ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്‌സിക്ക് തുടർച്ചയായ രണ്ടാം ജയം. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുംബൈ ക്ലബ് കെന്‍ക്രെ എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലം കേരള വീഴ്ത്തിയത്. സ്പാനിഷ് താരം സെർജിയോ മെൻഡിഗട്ട്‌സിയയാണ് ഗോകുലത്തിനായി വലകുലുക്കിയത്. മെൻഡിഗട്ട്‌സിയയാണ് കളിയിലെ താരം.
കഴിഞ്ഞ കളിയിൽ റയല്‍ കശ്മീരിനെ തോൽപ്പിച്ച അതേ ടീമിനെ ഗോകുലം പരിശീലകൻ ഫ്രാൻസെസ് ബോണറ്റ് നിലനിർത്തി. 4-3-3 ശൈലിയിൽ സെർജിയോ മെൻഡിഗട്ട്‌സിയയുടെ ഇരു വശത്തുമായി മലയാളി താരങ്ങളായ ശ്രീകുട്ടനെയും രാഹുൽ രാജുവിനെയും അണിനിരത്തി. മധ്യ നിരയിൽ താഹിര്‍ സമൻ, ഫർഷാദ് നൂർ, ഒമർ റാമോസ് എന്നിവർ കളിച്ചപ്പോൾ, പ്രതിരോധത്തിൽ പവൻ കുമാർ, ശുഭങ്കർ അധികാരി, അമീനൗ ബൗബ, വികാസ് സിങ് സെയ്നി എന്നിവർ ഇറങ്ങി. ഷിബിൻരാജിനായിരുന്നു ഗോൾ വല കാക്കാനുള്ള ചുമതല.
കളി തുടങ്ങി 21ാം മിനുറ്റിലാണ് വിജയഗോൾ വന്നത്. വലത് വിങ് ബാക്ക് വികാസ് നൽകിയ ക്രോസിൽ കൃത്യമായി തല വച്ച മെൻഡിഗട്ട്‌സിയ ഗോകുലം കേരളയെ മുന്നിലെത്തിച്ചു. ആദ്യപകുതി അവസാനിക്കുന്നതിന് മുൻപ് ഒരിക്കൽ കൂടെ സ്കോർ ചെയ്യാൻ ലഭിച്ച അവസരം മെൻഡിഗട്ട്‌സിയ നഷ്ടപ്പെടുത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ കെന്‍ക്രെ ആക്രമണങ്ങൾ സംഘടിപ്പിച്ച് ഗോകുലത്തിനെ പ്രതിരോധത്തിലാക്കി. ഇതിനിടയിലാണ് 56ാം മിനിറ്റിൽ ഗോകുലം താരം രാഹുൽ രാജു ചുവപ്പ് കണ്ട് പുറത്തായത്. പത്തുപേരായി ചുരുങ്ങിയതോടെ ആക്രമണം കടുപ്പിച്ച കെന്‍ക ഗോൾ മടക്കാൻ കിണഞ്ഞ് പരിശ്രമിച്ചു. എന്നാൽ ഷിബിൻരാജിനപ്പുറത്തേക് പന്തെത്തിക്കാൻ അവർക്കായില്ല.
13 മത്സരങ്ങളില്‍ നിന്ന് 24 പോയിന്റുമായി ഗോകുലം കേരള മൂന്നാം സ്ഥാനം നിലനിർത്തി. ഫെബ്രുവരി അഞ്ചിന് എവേ മത്സരത്തിൽ നെറോക്ക എഫ് സിയാണ് ഗോകുലം കേരളയുടെ അടുത്ത എതിരാളികൾ.