ഇന്ത്യന്‍ സൂപ്പർ ലീഗിലെ (ഐഎസ്എല്‍) കൊമ്പന്മാർക്ക് ഒരു ഇരുണ്ടകാലമുണ്ടായിരുന്നു. കളത്തിലും കളിയിലും പട്ടികയിലും എന്തിന് കൃത്യമായൊരു പരിശീലകനെ പോലും നിലനിർത്താനാകാതെ ക്ലബ്ബ് ദുരിതമനുഭവിച്ചൊരു കാലം. 2015ലായിരുന്നു അത്, ഐഎസ്എല്‍ കണ്ട എക്കാലത്തെയും മികച്ച ക്ലബ്ബുകളിലൊന്നായ കേരള ബ്ലാസ്റ്റേഴ്സ് അക്ഷരാർത്ഥത്തില്‍ പ്രതിസന്ധിയിലായ വർഷം. മാസങ്ങളുടെ ഇടവേളയില്‍ മൂന്ന് പരിശീലകരാണ് മഞ്ഞപ്പടയ്ക്കായി എത്തിയത്.
2015 മെയില്‍ ചുമതലയേറ്റ പീറ്റർ ടെയിലറിന്റെ മാനേജർ പദവിയുടെ ആയുസ് 169 ദിവസം മാത്രമായിരുന്നു. പിന്നാലെ താത്കാലിക പരിശീലകനായി ട്രെവർ മോർഗനെത്തി, ചുമതലയിലുണ്ടായിരുന്നത് നാല് ദിവസം മാത്രം. മുഖ്യപരിശീലകന്റെ റോളില്‍ പിന്നീടെത്തിയത് ടെറി ഫിലാനായിരുന്നു, പക്ഷേ 49-ാം ദിനം ടെറിയുടെ കസേര തെറിച്ചു. മൂന്ന് പരിശീലകരുടെ കീഴില്‍ ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത് കേവലം 12 കളികളും. സീസണ്‍ അവസാനിപ്പിച്ചത് എട്ടാം സ്ഥാനത്തായിരുന്നു.
പിന്നീട് സ്റ്റീവ് കോപ്പല്‍, റെനെ മ്യൂളന്‍സ്റ്റീന്‍, ഡേവിഡ് ജെയിംസ്, നെലൊ വിംഗദ, എല്‍കൊ ഷട്ടോരി, കിബു വികുന, ഇഷ്ഫാഖ് അഹമ്മദ് എന്നിങ്ങനെ താത്കാലികവും അല്ലാതെയുമായി പരിശീലകർ വന്നുപോയി. സ്റ്റീവ് കോപ്പല്‍ ടീമിനെ പരിശീലിപ്പിച്ചോള്‍ മാത്രമായിരുന്നു ആരാധകർക്കും ക്ലബ്ബിനും ഒരുപോലെ ഓർത്ത് വെക്കാനാകുന്ന സീസണുണ്ടായത്. അന്ന് ഫൈനലിലെത്തിയെങ്കിലും എടികെയോട് പരാജയപ്പെട്ടായിരുന്നു മഞ്ഞപ്പട മടങ്ങിയത്.
ഒരു സെർബിയന്‍ പ്രതീക്ഷ
ലീഗ് ചരിത്രത്തിലെ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മോശം സീസണായ 2020-21 മാനേജ്മെന്റിന് ഒരു ഓർമ്മപ്പെടുത്തല്‍ കൂടിയായിരുന്നു. തിരുത്തപ്പെടേണ്ടതുണ്ടെന്ന ഓർമ്മപ്പെടുത്തല്‍. ഒപ്പം നിന്ന ആരാധകർ പോലും കൈവിട്ട സീസണിന് പിന്നാലെയാണ് സെർബിയന്‍ സ്വദേശിയായ ഒരു മാനേജറുമായി ടീം കരാർ ഒപ്പിട്ടെന്ന വാർത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പടർന്നത്. പേര് ഇവാന്‍ വുകുമനോവിച്ച്. തകർന്ന ചില്ലുപാത്രത്തെ ഒന്നിച്ചു ചേർക്കേണ്ട ശ്രമകരമായ ദൗത്യമായിരുന്നു പെരുമയൊ ആഘോഷങ്ങളൊ ഇല്ലാതെയെത്തിയ വുകുമനോവിച്ചിനുണ്ടായിരുന്നത്.
വുകുമനോവിച്ചിന്റെ കീഴിലുള്ള ആദ്യ ജയത്തിനായി ഐഎസ്എല്ലില്‍ നാല് മത്സരങ്ങള്‍ വരെ കാത്തിരിക്കേണ്ടി വന്നു ആരാധകർക്ക്. വൈകാതെ ബ്ലാസ്റ്റേഴ്സിന്റെ ഉയർത്തെഴുന്നേല്‍പ്പ് ഐഎസ്എല്‍ കണ്ടു, തുടർ വിജയങ്ങള്‍, ടീമിലേക്ക് വിദേശ താരങ്ങളുടെ വരവ്, മികവുറ്റ മുന്‍നിര, താരസമ്പന്നമായ മധ്യനിര, പ്രതിരോധകോട്ട തീർക്കുന്ന ഡിഫന്‍ഡർമാർ...കളത്തിലെ ചടുലതയ്ക്കൊപ്പം ആരാധകരെയും ഗ്യാലറികളില്‍ നിറയ്ക്കാന്‍ വുകുമനോവിച്ചിനായിരുന്നു.
ഇവാന്റെ ബ്ലാസ്റ്റേഴ്സ്
കന്നി സീസണില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ 34 പോയിന്റാണ് വുകുമനോവിച്ചിന്റെ സംഘം നേടിയത്. ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തില്‍ തന്നെ 30ലധികം പോയിന്റ് നേടുന്ന ആദ്യ സീസണ്‍ കൂടിയായിരുന്നു 2021-22. പ്രസ്തുത സീസണില്‍ ഫൈനലിലുമെത്തി, ഗോവയില്‍ നടന്ന ആവേശപ്പോരില്‍ പെനാലിറ്റി ഷൂട്ടൗല്‍ പരാജയപ്പെട്ടെങ്കിലും വുകുമനോവിച്ചിനേയും ടീമിനേയും ആരാധകർ ചേർത്തു നിർത്തി. ആദ്യ സീസണിലെ മികവ് പുതിയ സീസണിലേക്കുള്ള വാതിലും തുറന്നു.
2021-22 സീസണില്‍ നിർണായ പങ്കുവഹിച്ച പെരേര ഡയാസ്, ആല്‍വാരൊ വാസ്ക്വസ് എന്നിവരില്ലാതെയായിരുന്നു രണ്ടാമങ്കത്തിന് വുകുമനോവിച്ചിറങ്ങിയത്. പകരം ദിമിത്രിയോസ് ഡയമന്റക്കോസ് എന്ന വജ്രായുധത്തെ ടീമിലെത്തിച്ചു. അഡ്രിയാന്‍ ലൂണ - ഡയമന്റക്കോസ് സഖ്യത്തിലൂന്നിയ വുകുമനോവിച്ച് തന്ത്രം ഫലം കണ്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ 31 പോയിന്റാണ് മഞ്ഞപ്പട നേടിയത്. ആദ്യമായി ഒരു സീസണില്‍ 10 ജയമെന്ന നേട്ടവും കുറിച്ചു. തുടർച്ചയായ രണ്ടാം തവണയും പ്ലേ ഓഫിലും കടന്നു.
വിവാദങ്ങളിലും ആരാധകർ ഒപ്പം
പ്ലേ ഓഫില്‍ ബെംഗളൂരു എഫ് സിക്കെതിരായ നാടകീയ സംഭവങ്ങളും ഇവാനും ടീമും കളം വിട്ടതുമെല്ലാം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും ഇടം പിടിച്ചു. ഇവാന്റെ തീരുമാനത്തിനോട് സമ്പൂർ പിന്തുണയായിരുന്നു അന്ന് ആരാധകർ പ്രഖ്യാപിച്ചത്, ഇവാനൊപ്പമാണെന്ന മുദ്രാവാക്യവുമായായിരുന്നു കൊച്ചിയില്‍ സ്വീകരണം. പക്ഷേ, കളം വിട്ടതിന് 10 മത്സരങ്ങളുടെ വിലക്കായിരുന്നു എഐഎഫ്എഫ് ഇവാന് നല്‍കിയത്, ഇതിനുപുറമെ അഞ്ച് ലക്ഷം രൂപ പിഴയും.
മൂന്നാം സീസണിലും വുകുമനോവിച്ചിനെ തന്നെ ഉത്തരവാദിത്തം ഏല്‍പ്പിക്കാനുള്ള ടീം മാനേജ്മെന്റിന്റെ തീരുമാനം ശരിവെക്കുന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ ഇതുവരെയുള്ള പ്രകടനം. 12 കളികളില്‍ നിന്ന് 26 പോയിന്റുമായി പട്ടികയുടെ തലപ്പത്താണ് നിലവില്‍ ബ്ലാസ്റ്റേഴ്സ്.
ഐഎസ്എല്ലില്‍ ഒരു ടീം ദീർഘകാലം വിശ്വാസമർപ്പിക്കുന്ന പരിശീലകർ വിരളമാണ്. വുകുമനോവിച്ച് ബ്ലാസ്റ്റേഴ്സിന്റെ ചുമതലയേറ്റിട്ട് 933 ദിവസങ്ങള്‍ പിന്നിടുന്നു. 55 കളികളില്‍ നിന്ന് 27 വിജയവും 10 സമനിലയും 18 തോല്‍വിയുമാണ് ഇവാന്റെ പേരിലുള്ളത്. 2020 മുതല്‍ 2023 വരെ ഹൈദരാബാദിനെ പരിശീലിപ്പിച്ച മനോലൊ മാർക്വസ് മാത്രമാണ് ഇവാനേക്കാള്‍ കൂടുതല്‍ കാലം ഒരു ടീമിനെ പരിശീലിപ്പിച്ചിട്ടുള്ളത്. മനോലൊയുടെ കീഴിലായിരുന്നു ഹൈദരാബാദ് കിരീടം നേടിയതും.