FOOTBALL

വനിതാ ഫുട്‌ബോള്‍ ലോകകപ്പ്; പോയിന്റ് പങ്കിട്ട് യുഎസും ഹോളണ്ടും, ഓസ്‌ട്രേലിയയെ തകര്‍ത്ത് നൈജീരിയ

മറ്റൊരു മത്സരത്തില്‍ വിയറ്റ്‌നാമിനെ തോല്‍പിച്ച് പോര്‍ചുഗല്‍ തങ്ങളുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് വിജയം നേടി.

വെബ് ഡെസ്ക്

ഒമ്പതാമത് ഫിഫ വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ നിലവിലെ ജേതാക്കളായ യുഎസ്എയും റണ്ണറപ്പുകളായ ഹോളണ്ടും ഓരോ ഗോളടിച്ചു സമനിലയില്‍ പിരിഞ്ഞു. കഴിഞ്ഞ തവണത്തെ ഫൈനലിന്റെ തനിയാവര്‍ത്തനമായ മത്സരം പക്ഷേ പ്രതീക്ഷിച്ച പോലെ ആവേശകരമായില്ല. ഇരുകൂട്ടരും തോല്‍ക്കാതിരിക്കാന്‍ ശ്രമിച്ചതോടെ മത്സരം സമനിലയിലേക്ക് നീങ്ങുകയായിരുന്നു.

മത്സരത്തിന്റെ 17-ാം മിനിറ്റില്‍ ഹോളണ്ടായിരുന്നു ആദ്യം ലീഡ് നേടിയത്. വിക്‌ടോറിയ പെലോവയുടെ പാസില്‍ നിന്ന് ഗില്‍ റൂഡ് ആയിരുന്നു സ്‌കോര്‍ ചെയ്തത്. 2011 ലോകകപ്പിനു ശേഷം ഇതാദ്യമായാണ് യുഎസ്എ ഒരു ലോകകപ്പ് മത്സരത്തില്‍ പിന്നിലായത്. അതിനാല്‍ത്തന്നെ അവര്‍ സമനിലയ്ക്കായി പൊരുതിക്കളിക്കുകയായിരുന്നു പിന്നീട്.

ആദ്യപകുതിയില്‍ ഗോള്‍ മടക്കാന്‍ കഴിയാതെ പോയ അവര്‍ രണ്ടാം പകുതിയില്‍ 62-ാം മിനിറ്റില്‍ ഒപ്പമെത്തി. ഒരു തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ നായിക ലിന്റ്‌സി ഹോറനാണ് സമനില ഗോള്‍ നേടിയത്. പിന്നീട് ഇരുടീമുകളും ചില അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും ആര്‍ക്കും വിജയഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.

അതേസമയം ഇന്നു നടന്ന മറ്റൊരു ആവേശപ്പോരാട്ടത്തില്‍ ആതിഥേയരായ ഓസ്‌ട്രേലിയയുടെ പ്രതീക്ഷകള്‍ തകര്‍ത്ത് നൈജീരിയതങ്ങളുടെ പ്രീക്വാര്‍ട്ടര്‍ സ്വപ്നങ്ങള്‍ സജീവമാക്കി. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് അവര്‍ ഓസ്‌ട്രേലിയയെ തോല്‍പിച്ചത്. തോല്‍വിയോടെ ഓസ്‌ട്രേലിയയുടെ സാധ്യതകള്‍ തുലാസിലായി.

നിലവില്‍ രണ്ടു മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റുമായി ഒന്നാം സ്ഥാനത്താണ് നൈജീരിയ. അത്ര തന്നെ പോയിന്റുള്ള കാനഡയാണ് രണ്ടാം സ്ഥാനത്ത്. രണ്ടു മത്സരങ്ങളില്‍ നിന്ന് മൂന്നു പോയിന്റുമായി ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്താണ്. കളിച്ച രണ്ടു കളിയും തോറ്റ അയര്‍ലന്‍ഡാണ് അവസാന സ്ഥാനത്ത്.

അയര്‍ലന്‍ഡിനെതിരേയാണ് നൈജീരിയയുടെ അവസാന മത്സരം. അതില്‍ ഒരു സമനില പോലും അവരെ നോക്കൗട്ടില്‍ എത്തിക്കും. അതേസമയം ശക്തരായ കാനഡയ്‌ക്കെതിരേയാണ് ഓസ്‌ട്രേലിയയുടെ അടുത്ത മത്സരം. അതില്‍ ജയത്തില്‍ കുറഞ്ഞൊന്നും ആതിഥേയരെ തുണയ്ക്കില്ല. എന്നാല്‍ കാനഡയ്ക്ക് ഒരു സമനില പോലും നോക്കൗട്ട് ഉറപ്പാക്കും.

ഉചെന്ന കാനു, ഓസിനാചി ഓഹലെ, അസിസാറ്റ് ഒഷോള എന്നിവരാണ് നൈജീരിയയ്ക്കായി സ്‌കോര്‍ ചെയ്തത്. എമിലി വാന്‍ എഡ്മണ്ട്, അലെന്ന കെന്നഡി എന്നിവരാണ് ഓസ്‌ട്രേലിയയ്ക്കായി ലക്ഷ്യം കണ്ടത്. മത്സരത്തില്‍ ആദ്യം ലീഡ് നേടിയ ശേഷമായിരുന്നു ഓസ്‌ട്രേലിയയുടെ തോല്‍വി.

മറ്റൊരു മത്സരത്തില്‍ വിയറ്റ്‌നാമിനെ തോല്‍പിച്ച് പോര്‍ചുഗല്‍ തങ്ങളുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് വിജയം നേടി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു പറങ്കിപ്പടയുടെ ജയം. ജയത്തോടെ അവര്‍ നോക്കൗട്ട് സാധ്യത നിലനിര്‍ത്തിയപ്പോള്‍ വിയറ്റ്‌നാം പുറത്തായി. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തെല്‍മ എന്‍കാര്‍നാകാവോയും 21-ാം മിനിറ്റില്‍ കിക നസറത്തുമാണ് അവര്‍ക്കായി ലക്ഷ്യം കണ്ടത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം