FOOTBALL

വിസ കിട്ടിയില്ല; രണ്ട് മുതിർന്ന താരങ്ങളില്ലാതെ ഇന്ത്യൻ ഫുട്ബോള്‍ ടീം ഏഷ്യൻ ഗെയിംസിനായി ചൈനയില്‍

വെബ് ഡെസ്ക്

ഏഷ്യന്‍ ഗെയിംസിനായി പുറപ്പെട്ട ഇന്ത്യന്‍ ഫുട്‌ബോള്‍ സ്‌ക്വാഡില്‍ പ്രതിരോധ താരങ്ങളായ കൊണ്‍സാം ചിങ്‌ലെന്‍സാന സിങും ലാല്‍ ചുങ്‌നുംഗയുമില്ല. വിസാ പ്രശ്‌നങ്ങള്‍ കാരണമാണ് ഇരുവരുടെയും ചൈനയിലേക്കുള്ള യാത്ര മുടങ്ങിയത്. വിസ തയ്യാറായിട്ടില്ലെങ്കിലും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ യാത്രാരേഖകള്‍ ലഭിക്കുമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ചൊവ്വാഴ്ച ചൈനയ്‌ക്കെതിരെ നടക്കുന്ന ആദ്യമത്സരത്തില്‍ ഇരുവരും കളിക്കില്ല

ഏഷ്യന്‍ ഗെയിംസിനായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആദ്യം തിരഞ്ഞെടുത്ത 50 കളിക്കാരുടെ ലിസ്റ്റില്‍ ചിങ്‌ലെന്‍സാനയും ചുങ്‌നുംഗയും ഉള്‍പ്പെട്ടിരുന്നില്ല. അവസാനനിമിഷം പുറത്തുവിട്ട 22 അംഗ ടീമില്‍ ഉള്‍പ്പെട്ടതോടെയാണ് അവര്‍ക്ക് യാത്രയ്ക്കുള്ള അംഗീകാരം ലഭിച്ചത്. ഇന്ത്യയുടെ ഏഷ്യന്‍ഗെയിംസ് സംഘത്തിന്റെ മേധാവി ഭുപിന്ദര്‍ സിങ് ബജ്വയാണ് ഇരുവരുടെയും യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത്. എങ്കിലും ചൊവ്വാഴ്ച ചൈനയ്‌ക്കെതിരെ നടക്കുന്ന ആദ്യമത്സരത്തില്‍ ഇരുവരും കളിക്കില്ല.

അവസാനനിമിഷം പുറത്തുവിട്ട 22 അംഗ ടീമില്‍ ഉള്‍പ്പെട്ടതോടെയാണ് അവര്‍ക്ക് യാത്രയ്ക്കുള്ള അംഗീകാരം ലഭിച്ചത്

''ഞാനും എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെയും കായിക മന്ത്രാലയത്തില്‍ നിന്നുള്ള കത്തിനൊപ്പം രണ്ട് താരങ്ങള്‍ക്കുമുള്ള എക്‌സ്പ്രസ് വിസയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. നാളെയോ മറ്റന്നാളോ വിസ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈന എംബസി പറഞ്ഞത് പ്രകാരം സാധാരണ വിസ ലഭിക്കാന്‍ ഏഴ് ദിവസമെടുക്കും, എന്നാല്‍ എക്‌സ്പ്രസ് വിസ രണ്ട് ദിവസത്തിനുള്ളില്‍ ലഭിക്കും'' ബജ്വ വ്യക്തമാക്കി. രണ്ടുപേരും എക്‌സ്പ്രസ് വിസയില്‍ ചൈനയിലേക്ക് പോകുമെന്നും അവിടെ അതിന് അംഗീകാരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ഇരുവര്‍ക്കും യാത്രയ്ക്ക് ഒരു രീതിയിലും തടസമുണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പു നല്‍കി.

ഇന്ന് ചൈനയിലെ ഏഷ്യന്‍ ഗെയിംസ് വില്ലേജിലെത്തിയ ഇന്ത്യന്‍ ടീം ചൊവ്വാഴ്ച ശക്തരായ ചൈനീസ് ടീമിനെ നേരിടും. ഐഎസ്എല്‍ ക്ലബ്ബുകള്‍ ഏഷ്യാഡിനായി താരങ്ങളെ വിട്ടുകൊടുക്കാത്ത സാഹചര്യത്തില്‍ അവസാനം കൂട്ടിച്ചേര്‍ത്ത രണ്ടാം നിര സ്‌ക്വാഡുമായാണ് ഇന്ത്യ ഇറങ്ങുന്നതെന്ന് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക് പറഞ്ഞു. സെപ്റ്റംബര്‍ 19 ന് ചൈനയ്‌ക്കെതിരെ നടക്കുന്ന മത്സരത്തിന് ശേഷം ഇന്ത്യ 21 ബംഗ്ലാദേശിനെയും 24ന് മ്യാന്മാറിനെയും നേരിടും. ആറ് ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച നാല് മൂന്നാം സ്ഥാനക്കാരുമാണ് പ്രീക്വാര്‍ട്ടറിലെത്തുക.

ഐഎസ്എലിന്റെ ഭാഗമായിരുന്ന സന്ദേശ് ജിങ്കന്‍, ഗുര്‍പ്രീത് സിങ് സന്ദു തുടങ്ങി 13 താരങ്ങളെ അയക്കാന്‍ ഫ്രാഞ്ചൈസികള്‍ ആദ്യം സമ്മതിച്ചിരുന്നില്ല. സീനിയര്‍ താരം സുനില്‍ ഛേത്രി മാത്രമുള്ള 17 അംഗ സ്‌ക്വാഡിനെയാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച നടത്തിയ അവസാനഘട്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സന്ദേശ് ജിങ്കനും മറ്റ് രണ്ട് മുതിര്‍ന്ന താരങ്ങളായ ചിങ്‌ലെന്‍സാനയും ചുങ്‌നുംഗയും അടങ്ങിയ 22 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും