ഐഎസ്എല്ലിലെ അഞ്ചാം റൗണ്ട് മത്സരങ്ങൾക്ക് തുടക്കമാകുന്നു. ആറാം സ്ഥാനക്കാരായ ജംഷഡ്പുര്‍ എഫ്‌സി ഇന്ന് അഞ്ചാമതുള്ള എഫ്‌സി ഗോവയെ നേരിടും. എഫ്സി ഗോവ മൈതാനത്താണ് മത്സരം. സീസണിൽ ആദ്യമായാണ് എഫ്‌സി ഗോവ സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കാനിറങ്ങുന്നത്.
അവസാന മത്സരത്തിൽ ഹൈദരാബാദിനോട് തോറ്റ ശേഷമാണ് ഗോവ സ്വന്തം കാണികള്‍ക്കു മുന്നില്‍ കളിക്കാനിറങ്ങുന്നത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഹൈദരാബാദിനോട് തോറ്റത്. ഇഷ്ട ഫോർമേഷനായ 4-2-3-1 ൽ തന്നെ ടീമിനെ കളത്തിലിറക്കാനാകും ഗോവൻ കോച്ച് കാർലോസ് പെന്ന ശ്രമിക്കുക. പരുക്ക് മൂലം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ഗ്ലെൻ മാർട്ടിനെസിന്റെയും, ധീരജ് സിങ്ങിനെയും പരുക്ക് മാറിയത് വിജയ കോമ്പിനേഷനിലേക്ക് മടങ്ങാൻ കോച്ചിനെ സഹായിക്കും.
ഐഎസ്എല്ലില്‍ നൂറാം മത്സരത്തിനാണ് ജംഷഡ്പുര്‍ എഫ്‌സി തയ്യാറെടുക്കുന്നത്. ആദ്യ മത്സരത്തിലെ തോൽവിയിൽ നിന്ന് ഒരു ജയവും സമനിലയുമായി തിരിച്ചുവരവിന്റെ പാതയിലാണ് ജംഷഡ്പുര്‍ എഫ്‌സി. 4 - 4 -2 ഫോർമേഷനിൽ ഇറങ്ങുന്ന അവർക്ക് നായകൻ പീറ്റർ ഹാര്‍ട്ട്‌ലിയുടെ ഫോം പ്രതീക്ഷ നൽകുന്നു. കഴിഞ്ഞ മത്സരത്തിൽ മികച്ച സേവുകളുമായി തിളങ്ങിയ ഗോൾ കീപ്പർ ടി പി രഹനേഷിന്റെ പ്രകടനവും ഇന്നത്തെ മത്സരത്തിൽ നിർണായകമാകും. മുന്നേറ്റനിര കാര്യമായി ശോഭിക്കാത്തതാണ് അവരെ കുഴക്കുന്ന ഘടകം.
ഇതുവരെ പത്ത് മത്സരങ്ങളിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഒരു മത്സരം സമനിലയിലായപ്പോൾ അഞ്ച് മത്സരത്തിൽ എഫ്‌സി ഗോവ വിജയിച്ചു. നാലെണ്ണത്തിലാണ് ജംഷഡ്‌പൂരിന് ജയിക്കാനായത്. ഐഎസ്എല്ലിൽ ജംഷഡ്പുര്‍ എഫ്‌സിയെ കൂടുതൽ തവണ പരാജയപ്പെടുത്തിയ ടീമാണ് എഫ്‌സി ഗോവ.