ബെംഗളൂരു എഫ്‌സിക്കെതിരെ നടത്തിയ വാക്ക്ഔട്ടിൽ പിഴ അടയ്ക്കില്ലെന്നും അപ്പീലുമായി തർക്ക പരിഹാര കമ്മീഷനെ സമീപിക്കുമെന്നും അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷനോട് വ്യക്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ട കേരള ബ്ലാസ്റ്റേഴ്സ് ടീമിന് നാല് കോടി രൂപയായിരുന്നു അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷൻ പിഴ വിധിച്ചത്.
പരിശീലകന്‍ ഇവാന്‍ ഇവാൻ വുകുമനോവിച്ചിന് പത്ത് മത്സരങ്ങളില്‍ നിന്ന് വിലക്കും അഞ്ച് ലക്ഷം രൂപ പിഴയും വിഷയത്തില്‍ പൊതുക്ഷമാപണം നടത്താനും വിധിച്ചിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ പിഴ അടയ്ക്കണമെനന്നായിരുന്നു അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ വ്യക്തമാക്കിയത്. എന്നാൽ രണ്ടാഴ്ച കഴിഞ്ഞിട്ടും കേരളാ ബ്ലാസ്റ്റേഴ്‌സ് ഇതുവരെ പിഴയടച്ചില്ല.
മാർച്ച് 3ന് ബെംഗളൂരൂ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ പ്ലേ ഓഫ് മത്സരമാണ് വിവാദമായത്. സുനിൽ ഛേത്രി ബെംഗളൂരുവിനായി ഫ്രീകിക്കിൽ നിന്ന് ഗോൾ നേടിയതിന് പിന്നാലെ, ഈ ഗോൾ അനുവദിച്ചതിൽ പ്രതിഷേധിച്ചാണ് ബ്ലാസ്റ്റേഴ്സ് മത്സരം പൂർത്തിയാക്കാതെ കളിക്കളം വിട്ടത്.
ആദ്യമായാണ് ഐഎസ്എല്ലിൽ ഒരു ടീം കളി ബഹിഷ്കരിച്ച് മൈതാനം വിടുന്നത്. നോക്കൗട്ട് മത്സരത്തിൽ നിശ്ചിത സമയത്ത് ബെംഗളൂരുവും ബ്ലാസ്റ്റേഴ്സും ഗോളടിച്ചിരുന്നില്ല. എക്സ്ട്രാടൈമിൻറെ ആറാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ബോക്സിന് പുറത്ത് ബെംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്കിനെ തടുക്കാൻ ബ്ലാസ്റ്റേഴ്സ് താരങ്ങൾ തയാറെടുക്കും മുമ്പേ സുനിൽ ഛേത്രി ഗോളടിക്കുകയായിരുന്നു.
നായകൻ സുനിൽ ഛേത്രിയുടെ വിവാദ ഗോളിൽ ബെംഗളൂരു എഫ്സി ജയിച്ചത് അനുവദിക്കാനാകില്ലെന്നും മത്സരം വീണ്ടും നടത്തണം എന്നുമായിരുന്നു ബ്ലാസ്റ്റേഴ്സ് ഉന്നയിച്ച ആവശ്യം. എന്നാൽ, റഫറി ക്രിസ്റ്റൽ ജോൺ ഛേത്രിയുടേത് ഗോളായി അനുവദിച്ചതോടെ എക്‌സ്‌ട്രാ ടൈം ലീഡിന്റെ ബലത്തിൽ ബെംഗളൂരു എഫ്‌സിയെ 1-0ന് വിജയികളായി പ്രഖ്യാപിക്കുകയും ഐഎസ്‌എൽ സെമിഫൈനലിലേക്ക് നീങ്ങുകയും ചെയ്തിരുന്നു.
റഫറിക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്സ് രംഗത്ത് വന്നിരുന്നു. വിസിൽ അടിക്കും മുമ്പ് നായകൻ സുനിൽ ഛേത്രിക്ക് ഫ്രീ കിക്ക് എടുക്കാൻ റഫറി സമ്മതിച്ചുവെന്നായിരുന്നു അച്ചടക്ക സമിതിക്ക് മുന്നിൽ ബ്ലാസ്റ്റേഴ്സ് പരാതിപ്പെട്ടിരുന്നത്.