കിലിയന്‍ എംബാപ്പെ 
FOOTBALL

യൂറോകപ്പ് യോഗ്യത: എംബാപ്പെയുടെ ചിറകിലേറി ഫ്രാൻസ്, നെതർലൻഡ്സിനെ വീഴ്ത്തി; സ്വീഡനെ തകർത്ത് ബെൽജിയം

ടീമില്‍ വലിയ പൊളിച്ചു പണികളോടെയാണ് ലോകകപ്പിന് ശേഷം ഫ്രാന്‍സ് ആദ്യമായി കളത്തിലിറങ്ങുന്നത്

വെബ് ഡെസ്ക്

യൂറോ 2024 യോഗ്യതാ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ തുരത്തി ഫ്രാന്‍സ്. ഹോം ഗ്രൗണ്ടില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് കിലിയന്‍ എംബാപ്പെ നയിക്കുന്ന ഫ്രഞ്ച് പടയുടെ ജയം. ടീമില്‍ വലിയ പൊളിച്ചു പണികളോടെയാണ് ലോകകപ്പിന് ശേഷം ഫ്രാന്‍സ് ആദ്യമായി കളത്തിലിറങ്ങുന്നത്. പുതിയ നായകനും ഉപനായകനും ഗോള്‍കീപ്പറും എല്ലാം തങ്ങളുടെ വരവ് കൃത്യമായി അറിയിക്കുകയും ചെയ്തു. എംബാപ്പെ നേടിയ ഇരട്ട ഗോളുകള്‍ ഗ്രൂപ്പ് ബിയില്‍ ഫ്രാന്‍സിന്റെ ജയത്തിന് തിളക്കം കൂട്ടി. എംബാപ്പെ ഫ്രാന്‍സിന്റെ ക്യാപ്റ്റനായ ആദ്യ മത്സരമാണ് ഇത്. ഗോളടിയിലും അസിസ്റ്റിലും എല്ലാം ഫ്രഞ്ച് ക്യാപ്റ്റന്‍ മുന്നില്‍ തന്നെ ഉണ്ടായിരുന്നു. ഡച്ചിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത റൊണാള്‍ഡ് കോമന് ആദ്യ തോല്‍വി വലിയ തിരിച്ചടിയായി.

എംബാപ്പെ നേടിയ ഇരട്ട ഗോളുകള്‍ ഗ്രൂപ്പ് ബിയില്‍ ഫ്രാന്‍സിന്റെ ജയത്തിന് തിളക്കം കൂട്ടി

ആദ്യ പകുതിയില്‍ തന്നെ ഫ്രാന്‍സിന്റെ മൂന്ന് ഗോൾ പിറന്നു. വൈസ് ക്യാപ്റ്റന്‍ ആന്റോണിയോ ഗ്രീസ്മാനിലൂടെയാണ് ഫ്രാന്‍സ് തുടങ്ങിയത്. കളിയുടെ രണ്ടാം മിനിറ്റില്‍ എംബാപ്പെ നല്‍കിയ പാസ് വലയ്ക്കുള്ളില്‍ കയറ്റി ഗ്രീസ്മാന്‍ എതിരാളികൾക്ക് മുന്നറിയിപ്പ് നല്‍കി. രണ്ടാം ഊഴം ഡയോട് ഉപമെക്കാനോയ്ക്ക് ആയിരുന്നു. ഗ്രീസ്മാന്‍ എടുത്ത ഫ്രീകിക്ക് ലക്ഷ്യത്തിലേക്ക് തൊടുത്തപ്പോള്‍ നെതര്‍ലന്‍ഡ്‌സ് ഗോള്‍കീപ്പര്‍ ജാസ്പര്‍ സില്ലിസണ് തടുക്കാന്‍ കഴിഞ്ഞില്ല. അതോടെ ഫ്രാന്‍സ് രണ്ട് ഗോളിന് മുന്നിലായി. കളിയിലുടനീളം ഫ്രഞ്ച് ആധിപത്യമായിരുന്നു. 21ാം മിനിറ്റില്‍ കോലോ മുവാനിയുടെ പന്ത് ലക്ഷ്യത്തിലെത്തിച്ച് എംബാപ്പെ ഡച്ച് പടയെ ഒന്നുകൂടി വിറപ്പിച്ചു. ആദ്യ പകുതി ഫ്രാന്‍സ് ആക്രമിച്ച് കളിച്ചപ്പോള്‍ നെതര്‍ലന്ഡ്‌സിന് അടിപതറുകയായിരുന്നു.

രണ്ടാം പകുതിയില്‍ നെതര്‍ലന്‍ഡ്സ് ആക്രമണം മുറുക്കി തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും എല്ലാ ശ്രമങ്ങളും പാഴായി. ഫ്രാന്‍സിന്റെ പ്രതിരോധനിരയെയും വന്മതില്‍ മൈക്ക് മൈഗ്നാനെയും മറികടക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഫ്രെങ്കി ഡി ജോങ്, കോഡി ഗാക്‌പോ, സ്വെന്‍ ബോട്ട്മാന്‍, മത്തിജ്‌സ് ഡി ലിഗ്റ്റ് , ജോയ് വീര്‍മാന്‍ തുടങ്ങിയവര്‍ ഇല്ലാതെയാണ് ഡച്ച് കളത്തിലിറങ്ങിയത്. അതിന്റെ അഭാവം അവരെ വലുതായി തന്നെ ബാധിച്ചു. കളിയുടെ 88 മിനുറ്റില്‍ എംബാപ്പെ ഒന്നുകൂടി വലകുലുക്കി ഡച്ചിന്റെ മുറിവില്‍ ഉപ്പുതേച്ചു. രണ്ടാം പകുതിയിലും നെതര്‍ലന്‍ഡ്‌സിന് മറുപടിയൊന്നും ഉണ്ടായിരുന്നില്ല. ഫ്രാന്‍സിന്റെ പുതിയ നായകന്‍ രണ്ടാം ഗോളും തികച്ചതോടെ നെതര്‍ലന്‍ഡ്‌സ് 4-0 ന് തോല്‍വിയറിഞ്ഞു.

സ്വീഡനെതിരെ നടന്ന യോഗ്യതാ മത്സരത്തില്‍ ഹാട്രിക് നേടിയ ലുക്കാക്കു ബെല്‍ജിയത്തെ ജയത്തിലേക്ക് നയിച്ചു

വെള്ളിയാഴ്ച നടന്ന യോഗ്യതാ മത്സരത്തിൽ റൊമേലു ലുക്കാക്കുവും താരമായി. സ്വീഡനെതിരെ നടന്ന യോഗ്യതാ മത്സരത്തില്‍ ഹാട്രിക് നേടിയ ലുക്കാക്കു ബെല്‍ജിയത്തെ ജയത്തിലേക്ക് നയിച്ചു. ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് സ്റ്റേജില്‍ നിന്നുള്ള നിരാശാജനകമായ പുറത്താകലിന് ശേഷം ബെല്‍ജിയം വലിയ തിരിച്ചു വരവ് നടത്തി. ഫ്രണ്ട്‌സ് അരീനയില്‍ നേടിയ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയം പുതിയ ബെല്‍ജിയം പരിശീലകന്‍ ഡൊമനിക്കോ ടെഡസ്‌കോയ്ക്ക് മികച്ച തുടക്കം നല്‍കി.

റൊമേലു ലുക്കാക്കു

സ്വീഡന്‍ പ്രതിരോധത്തെ വലച്ച ഡോഡി ലൂക്ബാക്കിയോ കൊടുത്ത പാസ് ഗോളാക്കി ലുക്കാക്കു 35ാം മിനിറ്റില്‍ ബെല്‍ജിയം മുന്നിലെത്തിച്ചു. രണ്ടാം പകുതിയിലും സ്വീഡന് ഭീഷണിയുയര്‍ത്തി ലുക്ബാക്കിയോ-ലുക്കാക്കു കൂട്ടുകെട്ട് വീണ്ടും ഉടലെടുത്തു. ലുക്ബാക്കിയോ നല്‍കിയ നല്‍കിയ ലോ ക്രോസ് ലക്ഷ്യം തെറ്റാതെ എതിരാളികളുടെ വലയ്ക്കുള്ളിലെത്തിച്ച് ലുക്കാക്കു നേട്ടം ഇരട്ടിയാക്കി. സ്വീഡന്‍ ഗോള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുമ്പോള്‍ 82ാം മിനുറ്റില്‍ ലുക്കാക്കു തന്റെ ഹാട്രിക് ഗോളിനായി വീണ്ടും വലകുലുക്കി. ഇതോടെ സ്വീഡന്റെ ഹോം ഗ്രൗണ്ടില്‍ അവരെ 3-0 ന് തകര്‍ത്ത് ബെല്‍ജിയം ആദ്യ ജയം സ്വന്തമാക്കി.

മറ്റൊരു മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടി അസര്‍ബൈജാനെ ഗ്രൂപ്പ് എഫില്‍ ഓസ്ട്രിയയ്ക്കായി 4-1 ന് ആദ്യജയം ഉറപ്പിച്ചു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം