വനിതാ ലോകകപ്പില്‍ വിവേചന വിരുദ്ധ ആംബാന്‍ഡുകള്‍ക്ക് അനുമതി നല്‍കി ഫിഫ. ടീം ക്യാപ്റ്റന്‍മാര്‍ക്ക് ലിംഗ സമത്വം, സമാധാനം തുടങ്ങിയവയെക്കുറിച്ചുള്ള സന്ദേശങ്ങള്‍ അടങ്ങിയ ആംബാന്‍ഡ് ധരിക്കാമെന്ന് കായിക ഭരണ സമിതി ഫിഫ അറിയിച്ചു. ഖത്തർ ലോകകപ്പിൽ എൽജിബിടിക്യൂ ആം ബാൻഡ് അണിയാൻ അനുമതി നൽകാതിരുന്ന ഫിഫ തീരുമാനം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
'ഫുട്‌ബോള്‍ യുണൈറ്റ്‌സ് ദ വേള്‍ഡ്' ക്യാമ്പെയ്‌ന്റെ ഭാഗമായി തിരഞ്ഞെടുത്ത വിഷയങ്ങളില്‍ നിന്ന് ടീം അംഗങ്ങള്‍ക്ക് എട്ട് വ്യത്യസ്ത വിഷയങ്ങള്‍ തിരഞ്ഞെടുക്കാമെന്ന് ഫിഫ അറിയിച്ചു. ലോകകപ്പില്‍ പങ്കെടുക്കുന്ന 32 ടീമുകളുമായും കളിക്കാരുമായും ഐക്യരാഷ്ട്രസഭയുടെ വിവിധ ഏജൻസികളുമായും ചർച്ച നടത്തിയാണ് വിഷയങ്ങള്‍ തിരഞ്ഞെടുത്തത്.
''ഫുട്ബോള്‍, ലോകത്തെ ഒന്നിപ്പിക്കുന്നു. ഫിഫ വനിതാ ലോകകപ്പ് പോലുള്ള ടൂർണമെന്റുകൾക്ക് ആളുകളെ ഒരുമിച്ച് കൊണ്ടുവരാനുണ്ട് ശക്തിയുണ്ട്,'' ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പ്രസ്താവനയില്‍ പറഞ്ഞു. ലിംഗ സമത്വം, വിശപ്പ്, വിദ്യാഭ്യാസം, ഗാര്‍ഹിക പീഡനങ്ങള്‍ തുടങ്ങിയ സാമൂഹി വിഷയങ്ങള്‍ ലോകകപ്പ് മത്സരങ്ങളില്‍ ഉയര്‍ത്തിക്കാട്ടാന്‍ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു.
ലിംഗസമത്വം, എല്ലാവര്‍ക്കും വിദ്യാഭ്യാസം, സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയല്‍, സമാധാനം, വിശപ്പ് രഹിതം തുടങ്ങിയ സാമൂഹിക വിഷയങ്ങളായിരിക്കും ആംബാന്‍ഡില്‍ ഉള്‍പ്പെടുത്തുക. ഫുട്‌ബോള്‍ എന്നാല്‍ സന്തോഷം, സമാധാനം, പ്രതീക്ഷ, സ്‌നേഹം എന്നിവയാണ്. ഇതായിരിക്കും എട്ടാമത്തെ ആംബാന്‍ഡ് സന്ദേശം. ദേശീയ ഫെഡറേഷനുകളുമായുള്ള മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ആംബാന്‍ഡുകള്‍ വികസിപ്പിച്ചെടുത്തത്. ന്യുസീലൻഡും ഓസ്ട്രേലിയയും സംയുക്തമായി ആതിഥേയരാകുന്ന ടൂർണമെന്റിന് ജൂലൈ 20നാണ് കിക്കോഫ്.