എ.ഐ.എഫ്.എഫ്. സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ സെമിയില്‍ ഇന്ന് ഐ.എസ്.എല്‍. ടീമുകളായ ജംഷഡ്പൂര്‍ എഫ്.സിയും ബംഗളുരു എഫ്.സിയും കൊമ്പുകോര്‍ക്കും. കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ ഇന്നു രാത്രി ഏഴു മുതലാണ് മത്സരം.
കേരളാ ബ്ലാസ്‌റ്റേഴ്‌സും ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബും ഉള്‍പ്പെട്ട ഗ്രൂപ്പ് എയില്‍ നിന്ന് ചാമ്പ്യന്മാരായാണ് ബംഗളുരു എഫ്.സി സെമിയിലേക്ക് മുന്നേറിയത്. അതേസമയം ഗ്രൂപ്പ് സി ജേതാക്കളായാണ് ജംഷഡ്പൂരിന്റെ വരവ്.
ഗ്രൂപ്പ് റൗണ്ടില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും വിജയം നേടിയ ഏക ടീമാണ് ജംഷഡ്പൂര്‍. ആദ്യ മത്സരത്തില്‍ എഫ്.സി ഗോവയെ 5-3 എന്ന സ്‌കോറിനും രണ്ടാം മത്സരത്തില്‍ എ.ടി.കെ. മോഹന്‍ ബഗാനെ 3-0 എന്ന സ്‌കോറിനും തോല്‍പിച്ച അവര്‍ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കേരളത്തില്‍ നിന്നുള്ള ഗോകുലം എഫ്.സിയെ 3-2 എന്ന സ്‌കോറില്‍ തുരത്തിയാണ് സെമിയിലേക്ക് കടന്നത്.
അതേസമയം ഗ്രൂപ്പ് എ യില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയുമായാണ് ബംഗളുരുവിന്റെ സെമിപ്രവേശനം. ശ്രീനിധിക്കെതിരെയും കേരള ബ്ലാസ്റ്റേഴ്സ് നെതിരെയും 1-1 സമനിലയും റൗണ്ട് ഗ്ലാസ്സ് പഞ്ചാബിനെതിരെ രണ്ട് ഗോളുകളുടെ വിജയവുമാണ് അവര്‍ ഗ്രൂപ്പ് ഘട്ടത്തില്‍ സ്വന്തമാക്കിയത്.
ചെറിയപെരുന്നാള്‍ തലേന്ന് ഇരുകൂട്ടരും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആവേശപ്പോരാട്ടത്തിനാണ് കോഴിക്കോട്ടെ ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്നത്. അതേസമയം നേര്‍ക്കുനേര്‍ ചരിത്രം ബംഗളുരുവിന് അനുകൂലമാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയ്ക്ക് ബംഗളുരുവിനെ തോല്‍പിക്കാന്‍ ജംഷഡ്പൂരിന് കഴിഞ്ഞിട്ടില്ല. 2021 ഫെബ്രുവരി 21-നാണ് ഏറ്റവും അവസാനം ജംഷഡ്പൂര്‍ ബംഗളുരുവിന് മേല്‍ ഒരു ജയം നേടിയത്.