അമേരിക്കന്‍ നടിയും മോഡലുമായ കിം കര്‍ദഷിയന് തല്‍ക്കാലത്തേക്കെങ്കിലും തന്റെ ഫുട്‌ബോള്‍ പ്രേമം മാറ്റിവച്ചേ മതിയാകൂ. ഇഷ്ട ടീമിന്റെ ജഴ്‌സിയണിഞ്ഞ് ഇനി താരം ഏതെങ്കിലും മത്സരം കാണാന്‍ ഗ്യാലറിയിലെത്തിയാല്‍ ആ ടീമിന്റെ ആരാധകര്‍ കൈവയ്ക്കുമെന്ന നിലയിലാണ് കാര്യങ്ങള്‍. യുവേഫ യൂറോപ്പ ലീഗില്‍ സെവിയയോട് തോറ്റ് ഇറ്റാലിയന്‍ ക്ലബ് എഎസ് റോമ കിരീടം കൈവിട്ടതോടെയാണ് കര്‍ദഷിയന് കാര്യങ്ങള്‍ കൈവിട്ടുപോയത്.
റോമയുടെ ജഴ്‌സിയണിഞ്ഞ് ടീമിന് പിന്തുണയുമായി താരം ഫൈനല്‍ കാണാന്‍ ഗ്യാലറിയിലെത്തിയതിന് പിന്നാലെയാണ് ടീം തോല്‍ക്കുന്നതും ഫുട്‌ബോളിലെ 'കര്‍ദഷിയന്‍ ശാപം' ചര്‍ച്ചയാകുന്നതും. നടി പിന്തുണയ്ക്കുന്ന ടീം എത്ര കരുത്തരാണെങ്കിലും തോല്‍വിയായിരിക്കും ഫലമെന്നാണ് ഫുട്‌ബോള്‍ ആരാധകര്‍ ഉദാഹരണസഹിതം ചൂണ്ടിക്കാട്ടുന്നത്.
ഫുട്‌ബോളിലെ ഈ 'കര്‍ദഷിയന്‍ ശാപം' തുടങ്ങിയത് ഈ സീസണ്‍ മുതലാണ്. യുവേഫ യൂറോപ്പ കപ്പിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും സാധ്യത കല്‍പ്പിക്കപ്പെട്ട മികച്ച ഫോമിലുണ്ടായിരുന്ന ആഴ്‌സണലിനാണ് ആദ്യ 'ശാപ'മേല്‍ക്കുന്നത്. യൂറോപ്പാ ലീഗ് പ്രീക്വാര്‍ട്ടറില്‍ സ്‌പോര്‍ട്ടിങ്ങിനെതിരായ മത്സരത്തിനിടെയായിരുന്നു അത്.
മിന്നുന്ന ഫോമിലായിരുന്ന ആഴ്‌സണലിനാണ് അന്ന് ഏവരും സാധ്യത കല്‍പ്പിച്ചത്. ആഴ്‌സണലിനെ പിന്തുണയ്ക്കാന്‍ രണ്ടാം പാദത്തില്‍ ടീം ജഴ്‌സിയണിഞ്ഞ് കിം കര്‍ദഷിയന്‍ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തിലെ ഗ്യാലറിയിലെത്തിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ മത്സരഫലം വിപരീതമായി. 1-1 സമനില വഴങ്ങിയ ആഴ്‌സണല്‍ പിന്നീട് ഷൂട്ടൗട്ടില്‍ സ്‌പോര്‍ട്ടിങ്ങിനോടു തോറ്റ് പുറത്തായി.
ഫ്രഞ്ച് ക്ലബ് പിഎസ്ജിയായിരുന്നു കിമ്മിന്റെ അടുത്ത 'ഇര'. ലയണല്‍ മെസിയും എംബാപ്പെയും നെയ്മറുമൊക്കെയടങ്ങുന്ന വമ്പന്‍ താരനിരയുമായി പിഎസ്ജി. ഫ്രഞ്ച് ലീഗില്‍ റെന്നെസിനെതിരായ മത്സരത്തിനിറങ്ങുന്നു. പിഎസ്ജിയുടെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ കടുത്ത റെന്നെസ് ആരാധകര്‍ പോലും ഒരു അട്ടിമറി പ്രതീക്ഷിച്ചിരുന്നില്ല.
പക്ഷേ മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളകള്‍ക്ക് പിഎസ്ജി അട്ടിമറിക്കപ്പെട്ടു. നടുങ്ങിപ്പോയ ആരാധകര്‍ക്ക് ടീം തോറ്റതിന്റെ കാരണം തേടി അധികം മെനക്കെടേണ്ടി വന്നില്ല. പിഎസ്ജി-റെന്നെസ് മത്സരം കാണാന്‍ ടീം ജഴ്‌സിയണിഞ്ഞ് താനെത്തിയ ചിത്രം കിം തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. സീസണില്‍ പിഎസ്ജി പിന്നീട് ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ അവര്‍ അടപടലമായി. ആഴ്‌സണലിനാകട്ടെ പ്രീമിയര്‍ ലീഗും യൂറോപ്പയും നഷ്ടമായി. ഇതിനു പിന്നാലെ 'കര്‍ദഷിയന്‍ ശാപം' എന്ന പേരില്‍ ഫുട്‌ബോള്‍ ആരാധകര്‍ ഇതിനെ വിശേഷിപ്പിക്കുകയും ചെയ്തു.
റോമ ഒടുവിലത്തെ ഇര?
ഈ ജനുവരിയിലാണ് കിം ഇറ്റാലിയന്‍ ക്ലബ് റോമയോടുള്ള തന്റെ ആരാധന കിം വെളിപ്പെടുത്തിയത്. ലോസ് ഏയ്ഞ്ചല്‍സില്‍ നടന്ന ഒരു ഫോട്ടോ ഷൂട്ടില്‍ റോമയുടെ 1997-98 സീസണിലെ ഹോം ജഴ്‌സിയണിഞ്ഞാണ് കിം എത്തിയത്. അതിനു ശേഷമാണ് ടീമിന്റെ കഷ്ടകാലം ആരംഭിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്.
അതുവരെ മികച്ച പ്രകടനം കാഴ്ചവച്ച അവര്‍ സീരി എയില്‍ പിന്നീട് പിന്നോക്കം പോയി, ഒടുവില്‍ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സീസണില്‍ ശേഷിച്ച പ്രതീക്ഷ യൂറോപ്പ കപ്പ് ആയിരുന്നു. കലാശക്കളിയില്‍ സെവിയയ്‌ക്കെതിരേ റോമയ്ക്കായിരുന്നു ഏവരും സാധ്യത കല്‍പ്പിച്ചിരുന്നതും. വിഖ്യാത കോച്ച് ഹൊസെ മൗറീഞ്ഞോയുടെ സാന്നിധ്യമായിരുന്നു കാരണം. യൂറോപ്യന്‍ ഫൈനലുകളില്‍ ഒന്നിലും തോല്‍വിയറിയാത്ത മൗറീഞ്ഞോ റോമയെ കിരീടത്തിലേക്ക് നയിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചു. എന്നാല്‍ 'കര്‍ദഷിയന്‍ ശാപ'ത്തിനു മുന്നില്‍ 'മൗറീഞ്ഞോ ഇഫക്ടിനും' പിടിച്ചുനില്‍ക്കാനായില്ല.
ഫുട്‌ബോളിലെ 'ശാപകഥകള്‍' പലത്
ഏറ്റവും കൂടുതല്‍ അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്ന ഇടമാണ് ഫുട്‌ബോള്‍ ഗ്രൗണ്ടുകള്‍. ശാപവും മന്ത്രവാദവുമൊക്കെയായി ഫുട്‌ബോളില്‍ പ്രചരിക്കുന്ന കഥകള്‍ക്ക് ഒരന്തവുമില്ല. എന്നാല്‍ ചിലതൊക്കെ ഇന്നും ആരാധകരെ ഇരുത്തി ചിന്തിപ്പിക്കുന്നതുമാണ്. അത്തരം രണ്ടു കഥകള്‍ കൂടിയൊന്നു പരിശോധിക്കാം.
1.) ബെന്‍ഫിക്ക ശാപം
ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ ശാപകഥയാണ് പോര്‍ചുഗല്‍ ക്ലബ് ബെന്‍ഫിക്കയുടേത്. ക്ലബിന്റെ ഇതിഹാസ പരിശീലകനായ ബെലെ ഗുട്ട്മാന്റെ ശാപവചസുകള്‍ ഇന്നും അവരെ വേട്ടയാടുകയാണ്. ഈ സീസണിലും പോര്‍ചുഗീസ് ലീഗില്‍ കിരീടം ചൂടിയെങ്കിലും ഒരു യൂറോപ്യന്‍ വിജയഗാഥ കഴിഞ്ഞ 61 വര്‍ഷമായി അവര്‍ക്ക് സ്വപ്‌നം മാത്രമാണ്. ഇനിയും 39 വര്‍ഷം കൂടി കഴിഞ്ഞാലെ ആ സ്വപ്‌നം യാഥാര്‍ഥ്യമാകൂയെന്നാണ് കടുത്ത ബെന്‍ഫിക്ക ആരാധകര്‍ വിശ്വസിക്കുന്നത്.
കാരണം മറ്റൊന്നുമല്ല. നൂറു വര്‍ഷത്തേക്കാണ് ആ ശാപം. കഥയിതാണ്. ബെന്‍ഫിക്കയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനായിരുന്നു ബെലെ ഗുട്ട്മാന്‍. 1959 മുതല്‍ 1962 വരെ ടീമിനെ പരിശീലിപ്പിച്ച വിഖ്യാത കോച്ച്. സ്ഥാനമേറ്റ് ഒരു വര്‍ഷത്തിനുള്ളില്‍ ടീമനെ തുടരെ രണ്ട് യൂറോപ്യന്‍ കിരീടത്തിലേക്ക് നയിച്ച വ്യക്തി.
1961-62 സീസണില്‍ അന്നത്തെ ലോകത്തെ ഏറ്റവും മികച്ച ടീമായ റയല്‍ മാഡ്രിഡിനെ തോല്‍പിച്ച് ബെന്‍ഫിക്ക യൂറോപ്പിന്റെ രാജാക്കന്മാരായി. ഇതിനു പിന്നാലെ ശമ്പള വര്‍ധന ആവശ്യപ്പെട്ട ഗുട്ട്മാനെ ക്ലബ് മാനേജ്‌മെന്റ് പരിഹസിക്കുകയാണ് ചെയ്തത്. അപമാനിതനായ ഗുട്ട്മാന്‍ തല്‍ക്ഷണം രാജി സമര്‍പ്പിക്കുകയും ചെയ്തു.
തന്റെ രാജി പ്രഖ്യാപിച്ചുകൊണ്ട് ഗുട്ട്മാന്‍ ബെന്‍ഫിക്കയെ ശപിക്കുകയും ചെയ്തു. 'ഇനി ഒരു 100 വര്‍ഷത്തേക്ക് നിങ്ങള്‍ യൂറോപ്യന്‍ കിരീടം ചൂടില്ല' എന്നായിരുന്നു ഹൃദയവേദനയോടെ ഗുട്ട്മാന്‍ പറഞ്ഞത്. ആ വാക്കുകള്‍ പിന്നീട് അച്ചട്ടായി. 1962-നു ശേഷം ബെന്‍ഫിക്കയ്ക്കു പിന്നീട് ഒരിക്കല്‍പ്പോലും യൂറോപ്യന്‍ കിരീടം സ്വന്തമാക്കാനായിട്ടില്ല. തുടരെ എട്ടുതവണയാണ് അവര്‍ ഫൈനലുകളില്‍ തോറ്റത്. ഇന്നും ആ ശാപം ബെന്‍ഫിക്കയെ വിടാതെ പിന്തുടരുകയാണെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
2.) സോക്രൂസുകളുടെ 'മന്ത്രവാദ ശാപം'
ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ടീമിനെ സംബന്ധിച്ചാണ് ഫുട്‌ബോള്‍ ലോകത്ത് പ്രചരിക്കുന്ന മറ്റൊരു ശാപകഥ. ഓഷ്യാനയെ പ്രതിനിധീകരിച്ച് ഫിഫ ലോകകപ്പില്‍ പങ്കെടുക്കാന്‍ അവര്‍ ശ്രമം തുടങ്ങിയത് 1962 ചിലി ലോകകപ്പ് മുതലാണ്. പക്ഷേ അവര്‍ക്ക് പിന്നെയും ഏറെ കാത്തിരിക്കേണ്ടി വന്നു.
1969-ലാണ് അവര്‍ ലോകകപ്പ് യോഗ്യതയ്ക്ക് ആദ്യമായി ഏറെ അടുത്തെത്തിയത്. ഏഷ്യന്‍ ടീമുകള്‍ക്കൊപ്പം യോഗ്യതാ റൗണ്ടിന്റെ ആദ്യ റൗണ്ട് കളിച്ച അവര്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി രണ്ടാം റൗണ്ടില്‍ കടന്നു. അവിടെ ആഫ്രിക്കന്‍ ടീമായ റൊഡേഷ്യയായിരുന്നു എതിരാളികള്‍. റൊഡേഷ്യയെ നേരിടുന്നതിനു മുമ്പ് ഓസീസ് ടീം ഒരാഫ്രിക്കന്‍ മന്ത്രവാദിയുടെ സഹായം തേടി.
റൊഡേഷ്യയെ തോല്‍പിക്കാന്‍ മന്ത്രവാദി ചില ക്രിയകള്‍ ചെയ്തു. മത്സരം നടക്കുന്ന ഗ്രൗണ്ടിലെ ഗോള്‍ പോസ്റ്റിനു സമീപം അസ്ഥികള്‍ കുഴിച്ചിട്ടുള്ള ക്രിയകള്‍ വരെയുണ്ടായിരുന്നു അതില്‍. കാര്യമെന്തായാലും ക്രിയ ഫലിച്ചു. റൊഡേഷ്യയെ വീഴ്ത്തി സോക്രൂസ് അവസാന റൗണ്ടില്‍ കടന്നു. അവിടെ താരതമ്യേന ദുര്‍ബലരായ ഇസ്രായേല്‍ ആയിരുന്നു എതിരാളികള്‍. ഓസ്‌ട്രേലിയ ഏറെക്കുറേ യോഗ്യത ഉറപ്പിച്ചു.
പക്ഷേ കാര്യം കഴിഞ്ഞതോടെ ഓസീസ് ടീം കാലുമാറി. മന്ത്രവാദിക്കു നല്‍കാമെന്നു പറഞ്ഞ 1000 ഡോളര്‍ പ്രതിഫലം നല്‍കാന്‍ ടീം കൂട്ടാക്കിയില്ല. പണം ആവശ്യപ്പെട്ട മന്ത്രവാദിക്കെതിരേ കേസ് നല്‍കാന്‍ വരെ ഒരുങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവം എങ്ങനെയോ ഒതുക്കിതീര്‍ത്തെങ്കിലും മന്ത്രവാദി ഓസീസ് ടീമിനെതിരേ 'മറുക്രിയ' ചെയ്താണ് പ്രതകാരം ചെയ്തത്.
തുടര്‍ന്ന് മൂന്നാം റൗണ്ടില്‍ ഇസ്രായേലിനോട് ഒരു ഗോളിനു തോറ്റ ഓസീസ് യോഗ്യത നേടാതെ പുറത്താകുകയും ചെയ്തു. മന്ത്രവാദിയുടെ ശാപമാണ് കാരണമെന്നാണ് ആരാധകര്‍ വിശ്വസിച്ചത്. എന്തായാലും 1974 ലോകകപ്പിന് അവര്‍ യോഗ്യത നേടി. ഏറെ പ്രതീക്ഷിച്ച് എത്തിയ അവര്‍ക്ക് പക്ഷേ ഒരു ഗോള്‍ പോലും അടിക്കാനാകാതെ ഗ്രൂപ്പ് റൗണ്ടില്‍ പുറത്തുപോകേണ്ടി വന്നു. പിന്നീട് ലോകകപ്പ് യോഗ്യതയ്ക്കായി അവര്‍ കാത്തിരുന്നത് 32 വര്‍ഷമാണ്.
ഇതിനിടെ ഏഴു ലോകകപ്പുകളാണ് കടന്നുപോയത്. തുടരെ യോഗ്യത നേടാനാകാതെ വന്നതോടെ പഴയ ശാപത്തെക്കുറിച്ച് ഓസീസ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുക വന്നു. ഒടുവില്‍ ജോണ്‍ സഫ്രാന്‍ എന്ന ഓസീസ് ഫുട്‌ബോള്‍ റിപ്പോര്‍ട്ടര്‍ ആഫ്രിക്കയിലേക്കു പറന്ന് ഒരു മന്ത്രവാദിയുടെ സഹായത്തോടെ മറുക്രിയ നടത്തിയതിനു ശേഷമാണ് അവര്‍ 2006 ജര്‍മനി ലോകകപ്പിന് യോഗ്യത നേടിയത്.