FOOTBALL

ജാഫറും വിംസിയും പിന്നെ ഞാനും; ഒരു 'സമനില'യുടെ ഓർമയ്ക്ക്

ഫുട്ബോൾ ശ്വസിച്ചു ജീവിച്ച ടി എ ജാഫറിനെ കുറിച്ചോർക്കുമ്പോൾ അൽപ്പം സസ്പെൻസ് കൂടി കലർന്ന ആ കൂടിക്കാഴ്ച ഓർക്കാതിരിക്കുന്നതെങ്ങനെ?

രവി മേനോന്‍

പന്ത് പെനാൽറ്റി സ്പോട്ടിൽവച്ച് കിക്കെടുക്കാൻ ഓടിയണയുന്ന ടി എ ജാഫർ. കൈകൾ വിടർത്തി, തലകുനിക്കാതെ, ഗോൾ പോസ്റ്റിൽ വിംസി. ഒരാൾ കേരളത്തിന്റെ വിശ്വസ്ത മിഡ് ഫീൽഡ് ജനറൽ, മറ്റെയാൾ കളിയെഴുത്തിലെ അറ്റാക്കർ- പേനകൊണ്ട് ഗോളടിച്ചുകൂട്ടുന്ന പോരാളി. എങ്കിലും ഇവിടെ കാവൽഭടന്റെ റോളിൽ.

ജാഫർക്ക ഏതു നിമിഷവും കിക്കെടുക്കാം. പന്ത് പോസ്റ്റിൽ ചെന്നൊടുങ്ങുമോ അതോ വിംസിയുടെ കൈകളിൽ വിശ്രമിക്കുമോ എന്നേ അറിയേണ്ടതുള്ളൂ ഇനി. ദ്വന്ദയുദ്ധത്തിന് മൂകസാക്ഷിയായി ഒരേയൊരാൾ. കളിയെഴുത്ത് ഉപജീവനമാക്കിയവൻ, ഈ ഞാൻ.

ഫുട്ബോൾ ശ്വസിച്ചു ജീവിച്ച ടി എ ജാഫറിനെ കുറിച്ചോർക്കുമ്പോൾ അൽപ്പം സസ്പെൻസ് കൂടി കലർന്ന ആ കൂടിക്കാഴ്ച ഓർക്കാതിരിക്കുന്നതെങ്ങനെ? ഏറ്റവുമൊടുവിൽ ഫോണിൽ സംസാരിച്ചപ്പോഴും ജാഫർക്ക പങ്കുവെച്ചത് ആ ഓർമകളാണ്. ജാഫർക്കയുടെ തന്നെ വാക്കുകളിൽ, വീറും വാശിയും പകയും നിറഞ്ഞ പോരാട്ടത്തിനൊടുവിലെ സമനില.

1975 ലെ കോഴിക്കോട് സന്തോഷ് ട്രോഫിയിൽ നിന്ന് തുടങ്ങുന്ന കഥ. അന്നത്തെ കേരള ക്യാപ്റ്റനും ഗോൾകീപ്പറുമായ വിക്ടർ മഞ്ഞില രചിച്ച "ഗോളിയുടെ ആത്മകഥ''യിലുണ്ട് ആ കഥയുടെ ഫ്ലാഷ് ബാക്ക്.

"കളിയെഴുത്തുകാരെ കുറിച്ച് പറയുമ്പോൾ എനിക്ക് പെട്ടെന്ന് ഓർമ വരുന്ന ഒരു സംഭവമുണ്ട്.''-- വിക്ടർ എഴുതുന്നു. "1975 ലെ സന്തോഷ് ട്രോഫിയിൽ ഞങ്ങളുടെ ടീമിനെക്കുറിച്ച് ആരാധകർക്ക്‌ മുഴുവൻ വലിയ പ്രതീക്ഷയായിരുന്നു. പ്രതീക്ഷയുടെ ആ കൊടുമുടിയിൽ നിൽക്കുന്ന സമയത്താണ് വിംസി മാതൃഭൂമിയുടെ ഞായറാഴ്ചപ്പതിപ്പിൽ കേരള ടീമിനെ കുറിച്ച് "ഇത് വയസൻ പടയോ'' എന്ന പേരിൽ ഒരു ലേഖനമെഴുതുന്നത്. അന്നത്തെ ടീമിൽ രണ്ടു പ്രായമുള്ള കളിക്കാർ ഉണ്ടായിരുന്നു എന്നതുകൊണ്ടാണ് അത്തരമൊരു കുറിപ്പ് വിംസി എഴുതിയത്.''

1971 ലെ സന്തോഷ് ട്രോഫി പ്രകടനം കണ്ട് എന്നെക്കുറിച്ച് "വിക്ടർ മഞ്ഞില മുസ്തഫയുടെ പിൻഗാമിയോ'' എന്ന് പ്രശംസിച്ചെഴുതിയ ആളാണ് ഈ വിംസി. അതേ ആൾ തന്നെയാണ് ഞാൻ ക്യാപ്റ്റനായി ഇരിക്കുന്ന ടീമിനെക്കുറിച്ച് ഇത്തരത്തിൽ അടച്ചാക്ഷേപിച്ച് എഴുതിയിരിക്കുന്നത്. ദൃശ്യ മാധ്യമങ്ങളൊന്നും ഇല്ലാത്ത അക്കാലത്ത് വിംസിയുടെ എഴുത്തിന് അത്ര സ്വീകാര്യതയുണ്ട് എന്നോർക്കണം. ഞങ്ങൾക്കെല്ലാം അത് വലിയ ഷോക്കായി. കളിക്കളത്തിൽ ഇറങ്ങുന്നതിന് മുൻപ് തന്നെ ഞങ്ങളുടെ ഊർജ്ജം കെടുത്തുന്ന എഴുത്തായിരുന്നല്ലോ അത്.

ആ വാർത്തയെല്ലാം വന്ന് ദിവസങ്ങൾക്കു ശേഷം ഞങ്ങൾ കോഴിക്കോട്ട് ടൂർണമെന്റിനായി എത്തിയപ്പോൾ വിംസി ദൂരെ നിന്ന് എന്നെ കണ്ട് ഓടിവന്ന് ചേർത്തുപിടിച്ച് ചോദിച്ചു: "നമുക്ക് 71 ആവർത്തിക്കണ്ടേ?''

ഞാൻ പ്രത്യേകിച്ച് ആഹ്ളാദമൊന്നും കാണിക്കാതെ നിസംഗനായി ഒന്ന് തലയാട്ടുക മാത്രം ചെയ്തു. അങ്ങനെ ഒരു കുറിപ്പ് എഴുതിയ കാര്യം അദ്ദേഹം മറന്നുകാണും. പക്ഷേ ഞങ്ങളുടെ ഉള്ളിൽ അതൊരു മുറിവായി കിടന്നു നീറുന്നുണ്ടായിരുന്നു.

വിംസി വന്നുപോയ ശേഷം മറ്റുള്ളവർ അതാരാണെന്ന് ചോദിച്ചു. ഞാൻ അത് വിംസിയാണെന്ന് പറഞ്ഞു. അത് കേട്ടതും ജാഫർക്ക അദ്ദേഹത്തിന്റെ നേരെ കുതിച്ചു. "താൻ എന്താടോ കേരള ടീമിനെക്കുറിച്ച് എഴുതിവെച്ചത്?'' എന്ന് ചോദിച്ച് ശബ്ദമുയർത്തി. ആളുകൾ ചുറ്റും കൂടി. മറ്റ് മാധ്യമങ്ങളും ഈ വിവരമറിഞ്ഞു അങ്ങോട്ട് ഓടിയെത്തി.

ഈ സംഭവം മാധ്യമങ്ങൾക്കിടയിൽ കേരള ടീമിനോട് വൈരാഗ്യം ഉണ്ടാക്കിത്തീർത്തു. അന്ന് മുതൽ പത്രങ്ങളിലെ കായിക പേജുകളിൽ മുഴുവൻ കേരള ടീമിനെക്കുറിച്ച് വളരെ മോശമായ റിപ്പോർട്ടുകൾ വരാൻ തുടങ്ങി. ഞങ്ങളുടെ ഓരോ നീക്കവും രഹസ്യമായി നിരീക്ഷിച്ച് വ്യക്തിപരമായ പോരായ്മകളെ വരെ പർവ്വതീകരിച്ച് അവർ സ്പോർട്സ് കോളങ്ങൾ നിറയ്ക്കാൻ തുടങ്ങി.'' കോഴിക്കോട് ആതിഥ്യം വഹിച്ച ആ നാഷണൽസിൽ ഫൈനൽ കാണാതെ മടങ്ങാനായിരുന്നു കേരളത്തിന് യോഗം.

വിക്ടർ ആത്മകഥയിൽ വിവരിച്ച ഈ സംഭവം നടന്ന് ഏതാണ്ട് കാൽ നൂറ്റാണ്ടിന് ശേഷമായിരുന്നു "പ്രതിയോഗികൾ'' തമ്മിലുള്ള കൂടിക്കാഴ്ച. അപ്പോഴേക്കും സജീവ പത്രപ്രവർത്തനത്തിൽ നിന്ന് ഏറക്കുറെ വിരമിച്ചു കഴിഞ്ഞിരുന്നു വിംസി. ബിലാത്തിക്കുളത്തെ "നാരായണീയ''ത്തിൽ ചെന്ന് വിംസിയെ കണ്ട് പഴയ ശത്രുതയ്ക്ക് അവസാന വിസിൽ മുഴക്കിയാലോ എന്ന ആശയം പങ്കുവെച്ചത് ജാഫർക്ക തന്നെ. ഇരുവരുടെയും സ്വഭാവ വിശേഷങ്ങൾ അടുത്തറിയാവുന്ന എനിക്ക് പരമസന്തോഷം. ചരിത്ര നിമിഷത്തിനല്ലേ സാക്ഷ്യം വഹിക്കാൻ പോകുന്നത്.

കൂടെ വന്ന അതിഥിയെ ആദ്യം മനസിലായില്ല വിംസിക്ക്. ആളെ പിടികിട്ടിയപ്പോൾ ചെറുതായി ഒന്ന് ഞെട്ടിയോ എന്ന് സംശയം. അധികം വൈകാതെ അമ്പരപ്പ് സുദീർഘമായ പൊട്ടിച്ചിരിക്ക് വഴിമാറുന്നു. വിംസിയൻ സ്റ്റൈൽ ചിരി. പതുക്കെ ആ ചിരി ജാഫർക്കയിലേക്കും പടർന്നു. അത്‍ഭുതത്തോടെ ആ ചിരിക്കാഴ്ച്ച കണ്ടുനിന്നു ഞാൻ.

പഴയ "ഏറ്റുമുട്ടൽ'' വിംസി മിക്കവാറും മറന്നു തുടങ്ങിയിരുന്നു. കളിയെഴുത്തു ജീവിതത്തിൽ അത്തരം അനുഭവങ്ങൾ ഒറ്റപ്പെട്ടതായിരിക്കില്ല അദ്ദേഹത്തിന്. രൂക്ഷ വിമർശനമായിരുന്നല്ലോ ആ എഴുത്തിന്റെ മുഖമുദ്ര. പക്ഷേ ജാഫർക്കക്ക് മറക്കാനാകുമോ കയ്‌പേറിയ ആ കാലം? എങ്കിലും വിംസിയുമായുള്ള പുനഃസമാഗമത്തിൽ ആ പരിഭവമൊന്നും പ്രകടിപ്പിച്ചു കേട്ടില്ല അദ്ദേഹം. വർഷങ്ങൾക്ക് മുൻപ് നടന്നതെല്ലാം ലാഘവത്തോടെയും നർമ്മബോധത്തോടെയും കാണാനുള്ള പക്വത നേടിയിരുന്നു ഇരുവരും.

"എന്റെ ഭാഗത്തു നിന്ന് അന്നൊരു എടുത്തുചാട്ടം ഉണ്ടായി. സംഭവിച്ചു പോയതാണ്. പിന്നീട് വേണ്ടിയിരുന്നില്ല എന്നും തോന്നി.''-- ജാഫർക്ക പറഞ്ഞു. ഇത്തവണയും പൊട്ടിച്ചിരിയായിരുന്നു വിംസിയുടെ മറുപടി. "ഏയ് അതൊക്കെ സ്വാഭാവികമാണ്. നിങ്ങൾ പിന്നെയും എത്രയോ കാലം കളിച്ചില്ലേ? കോച്ച് എന്ന നിലയിലും വിജയിക്കാൻ പറ്റി. അന്ന് മനസ്സിൽ തോന്നിയത് എഴുതി എന്നേയുള്ളൂ. അതൊന്നും ഉള്ളിൽ കൊണ്ടുനടക്കുന്ന ശീലം എനിക്കില്ല.''

കളിയുടെ വ്യത്യസ്ത മേഖലകളെ സ്പർശിച്ച ദീർഘ സംഭാഷണത്തിന് ശേഷം ഇരുവരും കൈകൊടുത്തു പിരിയുമ്പോൾ ആരോ ഉള്ളിലിരുന്ന് മന്ത്രിച്ച പോലെ: "കളി 1 - 1 ഡ്രോ. ആരും തോറ്റുമില്ല; ജയിച്ചുമില്ല. എക്സ്ട്രാ ടൈമും ടൈബ്രെയ്ക്കറും സഡൻ ഡെത്തുമൊന്നും വേണ്ടിവന്നില്ലല്ലോ. അത്രയും ആശ്വാസം. ''

ഏറ്റവുമൊടുവിൽ ജാഫർക്കയുമായി സംസാരിച്ചപ്പോഴും ആ പഴയ കൂടിക്കാഴ്ചയുടെ ഓർമ്മകൾ മനസിൽ ഇരമ്പിയെത്തി. ചിരിച്ചുകൊണ്ട് ആ നിമിഷങ്ങൾ ഓർത്തെടുത്തു അദ്ദേഹം: "അന്നത്തെ പ്രായമല്ലേ? പെട്ടെന്ന് ദേഷ്യം വരും. എന്നെ വേണമെങ്കിൽ വയസനെന്ന് വിളിച്ചോട്ടെ. സീനിയർ കളിക്കാരനാണല്ലോ. എന്നാൽ വളരെ ജൂനിയർ ആയ പി പൗലോസിനെ വരെ വയസന്മാരുടെ കൂട്ടത്തിൽ പെടുത്തിയപ്പോൾ സഹിക്കാൻ പറ്റിയില്ല. അതാണ് പ്രകോപനത്തിനുള്ള പ്രധാന കാരണം.''

ചിരിയോടെ ജാഫർ കൂട്ടിച്ചേർത്തു: "വിക്ടറിന് നന്ദി. വിക്ടർ പിടിച്ചുമാറ്റിയിരുന്നില്ലെങ്കിൽ ചിലപ്പോൾ അടി വീണേനെ. ഭാഗ്യത്തിന് അതുണ്ടായില്ല. മോശമാകുമായിരുന്ന ഒരു സിറ്റുവേഷൻ അങ്ങനെ ഒഴിവായിക്കിട്ടി..."

ജാഫറുമായുള്ള ദീർഘകാലത്തെ സൗഹൃദം മനസ്സിൽ അവശേഷിപ്പിക്കുന്ന ഓർമ്മകൾ അങ്ങനെ എത്രയെത്ര!

പ്രീമിയറിന്റെ ഭാഗ്യതാരമായിരുന്നു എന്നും ജാഫർ. 1974 ൽ ജാഫറിന്റെ നേതൃത്വത്തിലാണ് ജി വി രാജ ട്രോഫി, കൊല്ലം മുനിസിപ്പൽ ഗോൾഡൻ ജൂബിലി ട്രോഫി, ചാക്കോള, നെഹ്‌റു ട്രോഫി എന്നീ ടൂർണമെന്റുകളിൽ വഴിക്കുവഴിയായി ചാമ്പ്യന്മാരായി പ്രീമിയർ ചരിത്രം സൃഷ്ടിച്ചത്. സംസ്ഥാനത്തിന് പുറത്ത് ആദ്യമായി ഒരു അഖിലേന്ത്യാ ടൂർണ്ണമെന്റിൽ ജേതാക്കളാകുന്ന കേരള ടീം എന്ന ബഹുമതിയും അക്കാലത്ത് പ്രീമിയർ നേടി. ഡാർജിലിംഗിലെ ഗൂർഖാ ഗോൾഡ് കപ്പിലായിരുന്നു ആ ചരിത്ര നേട്ടം. റോവേഴ്‌സിൽ സെമിഫൈനൽ വരെ എത്തി ഡെംപോയോട് പൊരുതിത്തോറ്റത് മറ്റൊരു നല്ല ഓർമ്മ.

1969 ലെ നൗഗോംഗ് സന്തോഷ് ട്രോഫിയിൽ ജാഫർ ആദ്യമായി സംസ്ഥാനത്തിന് കളിച്ചു. 75 ലെ കോഴിക്കോട് നാഷണൽസ് വരെ ടീമിൽ സ്ഥിരക്കാരൻ. ഇടക്ക് ജലന്ധറിൽ (74) ടീമിനെ നയിച്ചതും ജാഫർ തന്നെ. ശ്രീലങ്ക, ബംഗളൂരു, കൊല്ലം എന്നിവിടങ്ങളിൽ നടന്ന പെന്റാങ്കുലർ ടൂർണമെന്റുകളിലും കൊച്ചിയിലെ പ്രദർശന മത്സരത്തിൽ ജർമ്മനിയെ നേരിട്ട ഇന്ത്യൻ ടീമിലും കളിച്ചു. പിന്നീട് കോച്ചെന്ന നിലയിൽ കോയമ്പത്തൂരിലും കൊച്ചിയിലും കേരളത്തിന്റെ സന്തോഷ് ട്രോഫി വിജയങ്ങളുടെ ശില്പിയായി. തിളക്കമാർന്ന നേട്ടങ്ങളുടെ ബാലൻസ് ഷീറ്റ്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി