FOOTBALL

കലിംഗ യുദ്ധത്തിനൊരുങ്ങി കൊമ്പന്മാര്‍; രണ്ടും കല്‍പിച്ച് ഒഡിഷ

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ രാത്രി 7:30 മുതലാണ് മത്സരം

വെബ് ഡെസ്ക്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ വർഷത്തെ ആദ്യ എവേ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. ഒഡിഷ എഫ്‌സിയാണ് എതിരാളികൾ. രണ്ട് കളികളിൽ ഒരു ജയവും ഒരു തോൽവിയുമായി മൂന്ന് പോയിന്റാണ് ഇരു ടീമുകൾക്കും ഉള്ളത്. അവസാന മത്സരത്തിൽ തോറ്റതോടെ വിജയ വഴിയിൽ തിരിച്ചെത്താനാകും ഇരു ടീമുകളുടെയും ശ്രമം. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ രാത്രി 7:30 മുതലാണ് മത്സരം.

തങ്ങളുടെ മൂന്നാമത് മത്സരത്തിന് ഇറങ്ങുമ്പോൾ രണ്ട് ടീമുകൾക്കും സാമ്യതകൾ ഏറെയാണ്. ഇരു ടീമുകളും മത്സരത്തിന്റെ മറ്റ് മേഖലകളിൽ എതിരാളിയെക്കാൾ മുന്നിട്ട് നിന്ന ശേഷമാണ് തോറ്റത്. പന്ത് കൈവശം വക്കുന്നതിലും കൂടുതൽ ഷോട്ട് ഉതിർക്കുന്നതിലും ഇരു ടീമുകളും ബഹുദൂരം മുന്നിലായിരുന്നു. ബ്ലാസ്റ്റേഴ്‌സ് സ്വന്തം മൈതാനത്ത്‌ രണ്ടിനെതിരെ അഞ്ച് ഗോളിനാണ് തോറ്റതെങ്കിൽ ഒഡിഷ മുംബൈയുടെ മൈതാനത്ത്‌ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പരാജയപ്പെട്ടത്.

ഒഡിഷയ്ക്കെതിരെയും ആക്രമിച്ച് തന്നെ കളിക്കാനാണ് ടീമിന്റെ പദ്ധതിയെന്നാണ് കോച്ച് ഇവാൻ വുകോമനോവിച്ച് വ്യക്തമാക്കിയത്. പ്രതിരോധ താരം വിക്ടർ മോംഗിലിന്‌ അവസരം നൽകുന്ന സാധ്യത തള്ളിക്കളയാനാകില്ലെന്നും കോച്ച് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ മത്സരത്തിൽ ടീം ഒന്നടങ്കം ആക്രമണത്തിന് പോയപ്പോൾ പ്രതിരോധത്തിൽ വന്ന വിള്ളലാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. ഇത് പരിഹരിക്കാൻ പ്രതിരോധത്തിൽ രണ്ട് വിദേശ താരങ്ങളെ ഇറക്കാൻ തീരുമാനിച്ചാൽ ലെസ്‌കോവിച്ചിനൊപ്പം വിക്ടർ മോംഗിൽ ടീമിൽ സ്ഥാനം പിടിക്കും. അങ്ങനെയാണെങ്കിൽ നിലവിലെ സാഹചര്യത്തിൽ മിന്നുന്ന ഫോമിലുള്ള യുക്രെയ്ന്‍ താരം ഇവാന്‍ കലൂഷ്‌നിയ്‌ക്കൊപ്പം മുന്നേറ്റത്തിൽ ഇന്ത്യൻ താരമാകും ഇറങ്ങുക. കഴിഞ്ഞ കളിയിൽ ഗോൾ നേടിയ കെ പി രാഹുലിനോ, ബിദ്യസാഗർ സിങിനോ അവസരം ലഭിക്കും.

ഇതുവരെ കളിച്ച ആറ് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിനെതിരെ ഒഡിഷയ്ക്ക് ഒരു ജയം മാത്രമാണ് സ്വന്തമാക്കാനായത്. അവസാനം ഇരുവരും ഏറ്റുമുട്ടിയപ്പോൾ ഇരു ടീമുകളും നാല് വീതം ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞു. പുതിയ സീസണിൽ സ്വന്തം കാണികൾക്ക് മുന്നിൽ ഇതിന് മാറ്റം വരുത്താൻ ഡീഗോ മൗറീഷ്യോയ്ക്കും സംഘത്തിനും സാധിക്കുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.

മികച്ച റെക്കോർഡാണ് ബ്രസീലിയൻ താരത്തിന് ബ്ലാസ്റ്റേഴ്സിനെതിരെ. അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിനെതിരെ നേടിയിട്ടുള്ളത്. ഇതുവരെ നാല് ഗോളുകൾ വഴങ്ങിയെങ്കിലും ഗോൾ വലയ്ക്ക് മുന്നിൽ അമരീന്ദർ സിങിന്റെ സാനിധ്യം ബ്ലാസ്റ്റേഴ്സിന് തലവേദനയാകും.

സ്‌ട്രോങ് റൂമുകള്‍ തുറന്നു, ആദ്യമെണ്ണുക പോസ്റ്റൽ വോട്ടുകള്‍, ആദ്യഫലസൂചന എട്ടരയോടെ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്