മത്സര ശേഷം ടീമംഗത്തെ ആക്രമിച്ച സംഭവത്തിൽ സഹപരിശീലകനെ പുറത്താക്കി ബ്രസീൽ ഫുട്‌ബോള്‍ ക്ലബ് ഫ്‌ളെമെംഗോ. സ്‌ട്രൈക്കർ പെഡ്രോയുടെ മുഖത്തിടിച്ചതിന് സഹപരിശീലകൻ പാബ്ലോ ഫെർണാണ്ടസിനെയാണ് ഫ്‌ളെമെംഗോ കഴിഞ്ഞ ദിവസം പുറത്താക്കിയത്. ശനിയാഴ്ച അത്‌ലറ്റിക്കോ മിനെറോയുമായുള്ള മത്സരത്തിൽ ഫ്ലെമെംഗോ 2-1 ന് വിജയിച്ചിരുന്നു.
ഇതിനു ശേഷം ഡ്രസിങ് റൂമിൽ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടയിലാണ് കയ്യേറ്റം ഉണ്ടായതും പാബ്ലോ ഫെർണാണ്ടസ് പെഡ്രോയുടെ മുഖത്തിടിച്ചതും. കഴിഞ്ഞ ലോകകപ്പിൽ ബ്രസീലിന്റെ ദേശീയ ടീമിൽ കളിച്ച താരമാണ് പെഡ്രോ.
സഹപരിശീലകൻ മുഖത്തിടിച്ച സംഭവം കഴിഞ്ഞ ദിവസമാണ് പെഡ്രോ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഒപ്പം പോലീസിലും പരാതി നൽകിയിരുന്നു. സംഭവിച്ചത് ഒരിക്കലും നടക്കാൻ പാടില്ലാത്ത ഗുരുതരമായ തെറ്റെന്നായിരുന്നു 26 കാരനായ പെഡ്രോ സാമൂഹിക മാധ്യമങ്ങളിലൂടെ സംഭവത്തെ കുറിച്ച് വ്യക്തമാക്കിയത്.
എന്നാൽ സംഭവത്തിൽ ക്ഷമ ചോദിച്ച് പാബ്ലോ ഫെർണാണ്ടസ് രംഗത്തെത്തി. മത്സരത്തിന്റെ സമ്മർദ്ദം കൂടിയ ഒരു പ്രത്യേക സാഹചര്യത്തിലാണ് സംഭവം നടന്നതെന്നായിരുന്നു ഫെർണാണ്ടസിന്റെ വിശദീകരണം.
"എനിക്ക് വേണമെങ്കിൽ ആ സംഭവത്തെ പല രീതിയിൽ വ്യാഖ്യാനിക്കാം. പക്ഷെ ക്ഷമാപണം നടത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്. പെഡ്രോയോടും ടീമംഗങ്ങളോടും ഫ്‌ളെമെംഗോയിലെ എല്ലാ അംഗങ്ങളോടും ഞാൻ മാപ്പ് ചോദിക്കുകയാണ്", പാബ്ലോ ഫെർണാണ്ടസ് പറഞ്ഞു.
എന്നാൽ മുൻപും മോശം പെരുമാറ്റത്തിന് നടപടി നേരിട്ട വ്യക്തിയാണ് പാബ്ലോ ഫെർണാണ്ടസ്. 2021 ഓഗസ്റ്റിൽ മാഴ്‌സെയിലും നൈസും തമ്മിൽ നടന്ന മത്സരത്തിനിടെ ഒരു ആരാധകനെ തല്ലിയതിന് ഫെർണാണ്ടസിനെ ഫ്രാൻസിന്റെ ലീഗ് 1 സസ്‌പെൻഡ് ചെയ്തിരുന്നു.