ഫ്രഞ്ച് സൂപ്പര്‍ താരം കരിം ബെന്‍സേമ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. 35ാം ജന്മദിനത്തിലാണ് ബാലന്‍ഡി ഓര്‍ ജേതാവിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ലോകകപ്പിലെ ഫ്രഞ്ച് ടീമില്‍ അംഗമായിരുന്നെങ്കിലും അവസാന നിമിഷം പരുക്ക് മൂലം പുറത്താവുകയായിരുന്നു. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചെങ്കിലും റയല്‍ മാഡ്രിഡിനായി കളി തുടരുമെന്നും താരം അറിയിച്ചു.
ലോകകപ്പ് ഫൈനലിലെ ഫ്രാന്‍സിന്റെ തോല്‍വിക്ക് പിന്നാലെയാണ് ബെന്‍സേമയുടെ വിരമിക്കല്‍ പ്രഖ്യാപനം. അര്‍ജന്റീനയുമായുള്ള ലോകകപ്പ് ഫൈനലില്‍ അദ്ദേഹം തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പരുക്ക് ഭേദമായി റയല്‍ മാഡ്രിഡിനായി കളത്തിലിറങ്ങിയെങ്കിലും ഫൈനലിലേക്ക് മടങ്ങിയെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല . ഫ്രഞ്ച് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സുമായുള്ള പ്രശ്‌നങ്ങള്‍ മൂലമാണ് അദ്ദേഹം പരുക്ക് മാറിയിട്ടും തിരിച്ചെത്താത്തത് എന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഫൈനൽ മത്സരം കളിക്കാനുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ക്ഷണം ബെന്‍സേമ നിരസിക്കുകയും ചെയ്തു. 97 മത്സരങ്ങളില്‍ നിന്ന് 37 ഗോളുകൾ നേടിയ താരം 20 അസിസ്റ്റുകളും നടത്തിയിരുന്നു.
2007 മാര്‍ച്ചില്‍ ഓസ്ട്രിയക്കെതിരെയാണ് ബെന്‍സേമ ഫ്രാന്‍സിനായി അരങ്ങേറ്റം നടത്തിയത്. ആ വര്‍ഷം അവസാനം നടന്ന യുവേഫ യൂറോ 2008 യോഗ്യതാ പോരാട്ടത്തില്‍ ഫറോ ഐലന്‍ഡിനെതിരെയാണ് ദേശീയ ടീമിനായി ബെന്‍സേമയുടെ ആദ്യ ഗോള്‍ പിറന്നത്. ഫ്രാന്‍സിന്റെ ചരത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന അഞ്ചാമത്തെ താരമായിട്ടാണ് ബെന്‍സേമ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കുന്നത്. 2008,2012 യൂറോകളിലും 2014 ലോകകപ്പിലും ബെന്‍സേമ കളിച്ചിട്ടുണ്ട്. 2010 ലോകകപ്പില്‍ ഇടം നേടാന്‍ ബെന്‍സേമയ്ക്ക് കഴിഞ്ഞില്ല.
2015 ഉയർന്നുവന്ന ലൈംഗികാരോപണത്തെത്തുടർന്ന് ഏകദേശം ആറ് വര്‍ഷത്തേക്ക് ബെൻസേമയെ ടീമില്‍ നിന്നും പുറത്താക്കിയിരുന്നു
2014 ലോകകപ്പില്‍ ഫ്രാന്‍സിന്റെ ടോപ് സ്‌കോററായിരുന്നു കരിം ബെന്‍സേമ. 2015 ഉയർന്നുവന്ന ലൈംഗികാരോപണത്തെത്തുടർന്ന് ഏകദേശം ആറ് വര്‍ഷത്തേക്ക് ബെൻസേമയെ ടീമില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതോടെ 2016 ലെ യൂറോകപ്പും, 2018 ലോകകപ്പും ബെൻസേമയ്ക്ക് നഷ്ടമായി.
സമീപകാലത്തെ ഫ്രാൻസിന്റെ മികച്ച സ്‌ട്രൈക്കര്‍ക്ക് അവരുടെ ഏറ്റവും വലിയ ജയത്തിന് പങ്കുകൊള്ളാനുള്ള അവസരവും അതുവഴി നഷ്ടമായി. അത് ബെന്‍സേമയുടെ കരിയറിലെ വലിയ വീഴ്ച്ചയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ യൂറോ കപ്പിന് മുന്നോടിയായാണ് അദ്ദേഹത്തെ ടീമിലേക്ക് തിരിച്ചു വിളിച്ചത്.
ബെൻസേമയെ സംബന്ധിച്ചിടത്തോളം ക്ലബ് തലത്തില്‍ മികച്ച ഒരു വര്‍ഷമായിരുന്നു കടന്നു പോയത്. ലാലിഗയിലും ചാമ്പ്യന്‍സ് ലീഗിലും റയല്‍ മാഡ്രിഡിനെ ജയത്തിലേക്ക് നയിച്ചതോടെ ബെന്‍സേമ തന്റെ കരിയറിലെ ആദ്യത്തെ ബാലണ്‍ ഡി ഓറും കഴിഞ്ഞ വര്‍ഷം സ്വന്തമാക്കി.
കരിയറിലെ ഏറ്റവും മികച്ച ഫോമിൽ നിൽക്കവേയാണ്ഫ്രാൻസിന്റെ ലോകകപ്പ് ടീമംഗമായി ഖത്തറിലെത്തുന്നത്. ടൂർണമെന്റ് ആരംഭിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ബെൻസേമയുടെ ലോകകപ്പ് പ്രതീക്ഷകൾക്കുമേൽ കരിനിഴൽ വീഴ്ത്തിക്കൊണ്ട് പരുക്ക് വില്ലനാകുന്നത്. ചികിത്സാ ആവശ്യങ്ങൾക്കായി നാട്ടിലേക്ക് മടങ്ങിയ ബെൻസേമ ഫൈനലിന് മുൻപ് തന്നെ ശാരീരിക ക്ഷമത വീണ്ടെടുത്തെങ്കിലും കളത്തിലിറങ്ങാൻ കഴിഞ്ഞിരുന്നില്ല.