ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍ സമ്മര്‍ട്രാന്‍സ്ഫറുകളുമായി ഏറെ വാര്‍ത്ത സൃഷ്ടിച്ച ലണ്ടന്‍ ക്ലബ് ചെല്‍സിക്ക് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാനാകുന്നില്ല. ഇന്ന് സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ തുടക്കത്തിലേ ലീഡ് നേടിയ ശേഷം താരതമ്യേന ദുര്‍ലബരായ ക്രിസ്റ്റല്‍ പാലസിനോട് 1-1 സമനില വഴങ്ങി.
ഹോംതട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തിന്റെ 25-ാം മിനിറ്റില്‍ തന്നെ ലീഡ് നേടാന്‍ ചെല്‍സിക്ക് കഴിഞ്ഞിരുന്നു. നിക്കോളാസ് ജോണ്‍സണ്‍ ആയിരുന്നു സ്‌കോര്‍ ചെയ്തത്. കോള്‍ പാമര്‍ നല്‍കിയ പാസില്‍ നിന്നായിരുന്നു ജോണ്‍സണ്‍ ലക്ഷ്യം കണ്ടത്. ലീഡ് നേടിയതോടെ ആക്രമണം കടുപ്പിച്ചെങ്കിലും ആദ്യപകുതിയില്‍ വീണ്ടും വലകുലുക്കാന്‍ അവര്‍ക്കായില്ല.
ക്രിസ്റ്റല്‍ പാലസിന്റെ തകര്‍പ്പന്‍ പ്രത്യാക്രമണങ്ങള്‍ കണ്ടുകൊണ്ടാണ് രണ്ടാം പകുതി ആരംഭിച്ചത്. ചെല്‍സിയുടെ നീക്കങ്ങള്‍ക്ക് അപ്പപ്പോള്‍ ക്രിസ്റ്റല്‍ പാലസ് വേഗതയിലുള്ള കണ്ടര്‍ അറ്റാക്കിങ്ങിലൂടെ മറുപടി നല്‍കിയപ്പോള്‍ മത്സരം ആവേശകരമായി. ഏറെ വൈകാതെ തന്നെ അവര്‍ ഒപ്പമെത്തുകയും ചെയ്തു.
മത്സരത്തിന്റെ 53-ാം മിനിറ്റില്‍ എബ്രേഷി എസെ നേടിയ ഗോളാണ് ക്രിസ്റ്റല്‍ പാലസിന് ആശ്വാസമായത്. ഒപ്പത്തിയ ശേഷം ഇരുടീമുകളും ലീഡിനായി കിണഞ്ഞ് പൊരുതിയെങ്കിലും വല കുലുങ്ങിയില്ല. ഇതിനിടെ 63-ാം മിനിറ്റില്‍ ജാക്‌സണ്‍ വീണ്ടും ക്രിസ്റ്റല്‍ പാലസ് വലയില്‍ പന്തെത്തിച്ചെങ്കിലും അതിനു മുമ്പേ റഫറി ഫൗള്‍ വിസില്‍ മുഴക്കിയതിനാല്‍ അനുവദിക്കപ്പെട്ടില്ല.
ഇന്നത്തെ സമനിലയോടെ പോയിന്റ് പട്ടികയില്‍ ആദ്യ ഏഴില്‍ എത്താമെന്ന ചെല്‍സി മോഹങ്ങള്‍ തകര്‍ന്നു. മൂന്നു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഒന്നു വീതം ജയവും സമനിലയും തോല്‍വിയുമായി നാലു പോയിന്റോടെ പതിനൊന്നാം സ്ഥാനത്താണ് അവര്‍. ഇന്നത്തെ സമനിലയോടെ ഒരു പോയിന്റുമായി അക്കൗണ്ട് തുറന്ന ക്രിസ്റ്റല്‍ പാലസാകട്ടെ മൂന്നു മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റുമായി പതിനാറാം സ്ഥാനത്തുമാണ്.