FOOTBALL

ചാമ്പ്യന്‍സ് ലീഗ്; ബയേണിന്റെ വമ്പൊടിച്ചു മാഞ്ചസ്റ്റര്‍ സിറ്റി

വെബ് ഡെസ്ക്

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെതിരേ വമ്പന്‍ ജയം നേടിയ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി. ഇന്നു പുലര്‍ച്ചെ അവസാനിച്ച മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ ജയം.

സ്വന്തം തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയത്തില്‍ റോഡ്രി, ബെര്‍നാര്‍ഡോ സില്‍വ, എര്‍ലിങ് ഹാലണ്ട് എന്നിവരാണ് സിറ്റിക്കായി വലകുലുക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ സിറ്റി 1-0ന്റെ ലീഡ് നേടിയിരുന്നു.

ആവേശകരമായ പോരാട്ടമാണ് എത്തിഹാദില്‍ അരങ്ങേറിയത്. ഇരുടീമുകളും ആക്രമണഫുട്‌ബോള്‍ കാഴ്ചവച്ചപ്പോള്‍ പന്ത് രണ്ടു ബോക്‌സുകളിലേക്കും യഥേഷ്ടം കയറിയിറങ്ങി. സിറ്റിയുടെ ആക്രമണത്തോടെയാണ് കളി ആരംഭിച്ചത്.

രണ്ടാം മിനിറ്റില്‍ തന്നെ ബയേണ്‍ ഗോള്‍മുഖത്ത് റെയ്ഡ് നടത്തിത്തുടങ്ങിയ സിറ്റിക്ക് 14-ാം മിനിറ്റിലാണ് ആദ്യ സുവര്‍ണാവസരം ലഭിച്ചത്. ബയേണ്‍ ഗോള്‍കീപ്പര്‍ യാന്‍ സൊമ്മറിന്റെ പിഴവില്‍ നിന്നു പന്ത് പിടിച്ചെടുത്ത ഹാലണ്ടിന്റെ ഷോട്ട് പക്ഷേ പുറത്തേക്ക് പോയി.

ഒടുവില്‍ 27-ാം മിനിറ്റിലാണ് അവരുടെ ആദ്യ ഗോള്‍ പിറന്നത്. ബയേണ്‍ കളിയിലേക്ക് തിരികെവരുന്നുവെന്ന് തോന്നിച്ച സമയത്താണ് സിറ്റി ആഞ്ഞടിച്ചത്. 30 വാരയകലെ നിന്നു ബെര്‍നാര്‍ഡോ സില്‍വ നല്‍കിയ പാസില്‍ നിന്ന് റോഡ്രിയാണ് ലക്ഷ്യം കണ്ടത്.

ഏഴു മിനിറ്റിനകം ലീഡ് ഇരട്ടിയാകേണ്ടതായിരുന്നു. എന്നാല്‍ താന്‍ വീണുകിടക്കെ ഇല്‍കെ ഗുണ്ടോഗന്‍ തൊടുത്ത വോളി ബയേണ്‍ ഗോള്‍കീപ്പര്‍ ഒരു കാലുപയോഗിച്ച് അവിശ്വസനീയമായ രീതിയില്‍ തട്ടിയകറ്റുകയായിരുന്നു.

ഒന്നാം പകുതിയില്‍ കൂടുതല്‍ ആവേശകരമായ സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല. ഒരു ഗോള്‍ ലീഡില്‍ ഇടവേളയ്ക്കു പിരിഞ്ഞ സിറ്റി രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമണോത്സുകതയോടെയാണ് കളത്തിലിറങ്ങിയത്. എന്നാല്‍ ബയേണാണ് രണ്ടാം പകുതിയുടെ തുടക്കത്തില്‍ മികച്ചു നിന്നത്.

47-ാം മിനിറ്റിലും 49-ാം മിനിറ്റിലും 55-ാം മിനിറ്റിലും ബയേണ്‍ നടത്തിയ മികച്ച നീക്കങ്ങള്‍ ഗോളാകാതെ വലകാത്ത എഡേഴ്‌സണാണ് സിറ്റിയുടെ രക്ഷകനായത്. എന്നാല്‍ രണ്ടാം പകുതിയുടെ ആദ്യ 15 മിനിറ്റിനു ശേഷം താളം വീണ്ടെടുത്ത സിറ്റി വീണ്ടും ബയോണ്‍ ഗോള്‍മുഖത്തേക്ക് നിരന്തര ആക്രമണങ്ങള്‍ അഴിച്ചുവിട്ടു.

ഒടുവില്‍ 70-ാം മിനിറ്റില്‍ ബെര്‍നാര്‍ഡോ സില്‍വയിലൂടെ അവര്‍ ലീഡ് ഉയര്‍ത്തി. ഹാലണ്ടാണ് ഗോളിനു വഴിയൊരുക്കിയത്. ഗോള്‍ സ്‌കോറിങ്ങിലൂടെ തലക്കെട്ടുകള്‍ സൃഷ്ടിച്ചിട്ടുള്ള നോര്‍വീജിയന്‍ താരം ഇന്നലെ സ്വയം സ്‌കോര്‍ ചെയ്യാനുള്ള അവസരമുണ്ടായിട്ടും പന്ത് സില്‍വയ്ക്കു ക്രോസ് ചെയ്യുകയായിരുന്നു. തളികയിലെന്നവണ്ണം ലഭിച്ച അവസരം പോര്‍ചുഗീസ് താരം കൃത്യമായി ഉപയോഗിക്കുകയും ചെയ്തു.

ആറു മിനിറ്റിനകം സിറ്റി മൂന്നാം ഗോളും നേടി പട്ടിക തികച്ചു. ഇക്കുറി ഹാലന്‍ഡ് തന്നെ സ്‌കോര്‍ ചെയ്തു. സ്വന്തം ഹാഫില്‍ നിന്നു ആരംഭിച്ച നീക്കത്തിനൊടുവില്‍ ഇംഗ്ലീഷ് താരം ജോണ്‍ സ്‌റ്റോണ്‍സ് നല്‍കിയ പാസാണ് ഹാലന്‍ഡ് വലയിലേക്കു തിരിച്ചുവിട്ടത്.

ശേഷിച്ച മിനിറ്റുകളില്‍ തിരിച്ചുവരവിനു വേണ്ടി ബയേണ്‍ കിണഞ്ഞു പൊരുതിയെങ്കിലും സിറ്റി വഴങ്ങിയില്ല. 19-ന് രാത്രി 12:30ന് ബയേണിന്റെ തട്ടകമായ അലയന്‍സ് അരീനയിലാണ് രണ്ടാം പാദമത്സരം അരങ്ങേറുക.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ പോര്‍ചുഗല്‍ ക്ലബ് ബെന്‍ഫിക്കയെ തോല്‍പിച്ചു ഇന്റര്‍മിലാനും സെമി സാധ്യത വര്‍ധിപ്പിച്ചു. ബെന്‍ഫിക്കയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ഇന്ററിന്റെ ജയം. നിക്കോളോ ബരേല്ലയും റൊമേലു ലുക്കാക്കുവുമാണ് ഇന്ററിനായി സ്‌കോര്‍ ചെയ്തത്.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ