FOOTBALL

മഞ്ഞക്കടലായി കൊച്ചി; പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം

സംസ്ഥാനത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെയുള്ളിടത്തു നിന്ന് ആരാധകര്‍ കൊച്ചിയിലേക്ക് ഒഴുകുകയാണ്. രാത്രി 7:30 ആകാനുള്ള കാത്തിരുപ്പിലാണ് അവര്‍...

ശ്യാം ശശീന്ദ്രന്‍

രണ്ടു വര്‍ഷത്തോളം ടെലിവിഷന്‍ സ്‌ക്രീനില്‍ മാത്രം 'ലോക്കിട്ട്' നിര്‍ത്തിയിരുന്നു ഫുട്‌ബോള്‍ ആവേശം വീണ്ടും കൊച്ചിയുടെ മണ്ണിലേക്ക്. ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ പുതിയ സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും.

രാത്രി 7:30 ആകാനുള്ള കാത്തിരുപ്പിലാണ് ആരാധകര്‍. സംസ്ഥാനത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെയുള്ളിടത്തു നിന്ന് ആരാധകര്‍ കൊച്ചിയിലേക്ക് ഒഴുകുകയാണ്. കഴിഞ്ഞ സീസണില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ കിരീട ജയം ബ്ലാസ്‌റ്റേഴ്‌സ് ഇക്കുറി സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍.

അതിനാല്‍ ആദ്യ മത്സരത്തില്‍ തന്നെ സ്വന്തം ടീമിനായി ആര്‍പ്പ് വിളിക്കാനുള്ള ഒരുക്കത്തില്‍ കൊച്ചി സ്‌റ്റേഡിയത്തെ മഞ്ഞക്കടലാക്കാനാണ് ആരാധകരുടെ ശ്രമം. കഴിഞ്ഞ രണ്ടു സീസണുകളിലും ഹോം സ്‌റേറഡിയത്തില്‍ നിന്ന് ഒഴിച്ചുനിര്‍ത്തപ്പെട്ടതിന്റെ നിരാശ മാറ്റാനാണ് ഓരോ ആരാധകനും ലക്ഷ്യമിടുന്നത്.

ടിക്കറ്റുകള്‍ കിട്ടാനില്ല

സീസണിലെ ആദ്യ മത്സരത്തിനുള്ള ടിക്കറ്റുകള്‍ എല്ലാം തന്നെ ദിവസങ്ങള്‍ക്കു മുമ്പേ വിറ്റുതീര്‍ന്നു കഴിഞ്ഞു. രണ്ടു വര്‍ഷത്തിനു ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം മത്സരമെന്നതിനാല്‍ തന്നെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ച് ആദ്യ ദിവസം മുതല്‍ക്കേ വന്‍ ഡിമാന്‍ഡ് ആയിരുന്നു.

ആദ്യ നാലഞ്ച് ദിനങ്ങള്‍ക്കുള്ളില്‍ തന്നെ ഗ്യാലറി ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ഇന്ന് ഉദ്ദേശം 70,000 ത്തോളം കാണികള്‍ മത്സരം കാണാന്‍ എത്തുമെന്നും പ്രതീക്ഷിക്കുന്നു.

യുവത്വത്തോടെ ബ്ലാസ്‌റ്റേഴ്‌സ്

കോച്ച് ഇവാന്‍ വുകുമനോവിച്ചിന്റെ കീഴില്‍ കൂടുതല്‍ യുവത്വമാര്‍ജ്ജിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് ഇക്കുറി പോരാട്ടത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തില്‍ കൈവിട്ടുപോയ കിരീടം തിരിച്ചുപിടിക്കുക എന്നതില്‍ കവിഞ്ഞ് മറ്റൊരു ലക്ഷ്യവും ഇവാനും സംഘത്തിനുമില്ല.

കഴിഞ്ഞ തവണത്തെ ടീമില്‍ നിന്ന് 16 പേരെയാണ് നിലനിര്‍ത്തിയത്. അവര്‍ക്കൊപ്പം 12 പേരെ പുതുതായി ടീമിലെത്തിച്ചു. 28 അംഗ സ്‌ക്വാഡിന്റെ പകുതിപ്പേരും യുവാക്കളാണെന്നതും ശ്രദ്ധേയം. ഏഴു മലയാളി താരങ്ങളാണ് ടീമില്‍ ഉള്‍പ്പെട്ടത്. കഴിഞ്ഞ തവണത്തെ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണ തന്നെയാണ് ടീമിന്റെ കുന്തമുന.

ലൂണ കളിമെനയുമ്പോള്‍ ഇക്കറി ഗോളടിക്കാന്‍ മുന്നേറ്റ നിരയിലുള്ളത് ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റകോസാണ്. ഒപ്പം മലയാളി യുവതാരം കെ പി രാഹുലുമുണ്ടാകും. നാലു വിദേശ താരങ്ങളെ കളിപ്പിക്കാമെന്നതിനാല്‍ പ്രതിരോധത്തില്‍ മാര്‍ക്കോ ലെസ്‌കോവിച്ചും വിക്ടര്‍ മോംഗിലോയും മധ്യനിരയില്‍ അപ്പോസ്തലോസ് ജിയാനുവും അണിനിരക്കും.

തിരിച്ചടി മറക്കാന്‍ ഈസ്റ്റ് ബംഗാള്‍

ഇന്ത്യന്‍ ദേശീയ ടീമിന്റെ മുന്‍ പരിശീലകനായ സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ന്റൈന്റെ കീഴില്‍ ഇറങ്ങുന്ന ഈസ്റ്റ് ബംഗാളിന് ഒരൊറ്റ ലക്ഷ്യമേയുള്ളു. കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്തായിപ്പോയതിന്റെ പ്രയാശ്ചിത്തം ചെയ്യണം. അതിനായി മികച്ചൊരു താരനിരയുമായാണ് അവര്‍ ആദ്യ മത്സരത്തിനിറങ്ങുന്നത്.

ബ്രസീലിയന്‍ താരങ്ങളായ ക്ലെയ്ട്ടണ്‍ സില്‍വ, എലിയാന്‍ഡ്രോ സാന്റോസ്, മലയാളി താരം വി പി സുഹൈര്‍ എന്നിവരുടെ ബൂട്ടുകളിലേക്കാണ് ഈസ്റ്റ് ബംഗാള്‍ ഉറ്റുനോക്കുന്നത്. മധ്യനിരയില്‍ സൗവിക് ചക്രവര്‍ത്തി-അനുകേത് ജാദവ് സഖ്യവും പ്രതിരോധത്തില്‍ ഇവാന്‍ ഗോണ്‍സാലസ്, മുഹമ്മദ് റാക്കിപ് സഖ്യവും അവര്‍ക്കു പ്രതീക്ഷ പകരുന്നു.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍