ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ബംഗളുരു എഫ്.സിയുടെ താരവേട്ട തുടരുന്നു. കേരളാ ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ ജെസല്‍ കര്‍നെയ്‌റോയെ സ്വന്തമാക്കിയതിനു പിന്നാലെ ബ്ലാസ്‌റ്റേഴ്‌സ് മുന്‍താരവും നിലവില്‍ ഹൈദരാബാദ് എഫ്.സി. താരവുമായി ഹാളിചരണ്‍ നര്‍സാരിയെയും ബംഗളുരു സ്വന്തമാക്കി.
നര്‍സാരിക്കൊപ്പം ഹൈദരാബാദിന്റെ തന്നെ മറ്റൊരു താരമായ രോഹിത് ഡാനുവിനെയും ബംഗളുരു പാളയത്തിലെത്തിച്ചിട്ടുണ്ട്. മൂന്നു വര്‍ഷത്തെ കരാറാണ് ഇരുതാരങ്ങളും ബംഗളുരുവുമായി ഒപ്പുവച്ചത്.
2020-ലാണ് താരം ഹൈദരാബാദില്‍ എത്തിയത്. മൂന്നു സീസണുകളിലായി 44 മത്സരങ്ങളില്‍ അവര്‍ക്കായി ബൂട്ടുകെട്ടിയ നര്‍സാരി ഏഴു ഗോളുകളും നേടി. അതിനു മുമ്പ് 2018-2020 സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ താരമായിരുന്നു.
ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി രണ്ടു സീസണില്‍ 26 മത്സരങ്ങള്‍ കളിച്ച താരം രണ്ടു ഗോളുകളും നേടിയിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് താരമായിരിക്കെ 2019-ല്‍ ചെന്നൈയിന്‍ എഫ്.സിക്കായി ലോണ്‍ അടിസ്ഥാനത്തില്‍ രണ്ടു മത്സരങ്ങളും കളിച്ചു.
അസം സ്‌ട്രൈക്കറായ നസാരില്‍ 2015-ലാണ് ഇന്ത്യന്‍ ദേശീയ ടീമില്‍ അരങ്ങേറിയത്. ഇതുവരെ 27 രാജ്യാന്തര മത്സരത്തില്‍ ഇന്ത്യക്കായി ബൂട്ടുകെട്ടിയ താരത്തിനു പക്ഷേ രാജ്യാന്തര ഗോളുകളൊന്നും കുറിയ്ക്കാനായിട്ടില്ല.