FOOTBALL

കന്നിവിജയത്തിന് സമ്മാനം കപ്പയും മീനും കരിപ്പെട്ടിക്കാപ്പിയും!

സർക്കാർ അവഗണനയിൽ മനം നൊന്ത് പ്രമുഖ കായിക താരങ്ങൾ കേരളം വിടാൻ ഒരുങ്ങുമ്പോൾ, അൻപത് വർഷം മുൻപത്തെ ഒരു സ്വീകരണക്കഥ

രവി മേനോന്‍

കേരളീയ താരങ്ങളുടെ ഏഷ്യൻ ഗെയിംസ്‌ പ്രകടനം യഥാവിധി അംഗീകരിക്കപ്പെടാതെ പോകുന്നതിന്റെ ദുഃഖം പല പ്രതിഭകളും പങ്കുവെച്ചു കേട്ടപ്പോൾ ഓർമ്മവന്നത് ഒരു പഴയ സ്വീകരണക്കഥയാണ്. ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിന് സ്വന്തം നാടും ഭരണകൂടവും നൽകിയ ആദരത്തിന്റെ രസികൻ ഓർമ്മ.

അര നൂറ്റാണ്ടു മുൻപായിരുന്നു ആ ഐതിഹാസിക വിജയം. എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ റെയിൽവേസിനെ തോൽപ്പിച്ച് ആതിഥേയർ ദേശീയ ഫുട്ബോൾ ചാമ്പ്യന്മാരായതിന്റെ പിറ്റേന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു സർക്കാർ. എല്ലാ പ്രതീക്ഷകൾക്കും അപ്പുറത്തെ രാജകീയ സ്വീകരണമാണ് അന്ന് ക്യാപ്റ്റൻ മണിക്കും കൂട്ടർക്കും വേണ്ടി കേരളം കരുതിവെച്ചിരുന്നത്.

1973-ലെ സന്തോഷ് ട്രോഫി നേടിയ കേരളാ ഫുട്‌ബോള്‍ ടീമംഗങ്ങള്‍.

"ടൂറിസം വകുപ്പ് വിജയികൾക്ക് ഒരു ലക്ഷ്വറി ബസ് വിട്ടുനൽകി. ആ ബസ്സിലാണ് സംസ്ഥാന ജനതയുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങാൻ ഞങ്ങൾ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്."-- കേരളത്തിന്റെ വിജയശില്പികളിൽ ഒരാളായ ഗോൾക്കീപ്പർ ജി രവീന്ദ്രൻ നായർ എന്ന രവി ഓർക്കുന്നു. "മറക്കാനാവില്ല പന്ത്രണ്ടു ദിവസം നീണ്ടു നിന്ന ആ യാത്ര. എല്ലാ ജില്ലകളിലേയും പ്രധാന കേന്ദ്രങ്ങളിൽ ജനങ്ങൾക്ക് ആശംസകൾ അർപ്പിക്കാനായി ബസ് നിർത്തിയിടും. പാരിതോഷികങ്ങളുമായാണ് ആളുകൾ വരിക. ഇന്നത്തെ പോലെയല്ല, സന്തോഷ് ട്രോഫി ഒരു വികാരമാണ് അന്നത്തെ തലമുറയ്‌ക്ക്. മാലകളും പൂച്ചെണ്ടുകളും കൊണ്ട് ബസ് നിറയ്ക്കും അവർ. അത്യന്തം വികാരഭരിതമായിരുന്നു ആ നിമിഷങ്ങൾ..." ചങ്ങനാശ്ശേരി പോലുള്ള പട്ടണങ്ങളിൽ ജനക്കൂട്ടം നിയന്ത്രണാതീതമായതു മൂലം മണിക്കൂറുകളോളം ട്രാഫിക് ബ്ലോക്ക് വരെ ഉണ്ടായി.

വഴിക്ക് ചില കടകൾക്ക് മുന്നിലൂടെ കടന്നുപോകുമ്പോൾ കടയുടമകൾ ഇറങ്ങിവന്ന് ബസ് നിർത്തിച്ച അനുഭവങ്ങൾ രവിയുടെ ഓർമ്മയിലുണ്ട്. "കടയിലെ സാധനങ്ങൾ നിർലോപം എടുത്തു തരും അവർ. തുണിക്കടയെങ്കിൽ തുണി, ബേക്കറിയെങ്കിൽ മധുരപലഹാരങ്ങൾ... വേണ്ടെന്നു പറഞ്ഞാലും സമ്മതിക്കില്ല അവർ. ആ പന്ത്രണ്ടു ദിവസവും ഏതോ സ്വപ്നലോകത്തായിരുന്നു ഞങ്ങൾ.."

സന്തോഷ് ട്രോഫി കിരീടവുമായി കേരളാ ഫുട്‌ബോള്‍ ടീം മുന്‍ നായകന്‍ ടി കെ എസ് മണി.

യാത്രയുടെ ക്ലൈമാക്സ് അതിലും രസകരം. പന്ത്രണ്ടാം ദിവസം ടീം തിരുവനന്തപുരത്ത് എത്തുന്നു. അന്നാണ് മുഖ്യമന്ത്രി സി അച്യുതമേനോന്റെ സ്വീകരണം. ട്രോഫിയുമായി ചെന്ന ടീമിനെ ഹൃദയപൂർവം എതിരേൽക്കാൻ എം എൻ ഗോവിന്ദൻ നായരും ടി വി തോമസും ബേബി ജോണും സി എച്ച് മുഹമ്മദ് കോയയും ഉൾപ്പെടെ സകല മന്ത്രിമാരും ഉണ്ടായിരുന്നു തൈക്കാട് ഗസ്റ്റ് ഹൗസിൽ എന്നോർക്കുന്നു രവി.

"അന്ന് ഞങ്ങൾക്ക് വേണ്ടി മുഖ്യമന്ത്രി ഒരുക്കിയ ഭക്ഷണം ഈ ജന്മം മറക്കില്ല: കപ്പയും മീൻകറിയും ചമ്മന്തിയും കരിപ്പെട്ടി കാപ്പിയും. പ്രത്യേകം തയ്യാറാക്കിയ വിഭവങ്ങൾ. മാസങ്ങൾ നീണ്ട തയ്യാറെടുപ്പും മത്സര പരമ്പരയും സ്വീകരണയാത്രയുമൊക്കെയായി ക്ഷീണിതരായിരുന്ന ഞങ്ങൾക്ക് മുന്നിലെ ഭക്ഷണ സാധനങ്ങൾ കണ്ടപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. ഇന്നുമുണ്ട് അവയുടെ സ്വാദ് നാവില്‍. വിരുന്നിനിടെ മുഖ്യമന്ത്രി തന്നെ നേരിട്ടു വന്ന് ഭക്ഷണം ഇഷ്ടപ്പെട്ടോ എന്ന് ഓരോരുത്തരോടായി ചോദിച്ചപ്പോൾ സംശയലേശമന്യേ തലകുലുക്കി എല്ലാവരും."

മുന്‍ മുഖ്യമന്ത്രി സി അച്യുതമേനോന്‍.

വിരുന്നിനൊടുവിൽ "നിങ്ങളെ ഒരു സന്തോഷ വാർത്ത അറിയിക്കാനുണ്ട്" എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ എല്ലാവരുടെ മുഖത്തും ആകാംക്ഷ. "നിങ്ങൾക്ക് ഓരോരുത്തർക്കും ആയിരം രൂപ പാരിതോഷികം തരാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഉടൻ ആ തുക നിങ്ങളുടെ കൈകളിൽ എത്തും..." നിലക്കാത്ത കയ്യടിയോടെ കേരള ടീം ആ പ്രഖ്യാപനം വരവേറ്റു.

"അന്ന് അത്ര ചെറിയ തുകയല്ല അത്."-- രവി ഓർക്കുന്നു. "3500 രൂപക്ക് പുതിയ ലാംബ്രട്ട സ്‌കൂട്ടർ കിട്ടുന്ന കാലമാണ്. മാത്രമല്ല അന്ന് വെറും 190 രൂപ ശമ്പളക്കാരനാണ് ഞാൻ. അതുകൊണ്ടുതന്നെ ആഹ്‌ളാദം കലർന്ന അത്ഭുതമായിരുന്നു എല്ലാവർക്കും." ആയിരം രൂപക്ക് പുറമെ കെ എസ് ഇ ബി ഉദ്യോഗസ്ഥനായിരുന്ന രവിക്ക് വിജയത്തിന്റെ പേരിൽ മറ്റൊരു "പാരിതോഷികം" കൂടി നൽകി സർക്കാർ: ജോലിയിൽ ഡബിൾ പ്രൊമോഷൻ.

ഒരു സത്യം കൂടി പങ്കുവെക്കുന്നു രവി: "സർക്കാർ ഇത്രയും ഊഷ്മളമായ സ്വീകരണം തന്നപ്പോൾ കേരള ഫുട്ബോൾ അസോസിയേഷന്റെ ഭാഗത്തു നിന്ന് അത്തരം യാതൊരു നീക്കവുമുണ്ടായില്ല. പാരിതോഷികം പോയിട്ട് നല്ലൊരു അഭിനന്ദന വാക്ക് പോലും ഉണ്ടായില്ല അവരിൽ നിന്ന്. അന്ന് കേരള ഫുട്ബോളിന്റെ നിയന്ത്രണം കോടതി നിയമിച്ച ഒരു റിസീവറിനായിരുന്നു. ടീം സെലക്ഷൻ ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിച്ചത് അഭിഭാഷകനായ കെ പി ദണ്ഡപാണി ആണ്. കെ എഫ് എ ക്ക് കാര്യമായ റോൾ ഉണ്ടായിരുന്നില്ല എന്നാണ് അറിവ്. അതുകൊണ്ടാവാം അവർ സ്വീകരണങ്ങളിൽ നിന്ന് മാറിനിന്നത്. എങ്കിലും നിരാശാജനകമായിരുന്നു ആ അവഗണന."

സന്തോഷ് ട്രോഫി സെമിഫൈനലിന്റെ തലേന്ന് വലിയൊരു കേക്കുമായി ടീമിനെ കാണാനെത്തിയ അഡ്വ ദണ്ഡപാണിയും ഭാര്യയും ടീമംഗമായ വിക്ടർ മഞ്ഞിലയുടെ ഓർമ്മയിലുണ്ട്. " ടീമിന് ആശംസകളുമായി വന്നതായിരുന്നു അഡ്വ ദണ്ഡപാണി. സൗത്ത് സ്റ്റേഷനടുത്തുള്ള ഹോട്ടൽ എംബസിയിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. അവിടെ വെച്ച് കേക്ക് മുറിച്ച് വിതരണം ചെയ്ത ശേഷം ഞങ്ങളോടൊപ്പം കുറെ നേരം ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിപ്പോയത്. കേരള ടീമിന്റെ സന്തോഷ് ട്രോഫി വിജയം അര നൂറ്റാണ്ട് തികയ്ക്കുമ്പോൾ ആഘോഷത്തിൽ പങ്കു ചേരാൻ അദ്ദേഹം ഇല്ല എന്നത് ഒരു സ്വകാര്യ ദുഃഖം." കഴിഞ്ഞ മാർച്ചിലാണ് മുതിർന്ന അഭിഭാഷകനും അഡ്വക്കേറ്റ് ജനറലുമായിരുന്ന കെ പി ദണ്ഡപാണി അന്തരിച്ചത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം