FOOTBALL

കവര്‍ച്ചാ ശ്രമത്തിനിടെ ആക്രമണം; ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ബാജിയോയ്ക്ക് പരുക്ക്

വെബ് ഡെസ്ക്

ഇറ്റലിയുടെയും സീരി എ ക്ലബ് എസി മിലാന്റെയും ഇതിഹാസ താരമായ റോബര്‍ട്ടോ ബാജിയോയയ്ക്ക് കവര്‍ച്ചാ ശ്രമത്തിനിടെ പരുക്ക്. കഴിഞ്ഞ ദിവസം സ്വവസതിയില്‍ കുടുംബാംഗങ്ങളോടൊപ്പം ഇറ്റലി-സ്‌പെയിന്‍ യൂറോ കപ്പ് മത്സരം വീക്ഷിക്കുന്നതിനിടെ അഞ്ചംഗ കവര്‍ച്ചാ സംഘം വീട്ടിലേക്ക് അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു.

അക്രമികളെ തടയാനുള്ള ശ്രമത്തിനിടെയാണ് താരത്തിനു പരുക്കേറ്റത്. അക്രമികളില്‍ ഒരാള്‍ തോക്കിന്റെ പാത്തി ഉപയോഗിച്ച് ബാജിയോയുടെ തലയില്‍ ശക്തമായി പ്രഹരിക്കുകയായിരുന്നു. തുടര്‍ന്ന് ബാജിയോയെയും കുടുംബാംഗങ്ങളെയും ഒരു മുറിയില്‍ പൂട്ടിയിട്ട ശേഷം സംഘം വീടു കൊള്ളയടിച്ചു മടങ്ങി.

അക്രമികള്‍ പോയെന്ന് ഉറപ്പായ ശേഷം പൂട്ടിയിട്ട മുറിയുടെ വാതില്‍ തകര്‍ത്താണ് ബാജിയോ സഹായം തേടിയത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് താരത്തെ ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. തലയ്ക്ക് ഗുരതരമായ പരുക്കേറ്റില്ലെന്നും പക്ഷേ, ഏതാനും തുന്നിക്കെട്ടലുകള്‍ വേണ്ടി വന്നുവെന്നും പിന്തുണച്ചവര്‍ക്കും പ്രാര്‍ഥിച്ചവര്‍ക്കും നന്ദി പറയുന്നുവെന്നും ബാജിയോ പിന്നീട് പ്രതികരിച്ചു.

ഇറ്റലിയുടെ അഭിമാനമായ താരത്തിനു നേരെ നടന്ന അക്രമം ക്ഷമിക്കാവുന്നതല്ലെന്നും കുറ്റവാളികളെ ഉടന്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും ബാജിയോ താമസിക്കുന്ന ഇറ്റാലിയന്‍ പ്രവിശ്യയായ വെനീറ്റോയുടെ പ്രസിഡന്റ് ലൂക്ക സയ അറിയിച്ചു. താരത്തിന്റെ വസതിയില്‍ നിന്ന് എന്തൊക്കെ കളവ് പോയിട്ടുണ്ടെന്ന് പരിശോധിച്ചു വരികയാണെന്നും ബാജിയോയ്ക്കും കുടുംബത്തിനും പൂര്‍ണ സുരക്ഷയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

1988 മുതല്‍ 2004 വരെ ഇറ്റാലിയന്‍ ടീമിന്റെ കുന്തമുനയായിരുന്നു ബാജിയോ. തുടരെ മൂന്നു ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ ഇറ്റാലിയന്‍ താരമെന്ന ബഹുമതിയും ബാജിയോ സ്വന്തമാക്കിയിട്ടുണ്ട്. ബാജിയോയുടെ മിന്നും പ്രകടനത്തിന്റെ മികവിലാണ് 1994-ല്‍ ഇറ്റലി ലോകകപ്പ് ഫൈനലില്‍ കടന്നത്. എന്നാല്‍ ബ്രസീലിനെതിരായ ഫൈനലിന്റെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നിര്‍ണായക കിക്ക് പാഴാക്കിയ ബാജിയോ ഇറ്റലിയുടെ ദുരന്ത നായകനുമായി. ഇറ്റലിക്കു പുറമേ മിലാന്‍ ടീമുകളുടെയും കുന്തമുനയായിരുന്നു. ഇന്റര്‍മിലാനും എസി മിലാനും വേണ്ടി ബൂട്ടുകെട്ടിയ ബാജിയോയ്ക്ക് വന്‍ ആരാധക പിന്തുണയാണുള്ളത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?