സൂപ്പര്‍ ലീഗ് കേരളയില്‍ ആവേശകരമായ സെമിഫൈനല്‍ പോരാട്ടത്തില്‍ ഒന്നാ സ്ഥാനക്കാരായ കാലിക്കറ്റ് എഫ്സി, പോരാളികള്‍ ആയ തിരുവനന്തപുരം കൊമ്പന്‍സ് എഫ്സിയെ നേരിടും. 'ദാവീദ് vs ഗോലിയാത്ത്' എന്ന് പേരിട്ടിരിക്കുന്ന സെമി മത്സരം ചൊവ്വാഴ്ച കോഴിക്കോട്ടെ ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് അരങ്ങേറുക.
തങ്ങളുടെ ഹോം ഗ്രൗണ്ട് നേട്ടം കൊമ്പന്‍സിനെതിരെ പ്രയോജനപ്പെടുത്താനാകും ആതിഥേയരുടെ ശ്രമം. ഓസ്ട്രേലിയന്‍ മാനേജര്‍ ഇയാന്‍ ഗില്ലന്റെ ശിക്ഷണത്തില്‍ 10 മത്സരങ്ങളില്‍ നിന്ന് 19 പോയിന്റുമായി ലീഗില്‍ ഒന്നാമതെതിയാണു കാലിക്കറ്റ് എഫ്സി സെമിഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കിയത്.
ഘാന ഡിഫന്‍ഡര്‍ ഒസെയ് റിച്ചാര്‍ഡ്, ബ്രസീലിയന്‍ പ്ലേമേക്കര്‍ ജോണ്‍ കെന്നഡി, ക്യാപ്റ്റന്‍ ജിജോ ജോസഫ്, ഹെയ്തിയില്‍ നിന്നുള്ള ബഹുമുഖ പ്രതിഭ കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ട് തുടങ്ങി പ്രധാന താരങ്ങള്‍ കാലിക്കറ്റ് എഫ്സി ടീമില്‍ ഉള്‍പ്പെടുന്നു. 4-4-2 എന്ന സുസ്ഥിര ശൈലിക്ക് പേരുകേട്ട കാലിക്കറ്റ് എഫ്സിക്ക്, കണ്ണഞ്ചിപ്പിക്കുന്ന മധ്യനിരയും, അബ്ദുള്‍ ഹക്കുവിന്റെ നേതൃത്വത്തിലുള്ള ശക്തമായ പ്രതിരോധവുമുണ്ട്. നടപ്പ് സീസണില്‍ 22 സേവുകളുമായി ഗോള്‍കീപ്പര്‍ വിശാല്‍, ലീഗിലെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അതേസമയം
ബ്രസീലിയന്‍ തന്ത്രജ്ഞന്‍ സെര്‍ജിയോ അലക്സാന്ദ്രെ പരിശീലിപ്പിക്കുന്ന തിരുവനന്തപുരംകൊമ്പന്‍സ് പൊരുതി കളിച്ച് 13 പോയിന്റുമായി (മൂന്ന് ജയം, നാല് സമനില, മൂന്ന് തോല്‍വി) സെമിഫൈനല്‍ സ്ഥാനം ഉറപ്പിച്ചു.
സാഹചര്യങ്ങള്‍ക്കനുസരിച്ച് 4-4-2ല്‍ നിന്ന് 5-3-2 അല്ലെങ്കില്‍ 5-2-3 എന്ന നിലയിലേക്ക് മാറാനുള്ള സെര്‍ജിയോയുടെ മിടുക്ക്, പ്രത്യേകിച്ച് കണ്ണൂരിനും തൃശ്ശൂരിനുമെതിരായ വിജയങ്ങള്‍ ഉള്‍പ്പെടെയുള്ള സുപ്രധാന മത്സരങ്ങളില്‍ കൊമ്പന്‍സിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. എല്ലാ കളിക്കാരും നല്ല പ്രകടനം പുറത്തെടുക്കുന്നുണ്ട്. 4 അസിസ്റ്റുകളോടെ ലീഗിന്റെ അസിസ്റ്റ് ലീഡറായ മിഡ്ഫീല്‍ഡര്‍ പാട്രിക് മോട്ട, ഫോര്‍വേഡുകളായ മുഹമ്മദ് അഷര്‍, ഔട്ടെമര്‍ ബിസ്പോ, അക്മല്‍ ഷാന്‍ എന്നിവര്‍ സെമിയില്‍ നിര്‍ണായകമാകും.കൊമ്പന്‍സിന്റെ ഗോള്‍കീപ്പര്‍ മൈക്കല്‍ അമേരിക്കോയും മാസ്മരിക സേവുകളിലൂടെ ടീമിനു മുതല്‍ക്കൂട്ടാണ് 20 സേവുകള്‍ നടത്തിയ അമേരിക്കോയുഡെ മികച്ച പ്രകടനമാണ് ലീഗില്‍ ടീമിനു നാലാമതാക്കിയത്.
ഈ സീസണില്‍ ടീമുകളുടെ മൂന്നാമത്തെ മുഖമുഖമാണ് ഇത്. ആദ്യ ഏറ്റുമുട്ടല്‍ 1-1 ന് സമനിലയില്‍ അവസാനിച്ചെങ്കിലും രണ്ടാം മത്സരത്തില്‍ കാലിക്കറ്റ് ആധിപത്യം ഉറപ്പിച്ചു, 4-1 ന് ഉജ്ജ്വല വിജയം സ്വന്തമാക്കി. ഇപ്പോള്‍, മികച്ച പ്രകടനത്തലൂടെ വിജയം ഉറപ്പിക്കാനാണ് കൊമ്പന്‍സിന്റെ ശ്രമം. റെനാന്‍, അഖില്‍ ജെ ചന്ദ്രന്‍, അബ്ദുള്‍ ബാദിഷ്, പപ്പുയ എന്നിവര്‍ നയിക്കുന്ന കൊമ്പന്‍സ് പ്രതിരോധം, കാലിക്കറ്റ് എഫ്സിയുഡെ അപകടകാരികളായ ഗനി അഹമ്മദ് നിഗം, ബെല്‍ഫോര്‍ട്ട്, കെന്നഡി എന്നിവര്‍ക്കു കത്രിക പൂട്ടിടും.
നേടിയ ഗോളുകളില്‍ കോഴിക്കോടാണ് (18) ലീഗില്‍ മുന്നിട്ട് നില്‍ക്കുന്നത്. ആറ് പോയിന്റ് വ്യത്യാസം കൊമ്പന്‍സിന് മുന്നിലുള്ള വെല്ലുവിളി ഉയര്‍ത്തിക്കാട്ടുന്നു, തങ്ങളുടെ കൂട്ടായ ഊര്‍ജവും തന്ത്രവുംകൊമ്പന്‍സിന് കളിക്കളത്തില്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. തങ്ങളുടെ ആധിപത്യം ആവര്‍ത്തിച്ച് ഉറപ്പിച്ച് ഫൈനലില്‍ ഇടം പിടിക്കാന്‍ കാലിക്കറ്റ് എഫ്സി നോക്കുമ്പോള്‍, എതിരാളികളെ തകര്‍ത്ത് എസ്എല്‍കെയുടെ ഉദ്ഘാടന സീസണില്‍ വിസ്മയം തീര്‍ക്കാനാണു കൊമ്പന്‍സിന്റെ ശ്രമം. എന്തായാലും തന്ത്രത്തിന്റെയും പൂര്‍ണമായ നിശ്ചയദാര്‍ഢ്യത്തിന്റെയും ആവേശകരമായ ഏറ്റുമുട്ടലായി ഇത് മാറുമെന്ന് ഉറപ്പാണ്.