പോയ സീസണിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. സ്പാനിഷ് ക്ലബ് റയാല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സേമയാണ് പുരസ്‌കാരത്തിന് അര്‍ഹനായത്.
അന്തിമ പട്ടികയില്‍ ഇടംപിടിച്ച 30 പേരില്‍ നിന്നാണ് 93 അംഗ ജൂറി ബെന്‍സേമയെ ജേതാവായി തെരഞ്ഞടുത്തത്. ജൂറി അംഗങ്ങളില്‍ 89 പേരും ബെന്‍സേമയ്ക്കാണ് ആദ്യ വോട്ട് നല്‍കിയത്. ലിവര്‍പൂളിന്റെ സെനഗല്‍ താരം സാദിയോ മാനെ രണ്ടാം സ്ഥാനത്തും മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബെല്‍ജിയം താരം കെവിന്‍ ഡിബ്രുയ്‌നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി.
30 അംഗ പട്ടികയില്‍ ഉണ്ടായിരുന്ന അഞ്ചു തവണ പുരസ്‌കാര ജേതാവായ പോര്‍ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ 20-ാം സ്ഥാനത്താണ് എത്തിയത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 20-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിനു പുറമേ വലിയ നാണക്കേടാണ് ജൂറി വോട്ടെടുപ്പില്‍ റൊണാള്‍ഡോ നേരിട്ടത്.
93 അംഗ ജൂറി അംഗങ്ങളില്‍ ഒരാള്‍ പോലും റൊണാള്‍ഡോയ്ക്കു വോട്ട് നല്‍കിയില്ലെന്നാണ് ഫ്രഞ്ച് ഫുട്‌ബോള്‍ മാസികയായ ഫ്രാന്‍സ് ഫുട്‌ബോള്‍ വെളിപ്പെടുത്തുന്നത്. 11 താരങ്ങള്‍ക്കാണ് ഒരു വോട്ടുപോലും ലഭിക്കാഞ്ഞത്. അതില്‍ പ്രമുഖന്‍ റൊണാള്‍ഡോയാണ്.
ഹാരി കെയ്ന്‍, ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്, ഫില്‍ ഫോഡന്‍, ബെര്‍നാഡോ സില്‍വ, ജൊവാ കാന്‍സെലോ, ജോഷ്വാ കിമ്മിഷ്, മൈക് മെയ്ഗ്നന്‍, ക്രിസ്റ്റഫര്‍ നുകുന്‍കു, ഡാര്‍വിന്‍ ന്യൂനസ്, അന്റോണിയോ റൂഡികള്‍ എന്നിവരാണ് മറ്റു താരങ്ങള്‍.
കരിയറിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് റൊണാള്‍ഡോ ഇപ്പോള്‍ കടന്നുപോകുന്നത്. സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ആദ്യ ഇലവനില്‍ പലപ്പോഴും അവസരം ലഭിക്കാതിരുന്ന റൊണാള്‍ഡോയെ ഇപ്പോള്‍ കോച്ച് എറിക് ടെന്‍ഹാഗ് ടീമില്‍ നിന്നേ ഒഴിവാക്കിയിരിക്കുകയാണ്. യുണൈറ്റഡിന്റെ അണ്ടര്‍ 21 സ്‌ക്വാഡിനൊപ്പമാണ് റൊണാള്‍ഡോ ഇപ്പോള്‍ പരിശീലനം നടത്തുന്നത്. അതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.