, അധികസമയത്തും ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. പെനാല്‍റ്റി ഷൂട്ടൗട്ടിലെ എല്ലാ കിക്കുകളും ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തിച്ചു.
സ്വിസിനായി ആദ്യ കിക്കെടുത്ത മാനുവല്‍ അകാഞ്ചിക്ക് പിഴച്ചതാണ് തിരിച്ചടിയായത്. ഇംഗ്ലണ്ടിനായി കോള്‍ പാല്‍മർ, ജൂഡ് ബെല്ലിങ്‌ഹാം, സക, ഇവാൻ ടോണി, അലക്സാണ്ടർ അർണോള്‍ഡ് എന്നിവരാണ് സ്കോർ ചെയ്തത്. സ്വിസിനായി ഫാബിയാൻ സ്കാർ, ഷഖിരി, സെകി ആംഡൗണിയും ലക്ഷ്യം കണ്ടു.
തുർക്കിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു നെതർലൻഡ്‌സ് സെമിയിലേക്ക് കുതിച്ചത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു തിരിച്ചുവരവ്. സമത് അകായ്‌ദിന്റെ ഗോളില്‍ തുർക്കി ആദ്യ പകുതിയില്‍ മുന്നിലെത്തി. സ്റ്റെഫാൻ ഡി വിജും മെറ്റ് മുള്‍ദൂറുമാണ് ഡച്ചിനായി ഗോള്‍ നേടിയത്.