ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ റെക്കോഡുകള്‍ പഴങ്കഥയാക്കി മുന്നേറുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ട്. ഇന്നു പുലര്‍ച്ചെ സമാപിച്ച മത്സരത്തില്‍ വെസ്റ്റ്ഹാം യുണൈറ്റഡിനെ എതിരില്ലാത്ത മൂന്നു ഗോളിനു തുരത്തി സിറ്റി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയപ്പോള്‍ ഹാലണ്ടിനു മുന്നില്‍ മറ്റൊരു റെക്കോഡ് കൂടി തകര്‍ന്നുവീണു.
പ്രീമിയര്‍ ലീഗില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡാണ് ഹാലണ്ട് ഇന്നു സ്വന്തം പേരിലാക്കിയത്. സീസണില്‍ തന്റെ 35-ാം ഗോളാണ് താരം കുറിച്ചത്. ഇതോടെ ആന്‍ഡ്രു കോളും അലന്‍ ഷിയററും സ്വന്തമാക്കി വച്ചിരുന്ന, ഒരു സീസണില്‍ 34 ഗോളുകളെന്ന റെക്കോഡാണ് പഴങ്കഥയായത്.
വെസ്റ്റ് ഹാമിനെതിരായ മത്സരത്തില്‍ 70-ാം മിനിറ്റിലായിരുന്നു ഹാലണ്ട് റെക്കോഡ് തിരുത്തിയ ഗോള്‍ നേടലയത്. ഇംഗ്ലീഷ് യുവതാരം ജാക്ക് ഗ്രീലിഷിന്റെ പാസില്‍ നിന്നാണ് നോര്‍വീജിയന്‍ താരം വലകുലുക്കിയത്. നേരത്തെ ആദ്യ പകുതിയില്‍ നഥാന്‍ ഏകെയുടെ ഗോളില്‍ 1-0 ലീഡ് നേടിയിരുന്ന സിറ്റി പിന്നീട് 85-ാം മിനിറ്റില്‍ ഫില്‍ ഫോഡനിലൂടെയാണ് പട്ടിക തികച്ചത്.
ജയത്തോടെ പോയിന്റ് ടേബിളില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്താനും സിറ്റിക്കായി. 33 മത്സരങ്ങളില്‍ നിന്ന് 25 ജയങ്ങളും നാലു വീതം സമനിലകളും തോല്‍വികളുമായി 79 പോയിന്റ് നേടിയാണ് സിറ്റി തലപ്പത്തെത്തിയത്. ഒരു മത്സരം കൂടുതല്‍ കളിച്ച ആഴ്‌സണലാണ് രണ്ടാം സ്ഥാനത്ത്. 78 പോയിന്റാണ് ഗണ്ണേഴ്‌സിനുള്ളത്.