FOOTBALL

റഷ്യയെ മറക്കാന്‍ ജര്‍മനി; പക്ഷേ ജാപ്പനീസ് എതിര്‍പ്പ് മറികടക്കണം

ദോഹയിലെ ഖലീഫ സ്‌റ്റേഡിയത്തില്‍ വൈകിട്ട് 6:30ന് നടക്കുന്ന മത്സരത്തില്‍ ജര്‍മനിയും ജപ്പാനും ഏറ്റുമുട്ടും.

വെബ് ഡെസ്ക്

റഷ്യന്‍ ലോകകപ്പിലെ തിക്തസ്മരണകളെ കുഴിച്ചുമൂടി മുന്‍ ലോകചാമ്പ്യന്മാരായ ജര്‍മനി ഇന്നു 2022 ഫുട്‌ബോള്‍ ലോകകപ്പിലെ കന്നിപ്പോരിന് ഇറങ്ങും. ദോഹയിലെ ഖലീഫ സ്‌റ്റേഡിയത്തില്‍ വൈകിട്ട് 6:30ന് നടക്കുന്ന മത്സരത്തില്‍ ഏഷ്യന്‍ ശക്തികളായ ജപ്പാനാണ് മുന്‍ ചാമ്പ്യന്മാരുടെ എതിരാളികള്‍. റഷ്യയില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ജര്‍മനിക്ക് ഈ ലോകകപ്പ് തിരിച്ചുവരവിനുള്ള അവസരമാണ്. അതേസമയം കഴിഞ്ഞ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച് ശക്തരായ ബെല്‍ജിയത്തെ അട്ടിമറിക്കുന്നതിന്റെ വക്കില്‍ വരെ എത്തിയവരാണ് ജപ്പാന്‍.

കഴിഞ്ഞ രണ്ടു ലോകകപ്പുകളില്‍ ടീമിനെ പരിശീലിപ്പിച്ച യോക്വിം ലോയ്ക്കു പകരമെത്തിയ ഹാന്‍സി ഫ്‌ളിക്കിന്റെ ശിക്ഷണത്തിലാണ് ജര്‍മനി ഇറങ്ങുക. 2014-ല്‍ കിരീടത്തിലേക്ക് നയിച്ച തലമുറയില്‍ ശേഷിക്കുന്ന തോമസ് മുള്ളറിനെ മുന്‍നിര്‍ത്തി യുവതാരങ്ങളുടെ കരുത്തിലാണ് ഫ്‌ളിക്ക് ടീമിനെ ഒരുക്കുക.

പരുക്കേറ്റ് പുറത്തായ തിമോ വെര്‍ണറിന്റെയും മാര്‍ക്കോ റ്യൂയിസിന്റെയും അഭാവം അവര്‍ക്കു തിരിച്ചടിയാകും. സ്‌ക്വാഡിലെ മറ്റുള്ളവരെല്ലാം പൂര്‍ണ ഫിറ്റാണ്. ബാറിനു കീഴില്‍ നായകന്‍ മാനുവല്‍ ന്യൂയര്‍ തന്നെയാകും ഗ്ലൗസ് അണിയുക. പ്രതിരോധത്തില്‍ വലതു ബാക്കായി തിലോ കെഹ്‌രറും ഇടതു ബാക്കായി ഡേവിഡ് റൗമും ഇടംപിടിക്കും. നിക്ലാസ് സുലെയും അന്റോണിയോ റൂഡിഗറുമാകും സെന്‍ട്രല്‍ ഡിഫന്‍ഡേഴ്‌സ്.

മധ്യനിരയെ ബയേണ്‍ മ്യൂണിക്കിന്റെ എന്‍ജിനാകും ചലിപ്പിക്കുക. മ്യൂണിക്ക് താരങ്ങളായ ജോഷ്വാ കിമ്മിഷിനും ലിയോണ്‍ ഗോരെട്‌സ്‌കയ്ക്കുമാണ് പ്ലേമേക്കിങ് ചുമതല. ഇരുവിങ്ങുകളിലുമായി കുതിച്ചുകയറാന്‍ ലിറോയ സാനെയുടെയും സെര്‍ജി ഗ്നാബ്രിയുടെയും യുവത്വം നിറഞ്ഞ കാലുകളുണ്ട്. ഇവര്‍ക്കു മുന്നില്‍ 10-ാംം നമ്പര്‍ ജഴ്‌സിയില്‍ ജമാല്‍ മുസിയാല എന്ന വജ്രായുധം അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ റോള്‍ കൈകാര്യം ചെയ്യും. മുള്ളര്‍ എന്ന പഴയപടക്കുതിരയാകും സ്‌പെഷലിസ്റ്റ് സ്‌ട്രൈക്കറുടെ അഭാവത്തില്‍ ആ റോള്‍ കൈകാര്യം ചെയ്യുക. മുള്ളര്‍ക്ക് പകരക്കാരനായി ഇറക്കാന്‍ മറ്റൊരു വെറ്ററന്‍ താരം മരിയോ ഗോട്‌സെയുമുണ്ട്.

മറുവശത്ത് പ്രതിരോധത്തിനും ആക്രമണത്തിനും പ്രാധാന്യം നല്‍കുന്ന 4-2-3-1 ശൈലിയിലാകും ജപ്പാന്‍ ഇറങ്ങുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ലിവര്‍പൂളിന്റെ മുന്‍ താരം താകുമി മിനാമിനോയാകും അവരുടെ ഏക സ്‌ട്രൈക്കര്‍. പിന്നില്‍ തകേഫുസ കുബോ, ഡാഷി കമാഡ, ജൂനിയ എന്നിവരും അണിനിരക്കും. പ്രതിരോധനിരയില്‍ ആഴ്‌സണല്‍ താരം തകേഹിരോ ടൊമിയാസുവിലാണ് ജാപ്പനീസ് പ്രതീക്ഷകള്‍.

ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. മുമ്പ് രണ്ടു തവണ സൗഹൃദ മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ ഒരു തവണ ജര്‍മനി ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കു ജയിച്ചു. രണ്ടാം മത്സരത്തില്‍ ഇരു ടീമുകളും രണ്ടു വീതം ഗോളുകള്‍ അടിച്ചു പിരിയുകയായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ