എട്ടു മാസത്തോളം നീണ്ട ടൂർണമെന്റിനൊടുവില്‍ ഇന്ത്യന്‍ സൂപ്പർ ലീഗില്‍ (ഐഎസ്എല്‍) ഇന്ന് കലാശപ്പോര്. ലീഗിലെ തന്നെ കരുത്തരായ മോഹന്‍ ബഗാനും മുംബൈ സിറ്റി എഫ്‌സിയും കിരീടത്തിനായി ഏറ്റുമുട്ടും. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണു മത്സരം ആരംഭിക്കുന്നത്. മോഹന്‍ ബഗാന് ചാമ്പ്യന്‍പട്ടം നിലനിർത്താനാകുമോയെന്നാണ് ആകാംക്ഷ. രണ്ടാം കിരീടം തേടിയാകും മുംബൈ പന്തുതട്ടുക.
എഫ് സി ഗോവ, കേരള ബ്ലാസ്റ്റേഴ്‌സ്, ഒഡിഷ എഫ് സി എന്നീ ടീമുകള്‍ക്കു ലീഗ് ഘട്ടത്തില്‍ പിഴച്ചപ്പോള്‍ സ്ഥിരതയോടെ മുന്നോട്ട് കുതിക്കാന്‍ ബഗാനും മുംബൈക്കുമായിരുന്നു. പ്രത്യേകിച്ചും പരിശീലകരെ പാതിവഴിയില്‍ നഷ്ടമായ സാഹചര്യത്തിലും ലീഗ് ഘട്ടത്തിലെ ഇരുവരുടെയും അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വന്നു ഐഎസ്എല്‍ ഷീല്‍ഡാർക്കെന്ന് അറിയാന്‍. ഒടുവില്‍ മുംബൈയെ 2-1ന് കീഴടക്കിയാണ് ബഗാന്‍ ഷീല്‍ഡ് സ്വന്തമാക്കിയത്.
മുംബൈയുടെ തിരിച്ചുവരവ്
സീസണിന്റെ പാതിവഴിയില്‍ നവംബറിലാണ് മുംബൈയ്ക്കു പരിശീലകന്‍ ഡെസ് ബക്കിങ്ഹാമിനെ നഷ്ടമായത്. പകരക്കാരനായെത്തിയ പീറ്റർ ക്രാത്കിക്ക് പ്രതീക്ഷിച്ച മുന്നേറ്റം തുടക്കത്തിലുണ്ടാക്കാനായില്ല. ആദ്യ ആറ് മത്സരങ്ങളില്‍ ടീമിനെ വിജയത്തിലേക്ക് എത്തിക്കാനായത് കേവലം മൂന്ന് കളികളില്‍ മാത്രമായിരുന്നു. തുടർച്ചയായ തിരിച്ചടിക്കു പിന്നാലെയാണു ഗ്രെഗ് സ്റ്റീവാർട്ട്, നാസർ എല്‍ ഖയത്തി, റോസ്റ്റിന്‍ ഗ്രിഫിത്‌സ് എന്നീ താരങ്ങളേയും മുംബൈക്ക് നഷ്ടമായത്. പോരായ്മകളെ തരണം ചെയ്യാനായി ഇന്ത്യന്‍ താരങ്ങളെയായിരുന്നു ക്രാത്കിക്ക് ഉപയോഗിച്ചത്.
ബക്കിങ്ഹാമിനു കീഴില്‍ തിളങ്ങാതിരുന്ന വിക്രം പ്രതാപ് സിങ് മുംബൈ നിരയില്‍ പിന്നീട് സുപ്രധാന സാന്നിധ്യമാകുന്നതാണു കണ്ടത്. സീസണിന്റെ രണ്ടാം പകുതിയില്‍ എട്ട് ഗോളും രണ്ട് അസിസ്റ്റുമായി താരം മികവ് തെളിയിച്ചു. ചാങ്തെയുടെ സംഭാവനകളും മുംബൈയുടെ കുതിപ്പിന് ഊർജമായി. 10 ഗോളും ആറ് അസിസ്റ്റുമായിരുന്നു ചാങ്തെ നേടിയത്. വാല്‍പുയ, മെഹതാബ് സിങ്, അപുയ, ജയേഷ് റാണ എന്നിവരും ക്രാത്കിക്കിന്റെ പ്രധാന അസ്ത്രങ്ങളായി. സീസണില്‍ മുംബൈ നേടിയ 38ല്‍ 25 ഗോളും ക്രാത്കിക്കിനു കീഴിലായിരുന്നു.
മോഹന്‍ ബാഗാന്റെ ഉയിർപ്പ്
മുംബൈക്കു സമാനമായിരുന്നു ബാഗാന്റെ സീസണും. വളരെ മികച്ച രീതിയില്‍ തുടങ്ങിയ ടീമിനു ഡിസംബറോടെയായിരുന്നു കിതപ്പ് സംഭവിച്ചത്. മുംബൈ, ബ്ലാസ്റ്റേഴ്‌സ്, ഗോവ എന്നീ ടീമുകളോട് തുടർതോല്‍വികള്‍ വഴങ്ങി. എഎഫ്‌സി കപ്പില്‍ ഒഡിഷയോട് 2-5ന് പരാജയപ്പെടുകയും ടൂർണമെന്റില്‍നിന്ന് പുറത്താകുകയും ചെയ്തു. ഇത് പരിശീലകന്‍ യുവാന്‍ ഫെറാന്‍ഡോയുടെ പടിയിറക്കത്തിനും കാരണമായി. അന്റോണിയൊ ഹബാസ് ചുമതലയേല്‍ക്കുമ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു ബഗാന്‍.
പരുക്കിന്റെ പിടിയിലേക്കു വീണ ബഗാനെ ഹബാസ് കൈപിടിച്ചുയർത്തിയതു ടീമിന്റെ അക്കാദമിയിലെ താരങ്ങളെ ഉപയോഗിച്ചായിരുന്നു. ദിപേന്ദു ബിസ്വാസ്, അമന്‍ദീപ് സിങ്, അഭിഷേക് സൂര്യവംശി എന്നിവരെ ഹബാസ് കളത്തിലിറക്കി. സീസണിന്റെ രണ്ടാം പകുതിയില്‍ 12 മത്സരങ്ങള്‍ കളിച്ച സൂര്യവംശിയായിരുന്നു ബഗാന്റെ പ്രകടനങ്ങളില്‍ നിർണായകമായത്. ഹബാസിന്റെ കീഴില്‍ മന്‍വീർ സിങ്ങും ലിസ്റ്റണ്‍ കൊളാസോയും ഫോമിലേക്ക് ഉയർന്നതും ഒന്നാം സ്ഥാനത്തേക്കുള്ള യാത്ര എളുപ്പമാക്കി.
ടീം ലൈനപ്പ് സാധ്യതകളും നേർക്കുനേർ കണക്കും
ദിമിത്രി പെട്രാറ്റോസും ജെസണ്‍ കമ്മിങ്സുമായിരിക്കും മോഹന്‍ ബഗാന്റെ മുന്നേറ്റനിരയില്‍. നായകന്‍ സുഭാഷിഷ് പ്രതിരോധ നിരയ്ക്ക് നേതൃത്വം കൊടുക്കും. ജോണി കോക്കൊ, ദീപക് തംഗ്രി എന്നിവരുടെ പ്രകടനം നിർണായകമാകും. അനിരുദ്ധ ഥാപയ്ക്കു പകരം സഹല്‍ അബ്ദുള്‍ സമദിനെ കളത്തിലിറക്കിയേക്കാം. ലിസ്റ്റണ്‍ കൊളാസോയായിരിക്കും ഇടതുവിങ്ങില്‍.
മുംബൈയുടെ മുന്‍നിരയില്‍ പേരേര ഡയാസും വിക്രം പ്രതാപ് സിങ്ങും ചാങ്തെയുമായിരിക്കും. ക്രൗമയും തിരിയുമായിരിക്കും പ്രതിരോധക്കോട്ട കെട്ടുക. അല്‍ബെർട്ടൊ നോഗുവേര കളിമെനയും.
നേർക്കുനേരുള്ള പോരാട്ടങ്ങളില്‍ ബഗാനെതിരെ മുംബൈയ്ക്കു വ്യക്തമായ ആധിപത്യമുണ്ട്. 25 മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ 11ലും മുംബൈക്കൊപ്പമായിരുന്നു ജയം. ബഗാന്‍ ഏഴണ്ണത്തിലും വിജയിച്ചു. ഏഴ് മത്സരങ്ങൾ സമനിലയില്‍ കലാശിച്ചു.