FOOTBALL

ഇക്കുറി ലോകകപ്പ് വൈകും; ഇന്നു മുതല്‍ ക്ലബ് ഫുട്‌ബോള്‍ ആരവം

പ്രീമിയർ ലീഗും, ലീഗ് വണ്ണും, ബുണ്ടസ്‌ലിഗയും ഇന്ന് ആരംഭിക്കുമ്പോൾ, ലാലിഗയിലും സീരി എയിലും ഓഗസ്റ്റ് 13ന് മത്സരങ്ങൾ തുടങ്ങും

വെബ് ഡെസ്ക്

ലോകം വീണ്ടും ക്ലബ്‌ ഫുട്ബോളിന്റെ ആരവങ്ങളിലേക്ക്. രണ്ട് മാസത്തെ ഇടവേളക്ക് ശേഷം ലോകത്തെ പ്രമുഖ ലീഗുകൾക്ക് ഈ മാസം തുടക്കമാവുകയാണ്. ഇന്ന്‌ ഇംഗ്ലീഷ് പ്രീമിയർ ലീഗിനും, ഫ്രഞ്ച്‌ ലീഗ് വണ്ണിനും, ജര്‍മന്‍ ബുണ്ടസ്‌ലിഗയ്ക്കും കിക്കോഫാകും. അടുത്ത ആഴ്ചയോടെയാണ് ലാലിഗയും സീരിഎയും ആരംഭിക്കുക. സാധാരണ ലോകകപ്പ് നടക്കേണ്ട വർഷങ്ങളിൽ അതിന് ശേഷം ആരംഭിക്കാറുള്ള ക്ലബ് ഫുട്ബോൾ സീസൺ ഇത്തവണ ആദ്യമായി പതിവ് പോലെ തുടങ്ങി സീസണിന്റെ മധ്യത്തിൽ ലോകകപ്പിന് വഴിമാറും. ഗൾഫ് മേഖലയിലെ ചൂട് പരിഗണിച്ച്‌ ലോകകപ്പ് ഈ വർഷം നവംബറിൽ നടക്കുന്നതിനാലാണിത്.

പ്രീമിയർ ലീഗ് കിരീടവുമായി മാഞ്ചസ്റ്റർ സിറ്റി

ഇംഗ്ലീഷ് പ്രീമിയർ ലീഗ്

പതിവ് പോലെ കരുത്തുറ്റ മത്സരങ്ങളാണ് ഇംഗ്ലണ്ടില്‍ നിന്ന് ഫുട്ബോൾ ലോകം പ്രതീക്ഷിക്കുന്നത്. പെപ് ഗാർഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ സിറ്റി, ക്ളോപ്പിന്റെ ലിവർപൂൾ, പുതിയ ഉടമസ്ഥരുമായി ചെൽസി, നഷ്ടപ്രതാപം വീണ്ടെടുക്കാൻ ടെൻ ഹാഗിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ്, ലണ്ടൻ ടീമുകളായ ആഴ്‌ണല്‍, ടോട്ടൻഹാം തുടങ്ങിയ മുൻനിര ടീമുകൾ എല്ലാം ഇത്തവണയും ലീഗിന്റെ മാറ്റ് കൂട്ടും. താര കൈമാറ്റങ്ങളും മുന്നൊരുക്കങ്ങളുമായി രണ്ട് മാസത്തോളം തയ്യാറെടുത്ത ടീമുകൾ ഇന്ന് അർധരാത്രി മുതൽ മൈതാനത്തേക്ക് പോരിനിറങ്ങും. ആദ്യ മത്സരത്തിൽ ആഴ്‌ണല്‍ ക്രിസ്റ്റൽ പാലസിനെ നേരിടുന്നതോടെ ഇത്തവണത്തെ ലീഗ് മത്സരങ്ങൾ ആരംഭിക്കും. ഫുൾഹാം, ബേണ്‍മൗത്ത്‌, നോട്ടിങ്ഹാം ഫോറസ്റ്റ്‌ എന്നീ ടീമുകളാണ് ഇത്തവണ ലീഗിലേക്ക് എത്തുന്ന പുതിയ ടീമുകൾ.

നിലവിലെ ചാമ്പ്യന്‍സ് : മാഞ്ചസ്റ്റർ സിറ്റി

ലീഗ് വണ്‍ കിരീടവുമായി പാരീസ് സെയിന്റ് ജര്‍മൻ

ലീഗ് വണ്‍

മെസിയും, നെയ്മറും, എംബപ്പെയും അടങ്ങുന്ന പാരീസ് സെന്റ് ജെര്‍മെയ്‌നെ എങ്ങനെ പിടിച്ചു കെട്ടാം എന്നതാകും ലീഗിലെ മറ്റു ടീമുകളുടെ ചിന്ത. ക്രിസ്റ്റഫർ ഗള്‍ട്ടിയര്‍ എന്ന പുതിയ പരിശീലകന് കീഴിൽ കിട്ടാക്കനിയായി തുടരുന്ന ചാമ്പ്യൻസ് ലീഗ് നേടുന്നതിനോടൊപ്പം ഫ്രഞ്ച് ലീഗിലെ അപ്രമാദിത്വം തുടരാനാകും പാരീസ് പടയുടെ പ്രധാന ലക്ഷ്യം. സീസണിന് മുന്നോടിയായി സന്നാഹ മത്സരങ്ങളിലടക്കം മികച്ച പ്രകടനവുമായി വരുന്ന പി.എസ്.ജി. ഒളിമ്പിക് ലിയോൺ, നാന്റസ്‌, മൊണാകോ, റെന്നീസ് തുടങ്ങിയ ടീമുകൾ ശക്തമായ പോരാട്ടം കൊടുത്താൽ ലീഗ് വണ്‍ ആരാധകർക്ക് കൂടുതൽ ആവേശം പകരും. ലീഗിലെ ആദ്യ മത്സരത്തിൽ ഒളിമ്പിക് ലിയോൺ ഈ വർഷം സ്ഥാനക്കയറ്റം ലഭിച്ച്‌ വരുന്ന അയാസ്സിയോയെ നേരിടും. അയാസ്സിയോക്ക് പുറമെ രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ടുളോസ്സും, പത്തു വർഷത്തെ ഇടവേളക്ക് ശേഷം എജെ ഓക്‌സെറെ എന്നിവയാണ് സ്ഥാനക്കയറ്റം ലഭിച്ച മറ്റ് ടീമുകൾ.

നിലവിലെ ചാമ്പ്യന്‍സ് : പാരീസ് സെന്റ് ജെര്‍മെയ്‌ൻ

ബുണ്ടസ്‌ലിഗ കിരീടവുമായി ബയേൺ മ്യൂണിക്

ബുണ്ടസ്‌ലിഗ

2013ന് ശേഷം ബയേൺ മ്യൂണിക് അല്ലാതെ വേറെ ആരും ജർമൻ ചാമ്പ്യന്മാരായിട്ടില്ല. അതിനൊരു വെല്ലുവിളി ഉയരുമോ എന്നതാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. സൂപ്പർ താരം റോബർട്ട് ലെവൻഡോസ്‌കി ടീം വിട്ട സാഹചര്യത്തിൽ ആ വിടവ് എങ്ങനെ മറികടക്കും എന്നതും ആരാധകരുടെ ശ്രദ്ധ ജർമനിയിലേക്ക് എത്തിക്കുന്നു. ബയേണിന്‌ പുറമെ ബോറുസിയ ഡോർട്മുണ്ട്, ബയേർ ലെവര്‍ക്യൂസന്‍, ആര്‍ബി ലെപ്‌സിഷ്‌ തുടങ്ങിയ ടീമുകളും ലീഗിനെ ആവേശഭരിതമാക്കും. ജര്‍മന്‍ ഫുട്ബോളിലെ ശക്തരായിരുന്ന ഷാൽകെ, വെര്‍ഡര്‍ ബര്‍മന്‍ ടീമുകളുടെ ജര്‍മന്‍ ലീഗിലേക്കുള്ള മടങ്ങി വരവ്കൂടെയാണ്‌ ഈ സീസൺ. ബയേൺ മ്യൂണിക് ഫ്രാങ്ക്ഫർട്ടിനെ നേരിടുന്നതോടെയാണ് ലീഗിലെ മത്സരങ്ങൾക്ക് തുടക്കമാവുക.

നിലവിലെ ചാമ്പ്യന്‍സ് : ബയേൺ മ്യൂണിക്

ലാലിഗ കിരീടവുമായി റയൽ മാഡ്രിഡ്

ലാലിഗ

കിരീടം തിരിച്ച്‌ പിടിക്കാൻ ബാഴ്‌സലോണ, നിലനിർത്താൻ റയൽ മാഡ്രിഡ്. മെസ്സിയും റൊണാൾഡോയും പോയത് ലീഗിന് ക്ഷീണം ഏൽപ്പിച്ചെങ്കിലും, യൂറോപ്പിലെ ഗോളടിയന്ത്രം റോബർട്ട് ലെവൻഡോസ്‌കിയെ ടീമിലെത്തിച്ച്‌ ബാഴ്സയും കഴിഞ്ഞ സീസണിലെ യുവനിരയിൽ വിശ്വാസമർപ്പിച്ച റയൽ മാഡ്രിഡും ലീഗിനും ആരാധകർക്കും പുത്തനുണർവ് നൽകുമെന്ന പ്രതീക്ഷയിലാണ് കായികലോകം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും നോട്ടമിട്ട താരങ്ങളെ കൂടാരത്തിലെത്തിച്ച ചാവിയും സംഘവും ഇത്തവണ രണ്ടും കൽപ്പിച്ചാണ്. മറുവശത്ത്‌ കൈമാറ്റ വിപണിയിൽ ശാന്തരായിരുന്നെങ്കിലും, കരീം ബെന്‍സേമ നയിക്കുന്ന മുന്നേറ്റവും വിനീഷ്യസ്, കാമവിംങ, മിലിഷ്യാവോ തുടങ്ങിയ യുവ തുർക്കികൾ അണിനിരക്കുന്ന റയൽ മികച്ച പോരാട്ടം പുറത്തെടുക്കാൻ പ്രാപ്തരാണെന്ന് തെളിയിച്ചവരാണ്‌. സിമിയോണിയുടെ കീഴിൽ വരുന്ന അത്ലറ്റികോ മാഡ്രിഡ് ഇരു ടീമുകൾക്കും ഭീഷണി ഉണ്ടാക്കും. ഇവർക്ക് പുറമെ സെവിയ്യ, വിയ്യാറയൽ, അത്ലറ്റികോ ബിൽബാവോ തുടങ്ങിയ ടീമുകളും മികച്ച പോരാട്ടം പുറത്തെടുത്താൽ കിരീടപ്പോര് കനക്കും. അൽമേറിയ,റയൽ വല്ലഡോയിഡ്, ജിറോണ എന്നിവയാണ് സ്ഥാനക്കയറ്റം ലഭിച്ച്‌ വരുന്ന ടീമുകൾ. ആദ്യ കളിയില്‍ ഓഗസ്റ്റ് 13ന് സെവിയ്യ ഒസാസുനയെ നേരിടും.

നിലവിലെ ചാമ്പ്യന്‍സ് : റയൽ മാഡ്രിഡ്

സീരി എ കിരീടവുമായി എസി മിലാൻ

സീരി എ

ഒരു ഇടവേളക്ക് ശേഷം മിലാൻ ടീമുകളുടെ മികച്ച പ്രകടനം ഇറ്റാലിയൻ ലീഗിൽ തിരികെ വന്നിരിക്കുകയാണ്. കഴിഞ്ഞ സീസണിലെ കിരീടനേട്ടത്തോടെ 2020-21 സീസണിലെ ഇന്ററിന്റെ കിരീടത്തിന് മറുപടികൊടുത്തു എസി മിലാൻ. ഇവരുടെ കൂടെ യുവന്റസ്, എഎസ് റോമ, നാപോളി, ലാസിയോ എന്നിവരും ചേരുമ്പോൾ എല്ലാവരുടെയും ലക്ഷ്യം കിരീടം മാത്രമാണ്. യുവന്റസ് വിട്ട്‌ മൗറീഞ്ഞ്യോയുടെയുടെ റോമയിൽ കളിക്കുന്ന ഡിബാലയുടെ പ്രകടനം കാണാനുള്ള ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പും ഇത്തവണത്തെ സീരിഎയുടെ പ്രത്യേകതയാണ്. ഓഗസ്റ്റ് 13ന് സമ്പോര്‍ഡിയ അറ്റ്ലാന്റയെയും, എസി മിലാൻ ഉഡനീസിനെയും നേരിടുന്നതോടെ ഈ സീസണിലെ മത്സരങ്ങൾക്ക് തുടക്കമാകും.

നിലവിലെ ചാമ്പ്യന്‍സ് : എസി മിലാൻ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ