FOOTBALL

വനിതാ ഫുട്‌ബോള്‍ ലോകകപ്പ്: സ്‌പെയിനും സ്വിറ്റ്‌സര്‍ലന്‍ഡും ജയിച്ചു, നൈജീരിയ കുരുങ്ങി

സ്‌പെയിന്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് കോസ്റ്റാറിക്കയെ തോല്‍പിച്ചപ്പോള്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് ഫിലിപ്പീന്‍സിനെതിരേയായിരുന്നു സ്വിസ് പടയുടെ ജയം

വെബ് ഡെസ്ക്

ഒമ്പതാമത് വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ കരുത്തരായ സ്‌പെയിനിനും സ്വിറ്റ്‌സര്‍ലന്‍ഡിനും തകര്‍പ്പന്‍ ജയം. അതേസമയം ആഫ്രിക്കന്‍ ശക്തികളായ നൈജീരിയ കാനഡയ്ക്കു മുന്നില്‍ ഗോള്‍രഹിത സമനിലയില്‍ കുരുങ്ങി. ഗ്രൂപ്പ് ഘട്ടത്തില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ സ്‌പെയിന്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് കോസ്റ്റാറിക്കയെ തോല്‍പിച്ചപ്പോള്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് ഫിലിപ്പീന്‍സിനെതിരേയായിരുന്നു സ്വിസ് പടയുടെ ജയം.

ന്യൂസിലന്‍ഡിലെ ഡുനെഡിനില്‍ ഫോര്‍സിത്ത് ബാര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഫിലിപ്പീന്‍സിനെതിരേ ഇരുപകുതികളിലുമായി നേടിയ രണ്ടു ഗോളുകളാണ് സ്വിറ്റ്‌സര്‍ലന്‍ഡിന് തുണയായത്. മത്സരത്തിന്റെ 45-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ രമോണ ബാഷ്മാനാണ് അവരെ ആദ്യം മുന്നിലെത്തിച്ചത്.

ഈ ഗോള്‍ ലീഡില്‍ ഇടവേളയ്ക്കു പിരിഞ്ഞ അവര്‍ക്കു വേണ്ടി രണ്ടാം പകുതിയില്‍ 64-ാം മിനിറ്റില്‍ സെറെയ്‌ന പ്യൂബെല്ലാണ് രണ്ടാം ഗോള്‍ നേടി പട്ടിക തികച്ചത്. രണ്ടു ഗോള്‍ ജയത്തോടെ മൂന്നു പോയിന്റുമായി ഗ്രൂപ്പ് എയില്‍ ഒന്നാമതെത്താനും അവര്‍ക്കായി. മൂന്നു പോയിന്റുള്ള ന്യൂസിലന്‍ഡാണ് രണ്ടാം സ്ഥാനത്ത്. 25-ന് നോര്‍വെയ്‌ക്കെതിരേയാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ അടുത്ത മത്സരം.

വെല്ലിങ്ടണില്‍ നടന്ന മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ കോസ്റ്റാറിക്കയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് സ്‌പെയിന്‍ പുറത്തെടുത്തത്. മത്സരത്തിന്റെ ആദ്യ 30 മിനിറ്റിനുള്ളില്‍ തന്നെ സ്‌പെയിന്‍ മൂന്നു ഗോളുകള്‍ക്ക് മുന്നിലെത്തിയിരുന്നു.

21-ാം മിനിറ്റില്‍ കോസ്റ്റാറിക്കന്‍ താരം വലേറിയ ഡെല്‍ കാംപോ വഴങ്ങിയ സെല്‍ഫ് ഗോളിലൂടെയാണ് സ്‌പെയിന്‍ ആദ്യ ലീഡ് നേടിയത്. അപ്രതീക്ഷിത ഗോളില്‍ മുന്നിലെത്തിയ ആവേശത്തില്‍ ആക്രമിച്ചു കളിച്ച സ്പാനിഷ് പട ആറു മിനിറ്റിനകം രണ്ടു ഗോളുകള്‍ കൂടി നേടി മത്സരം സ്വന്തം പേരിലാക്കി മാറ്റി. പിന്നീടും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും സ്പാനിഷ് ടീമിന് അത് മുതലാക്കാനായില്ല.

23-ാം മിനിറ്റില്‍ ഐയ്താന ബോണ്‍മാറ്റിയും 27-ാം മിനിറ്റില്‍ എസ്തര്‍ ഗോണ്‍സാലസുമാണ് സ്‌പെയിന്റെ പട്ടിക തികച്ചത്. മത്സരത്തില്‍ സര്‍വാധപത്യം പുലര്‍ത്തിയ സ്‌പെയിന്‍ 46 ഷോട്ടുകളാണ് കോസ്റ്റാറിക്കന്‍ വലയിലേക്ക് പായിച്ചത്. എന്നാല്‍ ഫിനിഷിങ്ങിലെ പോരായ്മകള്‍ തിരിച്ചടിയായി.ഗ്രൂപ്പ് സിയില്‍ മൂന്നു പോയിന്റുമായി വിജയത്തുടക്കം നേടിയ സ്‌പെയിന്‍ 26-ന് ദുര്‍ബലരായ സംബിയയെയാണ് ഇനി നേരിടുക. ഏഷ്യന്‍ പ്രതിനിധികളായ ജപ്പാനാണ് ഗ്രൂപ്പിലെ മറ്റൊരു ടീം.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം