FOOTBALL

ക്രോസ്ബാറിനു കീഴിലെ മെയ്‌വഴക്കം പോരാതെ വരും; ചൗബെയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികള്‍

ഒരു ദശാബ്ദത്തിലേറെ കാലത്തിനു ശേഷമാണ് എഐഎഫ്എഫ് പ്രസിഡന്റ് സ്ഥാനത്ത് പുതിയ ഒരാള്‍ എത്തുന്നത്.

ശ്യാം ശശീന്ദ്രന്‍

അധികാര വടംവലികള്‍ക്കും വിലക്കിനും കോടതി ഇടപെടലുകള്‍ക്കുമൊടുവില്‍ കല്യാണ്‍ ചൗബേ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്) പ്രസിഡന്റായി ഇന്നു തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ മുന്‍ സൂപ്പര്‍ താരം ബൈച്ചുങ് ബൂട്ടിയയെ ഒന്നിനെതിരേ 33 വോട്ടുകള്‍ക്കു തോല്‍പിച്ച് ചൗബേ ഏകപക്ഷീയമായ ജയമാണ് നേടിയതെങ്കിലും പ്രസിഡന്റ് സ്ഥാനത്ത് അദ്ദേഹത്തിന്റെ 'കരിയര്‍' അത്ര അനായാസകരമായിരിക്കില്ല.

ഒരു ദശാബ്ദത്തിലേറെ കാലത്തിനു ശേഷമാണ് എഐഎഫ്എഫ് പ്രസിഡന്റ് സ്ഥാനത്ത് പുതിയ ഒരാള്‍ എത്തുന്നത്. ഈ മാറ്റം ഇന്ത്യന്‍ ഫുട്‌ബോളിന് ഗുണകരമാകുമോ ഇല്ലയോ എന്നത് കാലം തെളിയിക്കേണ്ടതാണ്.

ചൗബേയ്ക്കു മുന്നില്‍ ചെയ്തുതീര്‍ക്കേണ്ടതായ ഒട്ടേറെ കാര്യങ്ങളുടെ പട്ടികയുണ്ടാകും. അതില്‍ പലതും പ്രസിഡന്റ് ഒറ്റയ്ക്കു ചുമതലയേറ്റെടുക്കേണ്ടതായിരിക്കില്ല. പക്ഷേ, മുന്‍കാല അനുഭവങ്ങള്‍ മാനിച്ച് അവ നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ചൗബെയുടെ മാത്രം ഉത്തരവാദിത്തമാണ്. അദ്ദേഹത്തിനു മുന്നിലുള്ള ലക്ഷ്യങ്ങള്‍ എന്തൊക്കെയെന്നും വെല്ലുവിളികള്‍ എന്തെന്നും ഒന്നു പരിശോധിക്കാം.

1. അണ്ടര്‍ 17 വനിതാ ടീമിന്റെ പ്രശ്‌നങ്ങള്‍

അണ്ടര്‍ 17 വനിതാ ടീമിന്റെ സഹ പരിശീലകന്‍ അലക്‌സ് ആംബ്രോസിന്റെ ഫയലില്‍ ആയിരിക്കണം ചൗബേ അടിയന്തരമായി ഇടപെടാനുള്ളത്. ടീമിലെ താരങ്ങളില്‍ ചിലരെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ അലക്‌സിനെ പരിശീലക സ്ഥാനത്തുനിന്ന് രണ്ടു മാസം മുമ്പ് പുറത്താക്കിയതൊഴിച്ചാല്‍ വിഷയത്തില്‍ കൃത്യമായ ഇടപെടലുകള്‍ നടത്താന്‍ എഐഎഫ്എഫിനു കഴിഞ്ഞിട്ടില്ല.

എഐഎഫ്എഫ് നടപടിക്കെതിരേ കോടതിയെ സമീപിച്ചിരിക്കുകയാണ് അലക്‌സ് ഇപ്പോള്‍. ഇയാള്‍ക്കെതിരേ ഡല്‍ഹി പോലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിനു ശേഷം ടീമംഗങ്ങളുടെ മാനസിക നിലയും വല്ലാത്ത അവസ്ഥയിലാണ്. ഇന്ത്യന്‍ മണ്ണില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ ഈ വിഷയത്തില്‍ സുതാര്യമായ നടപടികള്‍ സ്വീകരിച്ച് ടീമിന്റെ മാനസിക നില മെച്ചപ്പെടുത്തുകയെന്നതാണ് ചൗബേ ഏറ്റെടുക്കേണ്ട ആദ്യ പ്രധാന ചുമതല.

2.) ദേശീയ ടീമിന്റെ കരാര്‍ നിയമനങ്ങള്‍

ദേശീയ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കിന്റെ കരാര്‍ പുതുക്കുന്നതടക്കമുള്ള കാര്യങ്ങളിലും ചൗബേ ഉടന്‍ തീരുമാനമെടുക്കേണ്ടതുണ്ട്. എഐഎഫ്എഫ് ഭരണസമിതിയിലെ പ്രതിസന്ധിയെത്തുടര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് നീട്ടിവച്ചിരിക്കുകയായിരുന്നു.

സ്റ്റിമാക്കിനെ പുറത്താക്കണമെന്ന് ആവശ്യമുന്നയിക്കുന്ന നിരവധിപ്പേര്‍ ഇന്ത്യന്‍ ഫുട്‌ബോളിലുണ്ട്. എന്നാല്‍ 2023 എഎഫ്‌സി ഏഷ്യന്‍ കപ്പിന് ഇന്ത്യന്‍ ടീമിന് യോഗ്യത നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച സ്റ്റിമാക്കിന് ഒരവസരം കൂടി നല്‍കണമെന്നാണ് ടീമംഗങ്ങള്‍ അടക്കമുള്ളവരുടെ ആവശ്യം. വനിതാ ടീമിന്റെ പരിശീലകന്റെ കരാര്‍ പുതുക്കുന്നതും അടിയന്തരമായി ചെയ്യേണ്ട ഉത്തരവാദിത്തമാണ്.

3.) ഗോകുലം എഫ്‌സിക്കുള്ള പ്രായശ്ചിത്തം

എഐഎഫ്എഫ് തലപ്പത്തെ തമ്മിലടി കാരണം ഫിഫ ഇടഞ്ഞപ്പോള്‍ ഏറെ നഷ്ടം നേരിട്ടത് കേരളാ ക്ലബ് ഗോകുലം എഫ്‌സിയുടെ വനിതാ ടീമിനാണ്. എഎഫ്‌സി വനിതാ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനുള്ള സുവര്‍ണാവസരമാണ് ഗോകുലത്തിനു നഷ്ടമായത്. ചാമ്പ്യന്‍ഷിപ്പിനായി ഉസ്‌ബെസ്‌ക്കിസ്ഥാനില്‍ എത്തിയ ശേഷമാണ് കളത്തിലിറങ്ങാനാകാതെ ടീം മടങ്ങിയത്. തങ്ങളുടെ പിഴവു കൊണ്ടല്ലാതെ ഗോകുലത്തിനു സംഭവിച്ച നഷ്ടങ്ങള്‍ക്ക് എഐഎഫ്എഫ് ഉചിതമായ നഷ്ടപരിഹാരം നല്‍കേണ്ടതാണ്. അത് കാലതാമസം കൂടാതെ നല്‍കാനും ചൗബേ ബാധ്യസ്ഥനാണ്.

4. എഐഎഫ്എഫ് ഭരണഘടനാ ഭേദഗതി

ഫെഡറേഷന്‍ ഭരണഘടന കാലാനുസൃതമായി ഭേദഗതി ചെയ്യണമെന്ന ആവശ്യം കാലങ്ങളായി ഉള്ളതാണ്. ഇക്കാര്യം സുപ്രീം കോടതി നിയമിച്ച ഇടക്കാല ഭരണസമിതിയും ഉന്നയിച്ചിരുന്നു. ആദ്യം ചേരുന്ന ഫെഡറേഷന്‍ ജനറല്‍ അസംബ്ലി യോഗത്തില്‍ തന്നെ ഈ ഭേദഗതി അവതരിപ്പിക്കാനുള്ള ചുമതലയും ചൗബെ ഏറ്റെടുക്കണം.

5. ഓഡിറ്റിങ്ങും ഫണ്ട് സമാഹരണവും

മുന്‍കാലങ്ങളില്‍ ഫെഡറേഷനിലെ താപ്പാനകള്‍ തന്നിഷ്ടം യഥേഷ്ടം എടുത്തു ചിലവഴിച്ച തുകകളുടെ കൃത്യമായ ഓഡിറ്റിങ് എത്രയും വേഗം നടത്തി ക്രമക്കേട് നടത്തിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തവും ചൗബെയെ കാത്തിരിക്കുന്നു. ഏറെ വിവാദകോലാഹലം സൃഷ്ടിച്ചേക്കാവുന്ന ഓഡിറ്റിങ് കൃത്യതയോടെ പൂര്‍ത്തിയാക്കുകയെന്ന ഉത്തരവാദിത്തവും അടിയന്തരമായി ചെയ്തു തീര്‍ക്കാനുള്ള ചുമതലയായി ചൗബെയ്ക്കു മുന്നിലുണ്ട്. ഇടക്കാല ഭരണസമിതി ഓഡിറ്റിങ് നടപടികള്‍ തുടങ്ങിവച്ചിരുന്നെങ്കിലും മുന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ അതില്‍ അനധികൃത കൈകടത്തലുകള്‍ നടത്തിയതായി ആരോപണം നിലനില്‍ക്കുന്നുണ്ട്.

6. വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തണം

മുന്‍കാല ഭരണസമിതികള്‍ നേരിട്ട ഏറ്റവും വലിയ ആരോപണമാണ് എഐഎഫ്എഫിലും സംസ്ഥാന അസോസിയേഷനുകളിലും വേണ്ടത്ര വനിതാ പ്രാതിനിധ്യമില്ലെന്നത്. അതിനൊപ്പം തന്നെ വനിതാ ഫുട്‌ബോളിന് വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്നതും കാലങ്ങളായി നിലനില്‍ക്കുന്ന ആരോപണമാണ്. ഇതിനു മാറ്റം കൊണ്ടുവരിക എന്നതാണ് പുതിയ ഭരണസമിതിയില്‍ നിന്ന് ഇന്ത്യയുടെ ഫുട്‌ബോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. വനിതാ ഐഎസ്എല്‍ തുടങ്ങി വനിതാ ഫുട്‌ബോളിന് കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നാണ് ഏവരുടെയും ആവശ്യം. ഐഎസ്എല്‍ ടീമുകള്‍ ഡ്യൂറന്‍ഡ് കപ്പില്‍ കളിക്കണമെന്ന നിബന്ധന കൊണ്ടുവന്ന സ്ഥിതിക്ക് ഐഎസ്എല്‍ ഫ്രാഞ്ചൈസികള്‍ വനിതാ ടീം ആരംഭിക്കണമെന്ന നിബന്ധ എഐഎഫ്എഫിന് നിര്‍ബന്ധമാക്കാമെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.

7. ഗ്രാസ് റൂട്ട് പ്രവര്‍ത്തനങ്ങള്‍

ഒരുകാലത്ത് ഫ്രാന്‍സിനെ വരെ വിറപ്പിച്ച ഫുട്‌ബോള്‍ പാരമ്പര്യമുള്ള ഇന്ത്യ ഇന്ന് ലോക ഫുട്‌ബോളില്‍ ആദ്യ 100 റാങ്കിനുള്ളില്‍ സ്ഥാനം നിലനിര്‍ത്താന്‍ പാടുപെടുന്ന അവസ്ഥയാണുള്ളത്. അതിനു മാറ്റം വരണമെങ്കില്‍ ഗ്രാസ് റൂട്ട് തലത്തില്‍ പ്രതിഭാധനരായ താരങ്ങളെ കണ്ടെത്തി വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്.

കാലങ്ങളായി ഇതിനു തുക മാറ്റിവയ്ക്കുന്നുണ്ടെങ്കിലും വഞ്ചി ഇപ്പോഴും തിരുനക്കര തന്നെയാണ്. മുന്‍ താരമെന്ന നിലയില്‍ ഇക്കാര്യത്തില്‍ ഗൗരവതരമായി ഇടപെടാന്‍ ചൗബെ ബാധ്യസ്ഥനാണ്. കുട്ടികള്‍ക്കായി 'ബേബി ലീഗുകള്‍' ആരംഭിക്കുക, സംസ്ഥാന ഫെഡറേഷനുകളുടെ സഹകരണത്തോടെ രാജ്യത്തെ എല്ലാ ജില്ലകളിലും വിവിധ പ്രായപരിധിയിലുള്ള താരങ്ങളുടെ ജില്ലാ തല ചാമ്പ്യന്‍ഷിപ്പുകള്‍ കൃത്യമായും കാര്യക്ഷമമായും സംഘടിപ്പിക്കുക, സ്‌കൂള്‍ കായികപഠന പദ്ധതിയില്‍ ഫുട്‌ബോള്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക അങ്ങനെ ഒട്ടേറെ നിര്‍ദേശങ്ങളും ശിപാര്‍ശകളും കാലങ്ങളായി നടപ്പാക്കാതെ കിടപ്പുണ്ട്. ഇതു കാലാനുസൃതമായ മാറ്റങ്ങളോടെ നടപ്പാക്കാനായാല്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ തന്നെ മുഖച്ഛായ മാറ്റിയ പ്രസിഡന്റ് എന്ന ഖ്യാതിയാകും ചൗബെയെ കാത്തിരിക്കുന്നത്.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്