ഐഎസ്എല്‍ 10ാം സീസണ് ഇന്ന് കൊച്ചിയില്‍ കിക്കോഫ്. 12 ടീമുകളുമായി പുതിയ സീസണില്‍ പന്തുരുളുമ്പോള്‍ സായാഹ്നങ്ങളില്‍ കാല്പന്തിന്റെ ആവേശം ഏറ്റുവാങ്ങാന്‍ ഒരുങ്ങുകയാണ് ആരാധകര്‍. കഴിഞ്ഞ സീസണുകളിലൊക്കെ കൈവിട്ടുപോയ കിരീടമെന്ന സ്വപ്‌നം ആരാധകര്‍ക്കായി ഇത്തവണയെങ്കിലും ബ്ലാസ്റ്റേഴ്‌സിന് സ്വന്തമാക്കണം. അഡ്രിയാന്‍ ലൂണ എന്ന പുതിയ നായകന്റെ കരുത്തില്‍ മഞ്ഞപ്പട ഇന്ന് ആദ്യ പോരാട്ടത്തിനിറങ്ങുകയാണ്. ഇവാന്‍ വുകോമാനോവിച്ച് എന്ന പരിശീലകന്റെ സാന്നിധ്യവും മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. കഴിഞ്ഞ സീസണ്‍ പ്ലേ ഓഫില്‍ ബ്ലാസ്റ്റേഴ്‌സിന് നാടകീയമായി കുരുക്കിട്ട ബംഗളുരു എഫ്‌സിയാണ് ആദ്യ എതിരാളികള്‍.
ബ്ലാസ്റ്റേഴ്‌സ്-ബംഗളുരു പോരാട്ടത്തിന് കൊച്ചി ജവഹര്‍ലാല്‍നെഹ്‌റു സ്‌റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. മഞ്ഞക്കടലിരമ്പുന്ന ഗ്യാലറിക്കുമുന്നില്‍ കഴിഞ്ഞ സീസണിലെ പ്ലേ ഓഫ് തോല്‍വിക്ക് മറുപടി പറയുക എന്ന ലക്ഷ്യം കൂടി ബ്ലാസ്റ്റേഴിസിനുണ്ട്. എതിരാളികളുടെ ഗോള്‍വല കുലുക്കാനും അവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയുന്ന പുതിയ ക്യാപ്റ്റനില്‍ തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷ. ലൂണ ഇതിനുമുന്‍പും ബ്ലാസ്റ്റേഴ്‌സിന്റെ നായക റോള്‍ ഏറ്റെടുത്തിരുന്നിട്ടുണ്ടെങ്കിലും സ്ഥിരമായിരുന്നില്ല. മുന്‍ ക്യാപ്റ്റന്‍ ജസല്‍ കാര്‍നെയ്‌റോയുടെ അഭാവത്തില്‍ മാത്രമാണ് അദ്ദേഹത്തിന് അതിനുള്ള അവസരം തുറന്നത്.
പരിചയസമ്പന്നരായ യുവനിരയാല്‍ സമ്പന്നമാണ് കൊമ്പന്മാര്‍
പ്രതീക്ഷകളെ സാധൂകരിക്കുന്ന വിധത്തിലുള്ള ഒരു സ്‌ക്വാഡിനെയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നലെ പ്രഖ്യാപിച്ചത്. ഈ വര്‍ഷം 11 പുതുമുഖ താരങ്ങളെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പരിചയസമ്പന്നരായ യുവനിരയാല്‍ സമ്പന്നമാണ് കൊമ്പന്മാര്‍. പ്രതിരോധത്തെ ശക്തമാക്കാന്‍ ഇത്തവണ പ്രീതം കോട്ടാലുണ്ട്. മുന്നേറ്റതാരം ദൈസുകിസകായിയുടെ വരവും ടീമിന് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. സഹല്‍ ടീം വിട്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് നിരയില്‍ കെ പി രാഹുലടക്കം ആറ് മലയാളി താരങ്ങളുണ്ട്.
എങ്കിലും ബ്ലാസ്റ്റേഴ്‌സിന് തുടക്കം അത്ര എളുപ്പമാകാന്‍ വഴിയില്ല. കഴിഞ്ഞ ആറ് വര്‍ഷമായി ക്ലബ്ബിന്റെ ഭാഗമായിരുന്ന മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് ഉള്‍പ്പെടെയുള്ള വമ്പന്മാരുടെ കൂടുമാറ്റം ബ്ലാസ്റ്റേഴ്‌സിന് മുന്നില്‍ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ സിങ്, മധ്യനിര താരം ഇവാന്‍ കല്യുഷ്‌നി എന്നിവരുടെ അഭാവം ടീമില്‍ പ്രതിഫലിച്ചേക്കാമെന്ന ഭയവും ആരാധകര്‍ക്കുണ്ട്. ഡഗൗട്ടില്‍ തന്ത്രങ്ങള്‍ മെനയാന്‍ ആശാന്‍ ഉണ്ടാവില്ലെന്ന ഒരു പ്രതിസന്ധിയും ബ്ലാസ്റ്റേഴ്‌സിന് മുന്നിലുണ്ട്. 10 കളികളിലേക്ക് വിലക്ക് നേരിടുന്ന ഇവാൻ നാല് കളികള്‍ക്ക് ശേഷമേ ടൂർണമെൻ്റിൻ്റെ ഭാഗമാകൂ. യുവതാരങ്ങളില്‍ മികവ് പുലര്‍ത്തുന്ന രാഹുലും ബ്രൈസ് മിറാന്‍ഡയും ഏഷ്യാഡിലാണ്. ആദ്യമത്സരങ്ങള്‍ കളിക്കാന്‍ അവര്‍ ഉണ്ടാവില്ലെന്നതും ബ്ലാസ്റ്റേഴ്‌സിന് വെല്ലുവിളിയാണ്. പ്രധാന കളിക്കാരില്‍ പലരും പരുക്കിന്റെ പിടിയിലാണ്. ഇഷാന്‍ പണ്ഡിതയും സൗരവ് മണ്ഡലും ദിമിത്രിയോസ് ഡയമന്റകോസും ടീമിനൊപ്പം ചേര്‍ന്നത് ഈയടുത്താണ്.
ബംഗളൂരുവിനും ഇത്തവണ ഒരുപാട് മാറ്റങ്ങളുണ്ട്. ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി തന്നെയാണ് ഇത്തവണയും ബംഗളൂരുവിന്റെ നായകന്‍. എന്നാല്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നതിനാല്‍ താരം ആദ്യ മത്സരത്തിലുണ്ടാകില്ലായെന്നത് നീലപ്പടയുടെ ആക്രമണത്തിന് വെല്ലുവിളിയാണ്. ഉദാന്ത സിങ്, സന്ദേശ് ജിങ്കന്‍, റോയ് കൃഷ്ണ, പ്രബീര്‍ ദാസ് എന്നീ പ്രധാനികള്‍ ടീം വിട്ടു. ഇവരുടെ കൂടുമാറ്റം ബംഗളൂരുവിന് വലിയ വെല്ലുവിളിയാണ്. ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായിരുന്ന ജെസെല്‍ കര്‍ണെയ്റോ ഇക്കുറി ബംഗളൂരുവിനൊപ്പമാണ്. ഹാവിയര്‍ ഹെര്‍ണാണ്ടസാണ് ബംഗളൂരുവിന്റെ മധ്യനിരയുടെ കരുത്ത്. ഗുര്‍പ്രീത് സിങ് സന്ധുവാണ് ഗോള്‍വല കാക്കാനിറങ്ങുമ്പോള്‍ എതിരാളികള്‍ കുറച്ചൊന്ന് വിയര്‍ക്കും. ബ്ലാസ്‌റ്റേഴ്‌സിന്റെ തട്ടകത്തില്‍ ആദ്യ മത്സരത്തിനിറങ്ങുന്നതിന്റെ പിരിമുറുക്കം ടീമിനുണ്ടാകും.
ഐഎസ്എല്ലില്‍ ഇതുവരെ 15 തവണയാണ് ബ്ലസ്റ്റേഴ്‌സും ബംഗളൂരുവും നേര്‍ക്കുനേര്‍ വന്നത്. അതില്‍ എട്ട് വിജയങ്ങളുമായി ബംഗളൂരുവിനാണ് മുന്‍തൂക്കം. 20 ഗോളുകള്‍ വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് നീലപ്പടയ്‌ക്കെതിരെ ഇതുവരെ ഗോള്‍ രഹിത മത്സരം വഴങ്ങിയിട്ടില്ല.. ഇതുവരെ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് അവര്‍ ബംഗളൂരുവിനോട് ജയം രുചിച്ചതും. കഴിഞ്ഞ സീസണില്‍ ഇരു ടീമുകളും മൂന്ന് തവണ ഏറ്റുമുട്ടിയിരുന്നു. ആദ്യത്തേത് സ്വന്തം തട്ടകത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചപ്പോള്‍ ബാക്കി രണ്ടെണ്ണവും ബംഗളൂരു അവരുടെ കളിമുറ്റത്തുവച്ച് സ്വന്തമാക്കി.