ജര്‍മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കില്‍ നിന്നു പോളിഷ് ഗോളടിയന്ത്രം റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയെ ടീമിലെത്തിച്ചതാണ് ഈ സീസണില്‍ ബാഴ്‌സലോണ നടത്തിയ ഏറ്റവും മികച്ച നീക്കം. എന്നാല്‍ ലെവന്‍ഡോവ്‌സ്‌കി കളിക്കാന്‍ ആഗ്രഹിച്ചരുന്നത് ബാഴ്‌സയ്‌ക്കൊപ്പമായിരുന്നില്ലെന്നും മറിച്ച് ചിരവൈരികളായ റയല്‍ മാഡ്രിഡില്‍ കളിക്കാനായിരുന്നു ആഗ്രഹമെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍.
കഴിഞ്ഞ ദിവസം ലെവന്‍ഡോവ്‌സ്‌കി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പിന്നീട് ബയേണ്‍ മ്യൂണിക്കില്‍ അദ്ദേഹത്തിന്റെ സഹതാരമായിരുന്ന ഒരു താരം ഇക്കാര്യം ശരിവയ്ക്കുകയും ചെയ്തതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
റയലുമായി ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നും എന്നാല്‍ ഒന്നും ഫലപ്രാപ്തിയില്‍ എത്തിയില്ലെന്നും പോളിഷ് താരം പറഞ്ഞു. ''റയല്‍ മാഡ്രിഡുമായി ചര്‍ച്ചകള്‍ നടന്നിരുന്നു, എന്നാല്‍ ഒന്നും സംഭവിച്ചില്ല. എനിക്ക് വേണ്ടി ബാഴ്‌സലോണ എത്രത്തോളം പ്രയത്‌നിക്കുന്നു എന്ന് കണ്ടപ്പോള്‍ റയലിലേക്കു പോകുന്നതിനു പകരം ബാഴ്‌സയിലേക്കു പോകുന്നതാണ് കൂടുതല്‍ അനിവാര്യമായി തോന്നിയത്'' ലെവന്‍ഡോവിസ്‌കി തുറന്നു പറഞ്ഞു.
റോബര്‍ട്ട് ലെവന്‍ഡോവിസ്‌കി തന്റെ കരിയറിനിടെ ഒന്നിലധികം തവണ റയല്‍ മാഡ്രിഡിനോടൊപ്പം ചേരുന്നതിന്റെ വക്കിലെത്തിയിട്ടുണ്ട്. എന്നാല്‍ ഇരുകൂട്ടര്‍ക്കും ഒരു കരാറില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നില്ല.
ഇപ്പോള്‍ താന്‍ ബാഴ്‌സലോണയില്‍ സന്തുഷ്ടനാണെന്നു പറഞ്ഞ താരം ബാഴ്‌സലോണയിലെ തന്റെ കുടുംബത്തെക്കുറിച്ചും സ്വകാര്യ ജീവിതത്തെക്കുറിച്ചും സംസാരിച്ചു. ''സ്പെയിനില്‍ ജീവിക്കുന്നതും ലാലിഗയില്‍ കളിക്കുന്നതും എപ്പോഴും എന്റെ വലിയ മോഹമായിരുന്നു, അത് കളികള്‍ക്കു വേണ്ടി മാത്രമല്ല എന്റെ സ്വകാര്യ സ്വപ്‌നം കൂടിയാണത്''. അദ്ദേഹം പറഞ്ഞു.
''സ്പെയിനില്‍ ജീവിക്കുന്നതും ലാലിഗയില്‍ കളിക്കുന്നതും എപ്പോഴും എന്റെ വലിയ മോഹമായിരുന്നു''
'' ഇവിടം ഞാന്‍ പ്രതീക്ഷിച്ച അത്രയും ബുദ്ധിമുട്ടുള്ളതല്ല, ഇവിടെയുള്ളവര്‍ എന്റെ സ്വകാര്യതകളെ മാനിക്കുന്നുണ്ട്. ബാഴ്‌സലോണ നല്ലൊരു ടൂറിസ്റ്റ് കേന്ദ്രമാണ്, ഈ സീസണില്‍ ഒരുപാട് സന്ദര്‍ശകരുണ്ട്. എന്റേത് വളരെ പ്രസരിപ്പോടെയുള്ള ഒരു ഫാമിലിയാണ്. അതുകൊണ്ട് തന്നെ ഞങ്ങള്‍ ഇവിടെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നു.'' ലെവന്‍ഡോവിസ്‌കി പറയുന്നു.