ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ ഒമ്പതാം സീസണിന് കിക്കോഫ് കുറിക്കാന്‍ കേവലം അഞ്ചു ദിവസം മാത്രം ബാക്കിനില്‍ക്കെ ഫിക്സചറില്‍ മാറ്റം. നിലവിലെ ഷീല്‍ഡ് ചാമ്പ്യന്മാരായ ജംഷഡ്പുര്‍ എഫ്സിയുടെ മത്സരങ്ങളുടെ തീയതികളിലാണ് മാറ്റം വരുത്തിയത്. അവരുടെ മൂന്നു മത്സരങ്ങള്‍ മുന്‍ നിശ്ചയിച്ച തീയതികളില്‍ നിന്നു നേരത്തെയാക്കി നിശ്ചയിച്ചു.
നിലവിലെ ജേതാക്കളായ ഹൈദരാബാദ് എഫ്സിയുമായി നവംബര്‍ 12-ന് നിശ്ചയിച്ചിരുന്ന മത്സരം നവംബര്‍ ഒമ്പതിലേക്കാണ് മാറ്റിയത്. ജംഷഡ്പൂരിന്റെ ഹോം ഗ്രൗണ്ടായ ജെ ആര് ഡി ടാറ്റ സ്പോര്‍ട്സ് കോംപ്ലക്സിലാണ് മത്സരം അരങ്ങേറുക.
ഇതിനു പുറമേ ജനുവരി 21-ന് ബംഗളുരു എഫ്സിക്കെതിരേ നടക്കാനിരുന്ന മത്സരം ജനുവരി 18-ലേക്കും ഫെബ്രുവരി 25-ന് ഒഡീഷ എഫ്സിക്കെതിരേ നടക്കാനിരുന്ന മത്സരം ഫെബ്രുവരി 23-ലേക്കും മാറ്റി നിശ്ചയിച്ചു.
മറ്റു ടീമുകളുടെ മത്സരങ്ങള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഈ മാസം ഏഴിനാണ് ഒമ്പതാം സീസണിന് കിക്കോഫാകുക. കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും ഏറ്റുമുട്ടും.