ഒന്നര പതിറ്റാണ്ടിനടുത്ത ബന്ധം വിച്‌ഛേദിച്ച് ഫ്രഞ്ച് സൂപ്പര്‍ താരം കരീം ബെന്‍സേമ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിനോട് വിടപറയാന്‍ ഒരുങ്ങുന്നു. ഈ മാസം അവസാനത്തോടെ റയലുമായുള്ള കരാര്‍ അവസാനിക്കുന്ന താരം കരാര്‍ പുതുക്കാന്‍ ശ്രമിക്കില്ലെന്നു തീരുമാനിച്ചതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ക്ലബ് വിടുന്ന കാര്യം ബെന്‍സേമ റയല്‍ അധികൃതരെ അറിയിച്ചു കഴിഞ്ഞു. മാഡ്രിഡില്‍ നിന്ന് സൗദി അറേബ്യയിലേക്ക് ചേക്കേറാനാണ് താരം ഉദ്ദേശിക്കുന്നതെന്നു പ്രമുഖ ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകനായ ഗിയാന്‍ ലൂക്ക ഡി മാരിസോ അറിയിച്ചു. റയല്‍ വിടുന്ന കാര്യം ഈ ആഴ്ച തന്നെ വാര്‍ത്താ സമ്മേളനം വിളിച്ച് ബെന്‍സേമ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും മാരിസോ ട്വീറ്റ് ചെയ്തു.
സൗദി പ്രോ ലീഗ് ചാമ്പ്യന്മാരായ അല്‍ ഇത്തിഹാദിലേക്കാണ് ബെന്‍സേമ കൂടുമാറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 400 മില്യണ്‍ പൗണ്ടിന് രണ്ടു വര്‍ഷത്തെ കരാറാണ് ഇത്തിഹാദ് ഫ്രഞ്ച് താരത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. പോര്‍ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അല്‍ നസറിനെ അഞ്ചു പോയിന്റിനു പിന്തള്ളി ഇത്തിഹാദ് സൗദി പ്രോ ലീഗ് കിരീടം ചൂടിയത് അടുത്തിടെയാണ്.
2030 ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥ്യം വഹിക്കാന്‍ ശ്രമിക്കുന്ന സൗദി അറേബ്യ ബെന്‍സേമയെയും തങ്ങളുടെ ഫുട്‌ബോള്‍ അംബാസിഡറായി നിയമിക്കാന്‍ ഒരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസിയെയും ക്രിസ്റ്റിയാനോയെയും തങ്ങളുടെ ഫുട്‌ബോള്‍ അംബാസിഡര്‍മാരായി സൗദി പ്രഖ്യാപിച്ചിരുന്നു.
2009-ലാണ് ബെന്‍സേമ ഫ്രഞ്ച് ക്ലബായ ലിയോണില്‍ നിന്ന് റയല്‍ മാഡ്രിഡില്‍ എത്തുന്നത്. തുടര്‍ച്ചയായ 14 സീസണുകളില്‍ ക്ലബിന്റെ വിശ്വസ്ത താരമായി തുടര്‍ന്ന ബെന്‍സേമ റയലിനൊപ്പം അഞ്ചു ചാമ്പ്യന്‍സ് ലീഗ്, അഞ്ച് ലാ ലിഗ കിരീടം, മൂന്നു കോപ്പാ ഡെല്‍ റേ, മൂന്ന് സൂപ്പര്‍ കോപ്പ, നാല് സൂപ്പര്‍ കപ്പ്, അഞ്ച് ക്ലബ് ലോകകപ്പ് എന്നിവ നേടിയിട്ടുണ്ട്. റയലിനു വേണ്ടി ഇതുവരെ 647 മത്സരങ്ങളിലാണ് താരം ബൂട്ടുകെട്ടിയത്. 353 ഗോളുകളും 165 അസിസ്റ്റുകളും സ്വന്തം പേരിലുണ്ട്.