ഐഎസ്എല്‍ 2023 സീസണിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്- ബംഗളൂരു എഫ്‌സി പോരാട്ടത്തോടെ കൊടിയേറ്റം. സെപ്റ്റംബര്‍ 21ന് രാത്രി എട്ട് മണിക്കാണ് ബ്ലാസ്റ്റേഴ്സ്- ബംഗളൂരു പോരാട്ടം. കഴിഞ്ഞ സീസണിന്റെ പ്ലേ ഓഫിലുണ്ടായ ഉരസലും ബ്ലാസ്റ്റേഴ്‌സിന്റെ ഇറങ്ങിപ്പോക്കും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതിന് സ്വന്തം മണ്ണില്‍ പകരം വീട്ടുക എന്ന ലക്ഷ്യവും മഞ്ഞപ്പടയ്ക്കുണ്ട്. എന്നാല്‍ പല പ്രമുഖരുടെയും അഭാവത്തിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ തുടക്കം എന്നത് ആരാധകരെ ആശങ്കയിലാക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണത്തില്‍ വജ്രായുധമായിരുന്ന സഹല്‍ അബ്ദുള്‍ സമദ് ഇത്തവണ ടീമില്‍ ഇല്ലായെന്നതും ശ്രദ്ദേയമാണ്.
ഐഎസ്എല്ലിലെ ആദ്യ നാല് മത്സരങ്ങളില്‍ കൂടി ഇവാൻ പുറത്തിരിക്കേണ്ടി വരും
ബ്ലാസ്റ്റേഴ്‌സിന് തുടക്കം കഠിനമായിരിക്കും. ഐഎസ്എല്ലിന്റെ ആദ്യ നാല് മത്സരങ്ങളില്‍ അവര്‍ക്കുവേണ്ടി തന്ത്രങ്ങള്‍ മെനയാന്‍ മുഖ്യ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് ഡഗ്ഗൗട്ടില്‍ ഉണ്ടാവില്ല. കഴിഞ്ഞ സീസണിലെ പ്ലേഓഫില്‍ ബംഗളുരുവിന്റെ വിവാദ ഫ്രീകിക്ക് ഗോളില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ കളിക്കളത്തില്‍ നിന്ന് പിന്‍വലിച്ചതിന് പരിശീലകന്‍ 10 മത്സര വിലക്ക് നേരിടുകയാണ്. സൂപ്പര്‍ കപ്പിലും ഡ്യൂറണ്ട് കപ്പിലുമായി ഇവാന്‍ ആറ് മത്സരങ്ങളില്‍ പുറത്തിരുന്നു. ഇനി ഐഎസ്എല്ലിലെ ആദ്യ നാല് മത്സരങ്ങളില്‍ കൂടി അദ്ദേഹം പുറത്തിരിക്കേണ്ടി വരും.
ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ട കെ പി രാഹുല്‍, ബ്രൈസ് മിറന്‍ഡ എന്നിവരും തുടക്കത്തില്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടാവില്ല. സെപ്റ്റംബര്‍ 19ന് ചൈനയ്‌ക്കെതിരെയാണ് ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ഇതിനിടെ പരുക്കേറ്റ് പുറത്തായിരുന്ന ഗ്രീക്ക് സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റകോസിന്റെ മടങ്ങിവരവ് ടീമിന് ആശ്വാസം നല്‍കുന്നുണ്ട്. ബ്ലാസ്‌റ്റേഴ്‌സ് ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്ന ഡയമന്റകോസ് പരുക്കില്‍ നിന്ന് മോചിതനായില്ലെങ്കിലും ഐഎസ്എല്‍ കിക്കോഫിന് മുന്‍പ് ക്യാംപില്‍ തിരിച്ചെത്തി. എന്നാല്‍ താരം തുടക്കത്തില്‍ കളിക്കുമോ എന്ന കാര്യം സംശയത്തിന്റെ നിഴലിലാണ്. കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴിസിന്റെ ടോപ്‌സ്‌കോററായിരുന്നു ഡയമന്റകോസ്.
ഇത്തവണ വലിയ അഴിച്ചുപണികളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. പുതിയ താരങ്ങളായി ജാപ്പനീസ് വിങ്ങര്‍ ദെയ്‌സൂകി സ്‌കായ്, ഘാന സ്‌ട്രൈക്കര്‍ ക്വാമേ പ്രൈ എന്നിവരുടെ സന്നാഹമത്സരത്തിലെ പ്രകടനവും ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ നല്‍കുന്നുണ്ട്. പരിചയസമ്പന്നനായ പ്രബീര്‍ ദാസിന്റെ വരവ് പ്രതിരോധ നിരയെ ശക്തിപ്പെടുത്തും. നൗച്ച സിങ്, പ്രീതം കോട്ടാല്‍ എന്നിവരും ബ്ലാസ്‌റ്റേഴ്‌സിനായി പ്രതിരോധക്കോട്ട കെട്ടും. ക്വാമ പെപ്രയുടെ വരവിലൂടെ മുന്നേറ്റത്തില്‍ സഹലിന്റെ വിടവ് നികത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവാന്‍ കല്യുഷ്‌നി, ഹര്‍മന്‍ജ്യോത് ഖബ്ര, ജെസല്‍ കാര്‍നെറോ, വിക്ടര്‍ മോംഗില്‍, ആയുഷ് അധികാരി, ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്‍ എന്നീ പ്രധാന താരങ്ങളും ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പമില്ല.
കഴിഞ്ഞ വര്‍ഷം കൈയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ട കിരീടം വീണ്ടെടുക്കാനാണ് സുനില്‍ ഛേത്രിയുടെ ബംഗളൂരു എഫ്‌സി ഇറങ്ങുന്നത്. ഐഎസ്എല്‍ 2022 ഫൈനലില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട ബംഗളൂരു കിരീടമെടുക്കാനാകാതെ മടങ്ങുകയായിരുന്നു. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഉദാന്ത സിങ്, സന്ദേശ് ജിങ്കന്‍, റോയ് കൃഷ്ണ എന്നിവരില്ലാതെയാണ് ബംഗളൂരു ഈ സീസണില്‍ എത്തുന്നത്. പകരം മിഡ്ഫീല്‍ഡര്‍ കെസിയ വീന്‍ഡോര്‍പ്, പരിചയ സമ്പന്നനായ സ്‌ട്രൈക്കര്‍ കാര്‍ട്ടിസ് മെയിന്‍, വിങ്ങര്‍ റയാന്‍ വില്യംസ് എന്നിവരെ ടീമില്‍ കൊണ്ടുവന്നു. കൂടാതെ രോഹിത് ദാനു, ഹാലിചരണ്‍ നര്‍സാരി എന്നിവരെ ഉള്‍പ്പെടുത്തി ആക്രമണനിരയെ ബലപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയുടെ ഗോളടിയന്ത്രം തന്നെയാകും ഇത്തവണയും ബംഗളൂരുവിന്റെ മുതല്‍കൂട്ട്
ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയില്ലാതെയാവും ബംഗളൂരുവിന്റെ തുടക്കം. ഏഷ്യന്‍ഗെയിംസ് ഫുട്‌ബോളില്‍ ഇന്ത്യയെ നയിക്കുന്നത് ഛേത്രിയാണ്. ഇതോടെ കഴിഞ്ഞ സീസണില്‍ പ്ലേഓഫ് എലിമിനേറ്ററില്‍ ക്വിക്ക് ഫ്രീകിക്ക് ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ കണ്ണിലെ കരടായി മാറിയ ഛേത്രി കൊച്ചിയില്‍ കിക്കോഫ് ചെയ്യില്ല. ഇന്ത്യയുടെ ഗോളടിയന്ത്രം തന്നെയാകും ഇത്തവണയും ബംഗളൂരുവിന്റെ മുതല്‍കൂട്ട്. ആദ്യ മത്സരങ്ങളില്‍ ക്യാപ്റ്റന്‍ മുന്നില്‍ നയിക്കാനില്ലെന്ന വെല്ലുവിളിയുണ്ടാകുമെങ്കിലും സീസണിന്റെ മുന്നോട്ടുപോക്കില്‍ ഛേത്രിയുടെ ചിറകിലേറിയാകും ഇത്തവണയും ബംഗളൂരുവിന്റെ മുന്നേറ്റം.