ഐഎസ്എൽ പ്ലേ ഓഫ് മത്സരങ്ങളിലേക്ക് ഒരു ചുവടൂകൂടി ഉറപ്പിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. കൊച്ചിയിൽ നടന്ന നിർണായക മത്സരത്തിൽ ചെന്നൈയിന്‍ എഫ് സിയെ തകര്‍ത്താണ് കേരള ബ്ലാസ്റ്റേഴ്സ് ജയം കുറിച്ചത്. ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്. ബ്ലാസ്റ്റേഴ്സിനായി അഡ്രിയാൻ ലൂണ കെ പി രാഹുൽ എന്നിവർ ഗോൾ നേടി. അബ്ദനാസർ എൽ ഖയാതിയുടെ വകയായിരുന്നു ചെന്നൈയിന്റെ ഏക ഗോൾ. സ്വന്തം മൈതാനത്ത് ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ഏഴാമത്തെ ജയമാണ് ചെന്നൈയിനെതിരെ ബ്ലാസ്റ്റേഴ്‌സ് കുറിച്ചത്. കളിക്കളം നിറഞ്ഞു കളിച്ച അഡ്രിയാൻ ലൂണയാണ് കളിയിലെ താരം.
ഐഎസ്എൽ പ്ലേ ഓഫ് സ്വപ്നവുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്സിന് ആദ്യ മിനുട്ടിൽ തന്നെ ചെന്നൈയിൻ ഞെട്ടിച്ചു. ബോക്സിന്റെ മുന്നിൽ നിന്ന് ലഭിച്ച പന്ത് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരക്കാരെയും ഗോൾ കീപ്പർ പ്രഭ്സുഖൻ ഗില്ലിനെയും കീഴ്‌പ്പെടുത്തി അബ്ദനാസർ എൽ ഖയാതി വലയിലാക്കി. കളിയിൽ ബ്ലാസ്റ്റേഴ്‌സ് ചുവടുറപ്പിക്കും മുൻപുള്ള പ്രഹരത്തിൽ മഞ്ഞപ്പടയാളികളും ആരാധകരും സ്തബ്ധരായി പോയ നിമിഷങ്ങൾ. പതിയെ മത്സരത്തിലേക്ക് തിരികെയെത്തിയ ബ്ലാസ്റ്റേഴ്‌സ് സാവധാനം പോരാട്ടം എതിർ പാളയത്തിലേക്ക് നയിച്ചു. കെ പി രാഹുലും ദിമിത്രി ഡിയമന്റാക്കോസും അഡ്രിയാൻ ലൂണയും ചെന്നൈയിൻ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചുകൊണ്ടിരുന്നു.
ഗോൾ ഏത് നിമിഷവും പ്രതീക്ഷിച്ച മത്സരത്തില്‍ നിമിഷങ്ങൾക്ക് 38ാം മിനുറ്റിൽ അഡ്രിയാൻ ലൂണയിലൂടെ കേരളം മറുപടി നല്‍കി. ജസല്‍ കര്‍നെയ്‌നേറോ കയറ്റികൊണ്ടുവന്ന പന്തിൽ ബോക്‌സിന് വെളിയിൽ നിന്ന് മികച്ചൊരു കർവിങ് ഷോട്ടിലൂടെ കീപ്പര്ക്ക് ഒരു അവസരവും നൽകാതെ ലൂണ ഗോളാക്കി. ഇടവേളക്ക് പിരിയുന്നതിനു മുൻപ് ലീഡ് തിരികെ പിടിക്കാൻ വിൻസി ബാരെറ്റോയ്ക്ക് അവസരം ലഭിച്ചെങ്കിലും ഗിൽ അവസരം നിഷേധിച്ചു.
രണ്ടാം പകുതിയിലും ആക്രമണം തുടർന്ന ബ്ലാസ്റ്റേഴ്‌സ് 64ാം മിനുറ്റിൽ രാഹുലിലൂടെ മുന്നിലെത്തി. നിഷുവിന്റെ ത്രോ സ്വീകരിച്ച ലൂണ ബോക്സിലേക്ക് നൽകിയ പാസ് മാർക്ക് ചെയ്യപ്പെടാതെ നിന്ന രാഹുൽ ലക്ഷ്യം കണ്ടു.
ഇന്നത്തെ മത്സരത്തോടെ 31 പോയിന്റുമായി കേരളാ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിന് ഒരുപടികൂടി അടുത്തു. പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനം നിലനിർത്തി. മൂന്ന് മത്സരങ്ങൾ അവശേഷിക്കെ അടുത്ത മത്സരത്തിൽ ശനിയാഴ്ച ബെംഗളൂരു എഫ്‌സിയാണ് എതിരാളികൾ. ബെംഗളുരുവിന്റെ മൈതാനത്താണ് മത്സരം.