FOOTBALL

''മ്മടെ എഴുത്തും വായനയുമൊക്കെ ഈ കാലുമ്മേലല്ലേ രവ്യേട്ടാ...''

രവി മേനോന്‍

ഒരു കൈയിൽ ഫുട്ബാൾ ബൂട്ടും മറുകൈയിൽ പ്ലാസ്റ്റിക്ക് ബക്കറ്റുമേന്തിയാണ് ഐ എം വിജയൻ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്; മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് മുൻപ്.

കൊല്ലം കാർത്തിക ഹോട്ടലിന്റെ മുകൾനിലയിലെ വരാന്തയിലൂടെ അയഞ്ഞു തൂങ്ങിയ കടും ചുവപ്പ് ടീഷർട്ടും നീണ്ട ഷോർട്ട്സുമിട്ട് അലസമായി നടന്നുവരുന്ന കറുത്തു മെലിഞ്ഞ പയ്യനെ ചൂണ്ടി കേരള ടീമിന്റെ ക്യാപ്റ്റൻ തോമസ് സെബാസ്റ്റ്യൻ പറഞ്ഞു:

"മേനോനേ, ഇവനാണ് നമ്മുടെ ടീമിലെ പുലിക്കുട്ടി...''

എന്തിലും ഏതിലും തമാശ കണ്ടെത്തുന്ന, ഒരിക്കലും ദംഷ്ട്രകള്‍ പുറത്തുകാട്ടിയിട്ടില്ലാത്ത ആ പുലിക്കുട്ടി ഇന്ത്യൻ ഫുട്ബാളിലെ പുലിയും പുപ്പുലിയുമായി വളർന്നത് പിൽക്കാല ചരിത്രം.

കൊല്ലം സന്തോഷ് ട്രോഫിയിൽ കേരളത്തിന് കളിക്കാനെത്തിയതായിരുന്നു താരതമ്യേന തുടക്കക്കാരനായ വിജയൻ. ഞാനാകട്ടെ കേരളകൗമുദിക്ക് വേണ്ടി ടൂർണമെന്റ് റിപ്പോർട്ട് ചെയ്യാനും. ആദ്യം കണ്ടു പരിചയപ്പെട്ട നാൾ ഹോട്ടൽ മുറിയിൽ വെറുതെ സംസാരിച്ചിരിക്കേ, ചോദിച്ച ചോദ്യങ്ങളിലൊന്ന് ഓർമ്മയുണ്ട്: "ഏതുവരെ പഠിച്ചു വിജയാ?"

പൊട്ടിച്ചിരിച്ചു വിജയൻ. പിന്നെ വലംകാൽ കട്ടിലിൽ കയറ്റിവെച്ച് കൈകൊണ്ടു വിസ്തരിച്ചുഴിഞ്ഞ് വെടിയുണ്ട കണക്കെ ഒരു മറുപടിയും: "മ്മടെ എഴുത്തും വായനയുമൊക്കെ ഈ കാല്മ്മലല്ലേ രവ്യേട്ടാ...''

മൂന്ന് പതിറ്റാണ്ടിനിടക്ക് വിജയൻ പല അഭിമുഖങ്ങളിലും ആവർത്തിച്ചുകേട്ടിട്ടുള്ള മറുപടി. റഷ്യയിലെ അർക്കൻഗെൽസ്ക് നോർത്തേൺ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റി ആദരപൂർവം സമ്മാനിച്ച ഡോക്ടറേറ്റിന്റെ സാക്ഷ്യപത്രവുമായി മന്ത്രി ശിവൻ കുട്ടിയുമൊത്ത് വിജയൻ നിൽക്കുന്ന പടം കണ്ടപ്പോൾ ഓർമ്മയിൽ വന്നു നിറഞ്ഞത് ആ വാക്കുകളാണ്.

വിജയന്റെ കാലുകളിലെ "എഴുത്തും വായനയും'' ഇന്ന് ഫുട്ബാൾ ചരിത്രത്തിന്റെ ഭാഗം. വെടിയുണ്ടകളുതിർക്കുന്ന ആ കാലുകളാൽ വിജയൻ കളിക്കളത്തിൽ എഴുതിച്ചേർത്ത വീരകഥകൾ എത്രയെത്ര. "അമ്മയുണ്ടായിരുന്നെങ്കിൽ ഏറ്റവുമധികം സന്തോഷിച്ചിരിക്കുക അവരാണ്. മകൻ ഡോക്ടർ ആയി കാണാൻ ആഗ്രഹിക്കാത്ത ഏത് അമ്മയുണ്ട്?'' -- വിജയൻറെ ചോദ്യം.

കൊല്ലം സന്തോഷ് ട്രോഫിക്ക് തൊട്ടു പിന്നാലെ, ചെമ്പുക്കാവിലെ കൊച്ചുവീട്ടിൽ അമ്മ കൊച്ചമ്മുവിനെ കാണാൻ വിജയനൊപ്പം ചെന്നതോർമ്മയുണ്ട്. തല കുനിച്ചു മാത്രം കയറാവുന്ന ഒരു കൊച്ചുകൂര. മകന്റെ കൂട്ടുകാരനോടുള്ള സ്നേഹം മുഴുവൻ കുഴച്ചുചേർത്ത് അമ്മയൊരുക്കിയ ഊണ്, ചാണകം മെഴുകിയ നിലത്തിരുന്ന് വിജയനൊപ്പം കഴിച്ചത് മറ്റൊരു വികാര നിർഭരമായ അനുഭവം.

കൊച്ചമ്മു ഇന്നില്ല. ഇന്ത്യൻ ഫുട്ബോൾ കണ്ട എക്കാലത്തേയും തന്ത്രശാലിയായ സ്ട്രൈക്കർമാരിൽ ഒരാളായി വാഴ്ത്തപ്പെടുന്ന വിജയന്റെ ഏറ്റവും തിളക്കമാർന്ന വിജയങ്ങളെല്ലാം സമർപ്പിക്കപ്പെട്ടിരിക്കുന്നത് ജീവിതത്തിൽ നിരവധി അഗ്നിപരീക്ഷകളിലൂടെയും യാതനകളിലൂടെയും കടന്നുപോന്ന ഈ അമ്മയ്ക്കാണ്.

അച്ഛൻ മണി ഒരു റോഡപകടത്തിൽ മരണത്തിനു കീഴടങ്ങുമ്പോൾ പിഞ്ചു കുഞ്ഞുങ്ങളാണ് വിജയനും അനിയനും. പറക്കമുറ്റാത്ത മക്കളുടെ വിശപ്പടക്കാൻ കണ്ണിൽ കണ്ട ജോലിയെല്ലാം ചെയ്യേണ്ടി വന്നു കൊച്ചമ്മുവിന്. ഇല്ലായ്മകൾക്കെതിരായ ഒരു ഒറ്റയാൾ പോരാട്ടമായിരുന്നു അവരുടെ ജീവിതം. "അമ്മ അന്നനുഭവിച്ച ദുരിതത്തിന് ഞാൻ പന്തുകളിച്ചു സമ്പാദിച്ച ലക്ഷങ്ങളെക്കാൾ വിലയുണ്ട്‌.''-- വിജയന്റെ വാക്കുകൾ.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും