ജപ്പാനില്‍ നടക്കുന്ന പ്രീസീസണ്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെ തുരത്തി മാഞ്ചസ്റ്റര്‍ സിറ്റി. ടോക്യോയിലെ നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ജര്‍മന്‍ ടീമിനെ ഇംഗ്ലീഷുകാര്‍ തോല്‍പിച്ചത്.
സിറ്റിക്കു വേണ്ടി ജയിംസ് മക്അറ്റി, അയ്‌മെറിക് ലാപോര്‍ടെ, എന്നിവര്‍ വലകുലുക്കിയപ്പോള്‍ യുവതാരം മാറ്റിസ് ടെല്ലിന്റെ വകയായിരുന്നു ബയേണിന്റെ ആശ്വാസ ഗോള്‍. പ്രീസീസണ്‍ പോരാട്ടത്തില്‍ സിറ്റിയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. കഴിഞ്ഞ ദിവസം അവര്‍ സ്വന്തം നാട്ടില്‍ നിന്നുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പിച്ചിരുന്നു.
അതേസമയം ബയേണിന്റെ ആദ്യ പ്രീസീസണ്‍ മത്സരമായിരുന്നു ഇത്. ജപ്പാന്‍ ക്ലബ് കാവസാക്കിക്കെതിരേയാണ് ബയേണിന്റെ അടുത്ത മത്സരം. അതിനു ശേഷം അവര്‍ ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളിനെയും ഫ്രഞ്ച് ക്ലബ് മൊണാക്കോയെയും നേരിടും. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേയാണ് സിറ്റിയുടെ ശേഷിക്കുന്ന സൗഹൃദ മത്സരം.
ഇന്ന് മുന്‍നിര താരങ്ങളെ അണിനിരത്തിയാണ് ഇരുടീമുകളും കളത്തിലിറങ്ങിയത്. മത്സരത്തിന്റെ 21-ാം മിനിറ്റില്‍ തന്നെ സിറ്റി മുന്നിലെത്തി. അര്‍ജന്റീന്‍ യുവതാരം ജൂലിയന്‍ അല്‍വാരസിന്റെ ഷോട്ട് ബയേണ്‍ ഗോള്‍കീപ്പര്‍ യാന്‍ സൊമ്മര്‍ തട്ടിയകറ്റിയത് റീബൗണ്ട് പിടിച്ചെടുത്ത് മക്അറ്റി വലകുലുക്കുകയായിരുന്നു.
ഒന്നാം പകുതിയില്‍ ഈ ലീഡ് നിലനിര്‍ത്തിയ സിറ്റി രണ്ടാം പകുതിയിലും ആക്രമണപാത വെടിഞ്ഞില്ല. ബയേണ്‍ ഗോള്‍മുഖത്തേക്ക് നിരന്തരം പന്തെത്തിച്ച അവര്‍ക്ക് പക്ഷേ ഫിനിഷിങ്ങില്‍ പിഴച്ചു. മത്സരം അവസാന 10 മിനിറ്റിലേക്ക് എത്തിയപ്പോഴാണ് പിന്നീട് വല ചലിച്ചത്. 81-ാം മിനിറ്റില്‍ ചെല്‍സി ഗോള്‍കീപ്പര്‍ എഡേഴ്‌സന്റെ പിഴവില്‍ നിന്നാണ് ടെല്‍ ബയേണിനെ ഒപ്പമെത്തിച്ചത്.
എന്നാല്‍ സമനിലഗോളിന്റെ ആഹ്‌ളാദം അധികനേരം നീണ്ടു നിന്നില്ല. അഞ്ചു മിനിറ്റിനകം സിറ്റി ലീഡ് വീണ്ടെടുത്തു. ഇംഗ്ലീഷ് താരം ഫില്‍ ഫോഡന്റെ നീക്കമാണ് ഗോളില്‍ കലാശിച്ചത്. ആദ്യ വലയിലേക്ക് ലക്ഷ്യവച്ച ഫോഡന്റെ ഷോട്ട് ബയേണ്‍ താരത്തിന്റെ കാലില്‍ തട്ടിത്തെറിച്ചു. എന്നാല്‍ പന്ത് പിടിച്ചെടുത്ത ഫോഡന്‍ പിന്നീട് ലാപോര്‍ട്ടെയ്ക്ക് മറിച്ചു നല്‍കുകയായിരുന്നു. തളികയിലെന്നവണ്ണം ലഭിച്ച അവസരം ലാപോര്‍ട്ടെ കൃത്യമായി മുതലാക്കുകയും ചെയ്തു.