ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എര്‍ലിങ് ഹാലണ്ടിന്റെയും നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെയും കുതിപ്പ് തുടരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ സിറ്റി ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ലീഡ്‌സ് യുണൈറ്റഡിനെ തുരത്തി. ഇരട്ട ഗോളുകള്‍ നേടിയ നോര്‍വീജിയന്‍ സ്‌ട്രൈക്കര്‍ ഹാലണ്ടിന്റെ മിന്നുന്ന പ്രകടനമാണ് അവര്‍ക്കു കരുത്തായത്.
ഹാലണ്ടിനു പുറമേ റോഡ്രിയാണ് സിറ്റിയുടെ മറ്റൊരു ഗോള്‍ നേടിയത്. പോള്‍ സ്ട്രിയ്യൂക്കിന്റെ വകയായിരുന്നു ലീഡ്‌സിന്റെ ആശ്വാസ ഗോള്‍. ലീഡ്‌സിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ സിറ്റി ഒരു ഗോളിനു മുന്നിലെത്തിയിരുന്നു.
ആദ്യപകുതിയുടെ ഇന്‍ജുറി ടൈമില്‍ റോഡ്രിയാണ് സിറ്റിയുടെ ആദ്യ ഗോള്‍ നേടിയത്. സൂപ്പര്‍ താരം കെവിന്‍ ഡി ബ്രുയ്ന്‍ നടത്തിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്. ഡിബ്രുയ്ന്‍ നല്‍കിയ പന്ത് റോഡ്രി ആദ്യ റിയാദ് മെഹ്‌റസിനു നീട്ടിനല്‍കിയെങ്കിലും മെഹ്‌റസിന്റെ ഷോട്ട് ലീഡ് ഗോള്‍കീപ്പര്‍ തട്ടിയകറ്റി. എന്നാല്‍ റീബൗണ്ട് പിടിച്ചെടുത്ത റോഡ്രി പിഴവില്ലാതെ പന്ത് വലയിലാക്കുകയായിരുന്നു.
ഒരു ഗോള്‍ ലീഡില്‍ ഇടവേളയ്ക്കു പിരിഞ്ഞ സന്ദര്‍ശകര്‍ക്കു വേണ്ടി പിന്നീട് രണ്ടാം പകുതിയിലാണ് ഹാലണ്ട് ഗോള്‍ വേട്ട നടത്തിയത്. ഇംഗ്ലീഷ് താരം ജാക്ക് ഗ്രീലിഷുമായി ചേര്‍ന്നായിരുന്നു രണ്ടു ഗോളുകളും.
51-ാം മിനിറ്റില്‍ സ്വയം ഗോള്‍ നേടാന്‍ അവസരമുണ്ടായിട്ടും സഹതാരത്തിന് അവസരം നല്‍കിയ ഗ്രീലിഷിന്റെ നിസ്വാര്‍ഥ പാസ് സ്വീകരിച്ചായിരുന്നു ഹാലണ്ട് ടീമിന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയത്. ഗോള്‍കീപ്പറെ വരെ കബളിപ്പിച്ച് ഗ്രീലിഷ് നല്‍കിയ പന്തിന് വലയിലേക്കു വഴികാട്ടുക മാത്രമേ ഹാലണ്ടിന് ചെയ്യാനുണ്ടായിരുന്നുള്ളു.
പിന്നീട് 13 മിനിറ്റുകള്‍ക്കു ശേഷം ഈ സഖ്യം സിറ്റിയുടെ പട്ടിക പൂര്‍ത്തിയാക്കുകയും ചെയ്തു. മധ്യനിരയില്‍ നിന്നു ഡിബ്രുയ്ന്‍ തുടങ്ങിവച്ച നീക്കത്തിനൊടുവില്‍ പന്ത് സ്വീകരിച്ച ഗ്രീലിഷ് ഹാലണ്ടുമായി നടത്തിയ വണ്‍ ടു വണ്‍ മുന്നേറ്റത്തിനൊടുവില്‍ നോര്‍വീജിയന്‍ താരം സ്‌കോര്‍ ചെയ്യുകയായിരുന്നു.
മത്സരത്തിന്റെ 73-ാം മിനിറ്റിലായിരുന്നു ലീഡ്‌സിന്റെ ആശ്വാസഗോള്‍. അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്കില്‍ തലവച്ച സ്ട്ര്യൂയിക്കാണ് ആതിഥേയര്‍ക്കായി ഒരു ഗോള്‍ മടക്കിയത്.
തകര്‍പ്പന്‍ ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണലുമായുള്ള അകലം അഞ്ചു പോയിന്റാക്കി കുറച്ച് രണ്ടാം സ്ഥാനത്തെത്താനും സിറ്റിക്കായി. 15 മത്സരങ്ങളില്‍ നിന്ന് 11 ജയവും രണ്ടു വീതം സമനിലകളും തോല്‍വികളുമായി 35 പോയിന്റാണ് അവര്‍ക്കുള്ളത്. ഇത്രതന്നെ മത്സരങ്ങളില്‍ നിന്ന് 13 ജയങ്ങളും ഒന്നുവീതം സമനിലയും തോല്‍വിയുമായി 40 പോയിന്റോടെയാണ് ആഴ്‌സണല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.