FOOTBALL

ഐഎസ്എല്ലിന് കൊച്ചിയില്‍ കൊടിയേറ്റ്; കത്തിക്കയറുമോ ബ്ലാസ്‌റ്റേഴ്‌സ്?

കഴിഞ്ഞ സീസണിനുശേഷം സംഭവിച്ച കൊഴിഞ്ഞു പോകലുകളും കൂടിച്ചേരലുകളും ബ്ലാസ്റ്റേഴ്സിനെ വളര്‍ത്തിയോ തളര്‍ത്തിയോ എന്ന് കളത്തില്‍ തന്നെ കണ്ടറിയണം

ദൃശ്യ പുതിയേടത്ത്‌

രണ്ട് വര്‍ഷത്തിനുശേഷം ഇന്ത്യന്‍ ഗാലറികളിലേക്ക് ഫുട്ബോള്‍ ആവേശം ഒഴുകിയെത്തുകയാണ്. കോവിഡിനെത്തുടര്‍ന്ന് അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഇക്കുറി ആരാധകരുടെ ആരവങ്ങള്‍ക്കൊപ്പമാണ് അരങ്ങേറുക. മലയാളികളുടെ പ്രിയ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോംഗ്രൌണ്ടായ കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഒക്ടോബര്‍ ഏഴിന് വൈകിട്ട് 7.30ന് നടക്കുന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ എഫ് സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. എട്ട് സീസണുകള്‍ക്കിടെ പലതവണ കപ്പിനും ചുണ്ടിനുമിടെ കൈവിട്ട കിരീടം സ്വന്തമാക്കാനുറച്ചുതന്നെയാകും ബ്ലാസ്റ്റേഴ്സ് ഇക്കുറി കളത്തിലിറങ്ങുക. കഴിഞ്ഞ തവണത്തെ റണ്ണറപ്പ് എന്നതാണ് ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്. ഇവാന്‍ വുകോമനോവിച്ച് എന്ന പരിശീലകനാണ് അത്തരമൊരു പ്രതീക്ഷയെ സജീവമാക്കുന്നത്. കഴിഞ്ഞ സീസണിനുശേഷം സംഭവിച്ച കൊഴിഞ്ഞു പോകലുകളും കൂടിച്ചേരലുകളും ബ്ലാസ്റ്റേഴ്സിനെ വളര്‍ത്തിയോ തളര്‍ത്തിയോ എന്ന് കളത്തില്‍ തന്നെ കണ്ടറിയണം.

വിദേശ താരങ്ങളായ അല്‍വാരോ വാസ്‌കസ്, പെരേര ഡയസ്, സിപോവിച്ച്, ജെല്‍ഷ്യന്‍ എന്നിവര്‍ ക്ലബ്ബ് വിട്ടതാണ് ഈ സീസണില്‍ ആരാധകരെ അല്‍പ്പമെങ്കിലും നിരാശരാക്കുന്നത്. കഴിഞ്ഞ സീസണില്‍ ടീമിനെ ഫൈനലില്‍ എത്തിക്കുന്നതില്‍ വിദേശ താരങ്ങളുടെ സംഭാവന ചെറുതായിരുന്നില്ല. ആരാധകര്‍ അവരില്‍ അത്രത്തോളം പ്രതീക്ഷ വെച്ചിരുന്നു. എന്നാല്‍, ക്ലബ്ബ് വിട്ടവരേക്കാള്‍ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ടീമിനെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നാണ് ടീം മാനേജ്മെന്റിന്റെ നിലപാട്.

ബ്ലാസ്റ്റേഴ്സ് ഇതുവരെ

2014ലെ ഉദ്ഘാടന സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. കന്നിയങ്കത്തില്‍ പരാജയപ്പെട്ടെങ്കിലും മികച്ച പ്രകടനം ടീമിനെ ഫൈനലില്‍ എത്തിച്ചു. മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ എടികെ മോഹന്‍ ബഗാനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. നിശ്ചിത സമയത്ത് ഗോള്‍ രഹിത സമനിലയിലായിരുന്നു കളി. എന്നാല്‍ അധിക സമയത്ത് ഭാഗ്യം മാറിമറിഞ്ഞു. 1-0 ന് ബ്ലാസ്റ്റേഴ്സ് തോറ്റു.

ആദ്യ സീസണിലെ പകിട്ടുമായാണ് ബ്ലാസ്റ്റേഴ്സ് രണ്ടാം സീസണിനെത്തിയത്. എന്നാല്‍ അമ്പേ പരാജയപ്പെട്ടു. മൂന്ന് കളികള്‍ മാത്രം ജയിച്ച ബ്ലാസ്റ്റേഴ്സ് 2015 സീസണ്‍ അവസാനിപ്പിച്ചത് ലീഗ് ടേബിളിലെ അവസാന സ്ഥാനക്കാരായാണ്. ഡേവിഡ് ജയിംസായിരുന്നു ടീമിനെ മികച്ച ക്ലബ്ബാക്കി ഒരുക്കിയെടുത്തത്.

2014 സീസണ്‍

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ സ്വന്തം തട്ടകത്തില്‍ തോല്‍വിയേറ്റു വാങ്ങിയാണ് ബ്ലാസ്റ്റേഴ്സ് 2016 സീസണ് തുടക്കമിട്ടത്. ഗോളുകള്‍ നേടുന്നതില്‍ പരാജയപ്പെട്ടതിനാല്‍ സീസണിന്റെ തുടക്കത്തില്‍ ടീം നന്നേ ബുദ്ധിമുട്ടി. ബെംഗ്ളുരു എഫ്സിയില്‍ നിന്നും സികെ വിനീത് തിരിച്ചെത്തിയതോടെ ഗതി മാറി. വിനീതിന്റെ കരുത്തില്‍ ഫോം വീണ്ടെടുത്ത കെബിഎഫ്‌സി പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു കയറി. സ്റ്റീവ് കോപ്പലായിരുന്നു ബ്ലാസ്റ്റേഴ്സിനെ അടിമുടി മാറ്റിയത്. എടികെ ആയിരുന്നു ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട കളിയില്‍ 4-3 ന് തോല്‍ക്കുകയായിരുന്നു. അങ്ങനെ മൂന്ന് സീസണുകളില്‍ നിന്നായി അവരുടെ രണ്ടാമത്തെ ഫൈനല്‍ തോല്‍വിയും ബ്ലാസ്‌റ്റേഴ്‌സ് ഏറ്റുവാങ്ങി.

സന്ദേശ് ജിങ്കന്റെ നേതൃത്വത്തില്‍ ഇറങ്ങിയ 2017 സീസണില്‍ പഴയ ഫോമിലേക്ക് മുഴുവനായും മടങ്ങിയെത്താന്‍ കഴിഞ്ഞില്ല. കോപ്പല്‍ തുടരാതിരുന്നപ്പോള്‍ റെനെ മ്യുളെസ്റ്റെയ്നെ പരിശീലക സ്ഥാനത്ത് കൊണ്ടുവന്നു. എന്നാല്‍ അഭിപ്രായഭിന്നതയും തമ്മിലടിയുമായി ബ്ലാസ്റ്റേഴ്സ് മുടന്തി. അതോടെ, മ്യൂളെസ്റ്റെയ്ന്‍ തെറിച്ചു. ബ്ലാസ്‌റ്റേഴ്‌സ് ആ സീസണിലെ ആദ്യ 10 മത്സരങ്ങളില്‍ ഒന്നില്‍ മാത്രമേ ജയിച്ചുള്ളു. ഡേവിഡ് ജയിംസിനെ പരിശീലകനായി കൊണ്ടുവന്നെങ്കിലും ബാക്കിയുള്ള 10 മത്സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ വിജയിച്ച ബ്ലാസ്‌റ്റേഴ്‌സ് ആറാം സ്ഥാനക്കാരായാണ് ആ സീസണില്‍ മടങ്ങിയത്.

2016 സീസണ്‍

ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും മോശം സീസണിലൊന്നായിരുന്നു 2018ലേത്. കഴിഞ്ഞ സീസണില്‍ സെമിഫൈനല്‍ കാണാതെ പുറത്തായ ബ്ലാസ്റ്റേഴ്‌സിന് ഈ സീസണ്‍ കാത്തു വച്ചത് അതിനേക്കാള്‍ വലിയ തിരിച്ചടിയായിരുന്നു. ആദ്യ മത്സരത്തില്‍ എടികെയോട് ജയിച്ച ബ്ലാസ്‌റ്റേഴ്‌സിന് പിന്നെ വന്ന മത്സരങ്ങളിലൊന്നും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ആകെ രണ്ട് ജയങ്ങളാണ് 2018 സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് നേടാനായത്. ലീഗില്‍ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബ്ലാസ്റ്റേഴ്‌സിന്റെ മോശം സീസണായിരുന്നെങ്കില്‍ പോലും അവരുടെ മധ്യനിരയുടെ നെടുംതൂണായി സഹല്‍ അബ്ദുള്‍ സമദ് എന്ന താരത്തിന്റെ ഉയര്‍ച്ചയ്ക്ക് സീസണ്‍ സാക്ഷ്യം വഹിച്ചു.

നിരാശാജനകമായ ഒരു സീസണിന് ശേഷം 2019ല്‍ വീണ്ടും മൈതാനത്തിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് മത്സരങ്ങളിലുടനീളം പരുക്കുകളുടെ അകമ്പടിയായിലുന്നു. കഴിഞ്ഞ രണ്ട് സീസണുകളിലായി ടീമിന്റെ നായകനായ ജിങ്കന് പരുക്കിനെ തുടര്‍ന്ന് ആ സീസണ്‍ മുഴുവനും നഷ്ടമായി. ജിങ്കനെക്കൂടാതെ മറ്റ് കളിക്കാര്‍ക്കും സീസണില്‍ പരുക്കുകളേല്‍ക്കുകയും നിര്‍ണായകമായ ചില മത്സരങ്ങള്‍ അവര്‍ക്ക് കളിക്കാന്‍ പറ്റാതെ വരികയും ചെയ്തു. പരുക്കിന്റെ നിഴലില്‍ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് ആ സീസണ്‍ പൂര്‍ത്തിയാക്കിയത്. ജയിംസിനു പകരം എല്‍കോ ഷട്ടോരിയായിരുന്നു പരിശീലകന്‍.

2018 സീസണ്‍

കോവിഡ് മഹാമാരി കാരണം ഐഎസ്എല്‍ ഏഴാം സീസണ്‍ ഗോവയിലെ മൂന്ന് വേദികളില്‍ മാത്രമാണ് നടത്തിയത്. ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രധാന ഡിഫന്റര്‍ ആയിരുന്ന സന്ദേശ് ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സുമായുള്ള തന്റെ ആറ് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചത് 2020 സീസണിലാണ്. സഹല്‍, കെ പി രാഹുല്‍ എന്നിവരെ 2025 വരെ നിലനിര്‍ത്താന്‍ തീരുമാനിച്ചു. മുന്‍ സീസണിലെ പോലെ തന്നെ ടീമിന് അത്തവണയും കാര്യമായൊരു തിരിച്ചടി നേരിടെണ്ടി വന്നു. ചെന്നെയിന്‍ എഫ്‌സിക്കെതിരായ മൂന്നാം മത്സരത്തിനിടെ ക്യാപ്റ്റന്‍ സെര്‍ജിയോ സിഡോഞ്ചയ്ക്ക് പരിക്കേറ്റു. സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് അദ്ദേഹം പുറത്തായി.

ഏഴ് മത്സരങ്ങള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സിന് തങ്ങളുടെ ആദ്യ വിജയം നേടാനായത്. കഴിഞ്ഞ സീസണിലേക്കാള്‍ കുറഞ്ഞ തോതിലാണെങ്കിലും ആ സീസണിലും ബ്ലാസ്‌റ്റേഴ്‌സിനെ പരുക്കുകള്‍ പിന്തുടര്‍ന്നു. 18 മത്സരങ്ങളില്‍ നിന്ന് മൂന്നെണ്ണത്തില്‍ മാത്രം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് ആ സീസണില്‍ വഴങ്ങിയത് 33 ഗോളുകളാണ്. ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രതിരോധമാണ് ആ സീസണില്‍ കണ്ടത്. തുടര്‍ച്ചയായ സീസണുകളില്‍ എവിടെയും എത്താതെ പോയ ബ്ലാസ്‌റ്റേഴ്‌സിനെ ഇവിടെയും ഭാഗ്യം തുണച്ചില്ല, ലീഗ് ടേബിളില്‍ പത്താം സ്ഥാനത്തായിരുന്നു അവര്‍.

2020 സീസണ്‍

ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചു വരവായിരുന്നു 2021 സീസണ്‍. ഇവാന്‍ വുകോമനോവിച്ച് എന്ന പരിശീലകന്റെ കീഴില്‍ ഒരു കരുത്തുറ്റ ടീം അണി നിരന്നു. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് 10 മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സ് തോല്‍വിയറിയാതെ മുന്നോട്ട് പാഞ്ഞു. അപരാജിത ഓട്ടത്തിനിടയില്‍, സീസണിന്റെ പകുതിയില്‍ ഏഴ് വര്‍ഷത്തിനിടെ ആദ്യമായി ബ്ലാസ്റ്റേഴ്‌സ് ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തി. 2016 സീസണിന് ശേഷം ആദ്യമായി ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് ഘട്ടം അവസാനിച്ചതിനു ശേഷം വിജയങ്ങളുടെ എണ്ണം, മൊത്തം ഗോളുകളുടെയും ക്ലീന്‍ ഷീറ്റുകളുടെയും എണ്ണം, ഓരോ ഗെയിമിനെയും അടിസ്ഥാനപ്പെടുത്തിയിട്ടുള്ള പോയിന്റ് എന്നിങ്ങനെ നിരവധി ക്ലബ് റെക്കോര്‍ഡുകളാണ് ചരിത്രത്തിലാദ്യമായി വുകോമാനോവിച്ചിന്റെ ബ്ലാസ്‌റ്റേഴ്‌സ് ടീം തകര്‍ത്തത്. സെമി ഫൈനലുകളില്‍ വിജയിച്ച ബ്ലാസ്റ്റേഴ്‌സ് എട്ടാം സീസണില്‍ തങ്ങളുടെ മൂന്നാം ഫൈനല്‍ പ്രവേശം നടത്തി. സീസണിലുട നീളം മികച്ച പ്രകടനം കാഴ്ചവച്ച ബ്ലാസ്റ്റേഴ്‌സ് വലിയ പ്രതീക്ഷയിലാണ് ഫൈനല്‍ കളിക്കാനിറങ്ങിയത്.

ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ട് വീണ്ടും ബ്ലാസ്റ്റേഴ്‌സിന് വിനയായി. ഫെനലില്‍ ഹൈദരാബാദിന്റെ ഉന്നം തെറ്റാത്ത ഷോട്ടുകള്‍ക്ക് മുന്നില്‍ ബ്ലാസ്‌റ്റേഴ്‌സ് അടിയറവ് പറഞ്ഞു. അതോടെ ഇന്ത്യന്‍ സൂപ്പര്‍ലീഗ് ചരിത്രത്തിലെ തങ്ങളുടെ മൂന്നാം ഫൈനല്‍ തോല്‍വിയും ബ്ലാസ്‌റ്റേഴ്‌സ് ഏറ്റു വാങ്ങി. കന്നിക്കിരീടം എന്ന മോഹവുമായി ഇറങ്ങിയ ടീമിന് അവസാന നിമിഷം രണ്ടാം സ്ഥാനക്കാരായി മടങ്ങേണ്ടി വന്നു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഹൈദരാബാദിനോട് തോറ്റ് മടങ്ങുമ്പോള്‍ കന്നിക്കിരീടം എന്ന സ്വപ്നം അപ്പോഴും ബാക്കിയായി.

2021 സീസണ്‍

2022ല്‍ ബ്ലാസ്‌റ്റേഴ്‌സിന് പ്രതീക്ഷിക്കാന്‍ ഒരുപാട് കാരണങ്ങളുണ്ട്. ടീമിന്റെ കരുത്തായ കോച്ച് കരാര്‍ പുതുക്കി ടീമിനോടൊപ്പം തന്നെയുണ്ട്. ചില പ്രധാന കളിക്കാര്‍ വേര്‍പെട്ട് പോയെങ്കിലും മികച്ച ടീമിനെ തന്നെ ഒരുക്കിയെടുക്കാന്‍ കഴിഞ്ഞു എന്ന ആത്മവിശ്വാസത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് നേതൃത്വം.

പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന്റെ വില രണ്ടായിരത്തിലേക്ക്‌, 92 ദിവസത്തിനിടെ വര്‍ധിച്ചത് 159 രൂപയോളം

വടക്കന്‍ ഇസ്രയേലിലേക്ക് ഹിസ്ബുള്ളയുടെ റോക്കറ്റ് വര്‍ഷം; ഏഴു പേര്‍ കൊല്ലപ്പെട്ടു

പ്രകൃതി ദുരന്തങ്ങള്‍ രണ്ട് പതിറ്റാണ്ടിനിടെ കവര്‍ന്നത് 5 ലക്ഷത്തിലധികം ജീവനുകള്‍; കാലാവസ്ഥാ വ്യതിയാനം ഭൂമിയെ രൂക്ഷമായി ബാധിക്കുന്നു

എം കെ സാനുവിനും എസ് സോമനാഥിനും സഞ്ജു സാംസണും കേരള പുരസ്കാരം

ലോകത്ത് ക്ഷയരോഗം കുതിച്ചുയരുന്നു; കഴിഞ്ഞ വർഷം ബാധിച്ചത് 80 ലക്ഷം പേരെ