FOOTBALL

മിസോറാമിനെയും തകർത്തു, സന്തോഷ് ട്രോഫിയില്‍ ഫൈനൽ റൗണ്ട് ഉറപ്പിച്ച് കേരളം

ജയം ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക്

വെബ് ഡെസ്ക്

കോഴിക്കോട് നിന്ന് വിജയത്തിന്റെ അതിമധുരം നുകർന്ന് കേരള സന്തോഷ് ട്രോഫി ടീം. ഗ്രൂപ്പിൽ മികച്ച പ്രകടനവുമായി എത്തിയ മിസോറാമിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു രണ്ടാം ഗ്രൂപ്പിലെ രാജാക്കന്മാരായി കേരളം മുന്നേറിയത്. കേരളത്തിനായി നരേഷ് ഭാഗ്യനാഥൻ ഇരട്ട ഗോൾ നേടിയപ്പോൾ, നിജോ ഗിൽബർട്ട്, ഗിഫ്റ്റി ഗ്രേഷ്യസ്‌, വിശാഖ് മോഹൻ എന്നിവർ ഓരോ ഗോൾ വീതം നേടി. മിസോറാമിന്റെ ആശ്വാസ ഗോൾ 22ാം നമ്പർ താരം മൽസാംഫെല നേടി. ഇന്നത്തെ ജയത്തോടെ ഗ്രൂപ്പിലെ എല്ലാ മത്സരവും ജയിച്ച കേരളം മുഴുവൻ പോയിന്റും (15) നേടിയാണ് ഫൈനൽ റൗണ്ട് ഉറപ്പിച്ചത്.

ഗ്രൂപ്പ് രണ്ടിൽ എല്ലാ മത്സരവും വിജയിച്ചെത്തിയ ടീമുകളുടെ പോരാട്ടത്തിൽ ആദ്യ പകുതിയിൽ കേരളം ഗോൾ നേടുന്നത് വരെ മാത്രമേ മിസോറാമിന് സന്തോഷിക്കാൻ വകയുണ്ടായുള്ളൂ. ഇടതു വിങ്ങിലൂടെയുള്ള മുഹമ്മദ് സലീമിന്റെ നീക്കമാണ് കേരളത്തിന്റെ ആദ്യ ഗോളിൽ കലാശിച്ചത്. മൈതാന മധ്യത്തിൽ നിന്നും ലഭിച്ച പന്തുമായി മുന്നേറിയ സലിം, മിസോറം പ്രതിരോധ താരങ്ങളെ നിസ്സഹായരാക്കി ഒരു ബാക്ക്ഹീൽ പാസ്സിലൂടെ ബോക്സിൽ ഒഴിഞ്ഞ്‌ നിന്ന റിസ്‌വാൻ അലിയെ കണ്ടെത്തി. ബോക്സിന്റെ മൂലയിൽ നിന്നും റിസ്‌വാൻ പായിച്ച ഷോട്ട് കൈപിടിയിലൊതുക്കുന്നതിൽ മിസോറം കീപ്പർക്ക് പിഴച്ചു. വീണ് കിട്ടിയ അവസരം ഞൊടിയിടയിൽ നരേഷ് ഭാഗ്യനാഥൻ മറ്റൊരു ബാക്ക്ഹീലിലൂടെ മിസോ വലയിലെത്തിച്ചു. ഒരു ഗോളിന്റെ മുൻതൂക്കവുമായി ഇടവേളക്ക് പിരിഞ്ഞ കേരളം, രണ്ടാം പകുതിയിൽ എതിരാളികളെ നിഷ്പ്രഭരാക്കി.

നിജോ ഗിൽബർട്

രണ്ടാം പകുതി തുടങ്ങി ആദ്യ മിനുറ്റിൽ തന്നെ കേരളം ഗോൾ നേടി. ഇത്തവണ ബോക്‌സിന് തൊട്ടുമുന്നിൽ നിന്നും ലഭിച്ച ഫ്രീകിക്ക് കീപ്പർക്ക് ഒരു അവസരവും നൽകാതെ നിജോ ഗിൽബർട് പോസ്റ്റിന്റെ വലതു മൂലയിലെത്തിച്ചു. തുടർന്നും ആക്രമണം സംഘടിപ്പിച്ച കേരള താരങ്ങൾക്ക് 64ാം മിനുറ്റിൽ വീണ്ടും ആഘോഷിക്കാൻ അവസരമെത്തി. ഇത്തവണ മിസോറാം താരങ്ങളുടെ പക്കൽ നിന്നും എം വിഘ്നേഷ് പിടിച്ചെടുത്ത പന്തിൽ നിന്നും മുന്നേറിയ നരേഷ് ഭാഗ്യനാഥൻ വീണ്ടും സ്കോർ ചെയ്തു. വിഘ്നേഷിന്റെ പന്ത് ലഭിച്ച നരേഷ് മിസോ താരങ്ങളെ കാഴ്ചക്കാരാക്കുന്ന നൃത്തച്ചുവടുകളുമായി ബോക്സിന്റെ പുറത്തുനിന്നും പായിച്ച ഷോട്ടാണ് വലയിലെത്തിയത്. 76ാം മിനുറ്റിൽ സജീവമായ കേരളത്തിന്റെ ഇടതുവിങ്ങിലൂടെ വീണ്ടും ഗോളെത്തി. പകരക്കാരനായി എത്തിയ വിശാഖ് മോഹന്റെ ചടുലനീക്കത്തിനൊടുവിലായിരുന്നു ഗിഫ്റ്റി ഗ്രേഷ്യസിന്റെ ഗോൾ. അഞ്ചോളം താരങ്ങൾക്ക് പിടിനൽകാതെ മുന്നേറിയ വിശാഖിന്റെ മൈനസ് പാസ് ഗിഫ്റ്റി കൃത്യമായി വലയിലെത്തിക്കുകയായിരുന്നു.

കളിയുടെ ഗതിക്ക് വിപരീതമായി 79ാം മിനുറ്റിൽ മിസോറാമിന്റെ ഗോളെത്തി. മൽസാംഫെല എടുത്ത ഫ്രീകിക്ക് കേരള നായകൻ മിഥുനെ കീഴ്‌പ്പെടുത്തി. ആറ് മിനിറ്റുകൾക്ക് ശേഷം വിശാഖ് മോഹനിലൂടെ കേരളം ഗോൾ വേട്ട അവസാനിപ്പിച്ചത്. ഇത്തവണ വലതു വിങ്ങിൽ നിന്നും അബ്ദുൾ റഹീം നൽകിയ ക്രോസ്സ് വലയിലേക്ക് തട്ടിയിടേണ്ട ചുമതല മാത്രമേ വിശാഖിന് ഉണ്ടായിരുന്നുള്ളു.

12 ടീമുകൾ ഉൾപ്പെടുന്നതാണ് ഫൈനൽ റൗണ്ട് പോരാട്ടങ്ങൾ. ആറ് ഗ്രൂപ്പുകളിൽ നിന്ന് ജയിച്ച വരുന്ന ടീമുകളോടൊപ്പം മികച്ച മൂന്ന് രണ്ടാം സ്ഥാനക്കാർക്കും ഫൈനൽ റൗണ്ടിൽ അവസരമുണ്ട്. ഫൈനൽ റൗണ്ടിന് ആതിഥേയരാകുന്ന ടീം, സര്‍വീസസ്, റെയില്‍വേസ്‌ എന്നിവരാണ് ബാക്കി ടീമുകൾ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ